നിലന്പൂരിൽ മുസ്ലിം ലീഗിൽ ഭിന്നത രൂക്ഷം; വിമത വിഭാഗം യോഗം ചേർന്നു
1597737
Tuesday, October 7, 2025 7:51 AM IST
നിലന്പൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നിലന്പൂരിൽ മുസ്ലിം ലീഗിൽ അപസ്വരങ്ങൾ ഉയരുന്നു.
ഞായറാഴ്ച നിലന്പൂർ യൂണിയൻ ഹോട്ടലിൽ മുനിസിപ്പൽ ലീഗ് ഭാരവാഹികളും പ്രവർത്തകസമിതി അംഗങ്ങളും വാർഡ് ലീഗ് ഭാരവാഹികളും അടക്കം ലീഗിലെ പ്രധാനപ്പെട്ട ഒരു വിഭാഗം യോഗം ചേർന്നു.
നിലവിലുള്ള മുസ്ലിം ലീഗ് കമ്മിറ്റിയുടെ പ്രവർത്തനം മോശമാണെന്നും സ്ഥാനമാനങ്ങൾ പങ്കിടുകയല്ലാതെ പാർട്ടി സംവിധാനം ശക്തിപ്പെടുത്തുന്നില്ലെന്നും പ്രവർത്തകർ മറ്റു പാർട്ടികളിലേക്ക് ചേക്കേറുകയാണെന്നും വിമർശനമുയർന്നു. മുനിസിപ്പൽ കമ്മിറ്റിയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നിവർ അവരുടെ വ്യക്തിപരമായ താൽപര്യങ്ങൾക്ക് സംവിധാനത്തെ ഉപയോഗപ്പെടുത്തുകയാണെന്നും പ്രവർത്തകരെ വിഘടിപ്പിച്ച് ഗ്രൂപ്പിസത്തിന് ആക്കം കൂട്ടുകയാണെന്നും യോഗത്തിൽ വിമർശനം ഉണ്ടായി. 19ന് നിലന്പൂരിൽ മുസ്ലിം ലീഗ് പോഷക സംഘടനാ സംയുക്ത കണ്വൻഷൻ ചേരാനും തീരുമാനിച്ചു.
യോഗം മുനിസിപ്പൽ ലീഗ് ഉപാധ്യക്ഷൻ കബീർ മഠത്തിൽ ഉദ്ഘാടനം ചെയ്തു. അടുക്കത്ത് ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. മുജീബ് ദേവശേരി, ഇ.പി. മുജീബ്, സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകസമിതി അംഗം അൻവർ ഷാഫി ഉദവി, മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം മുൻ ഭാരവാഹി നിയാസ് മുതുകാട,് ബിച്ചുപ്പ ജനതപ്പടി, സാദിഖ്, വാളപ്ര ബാപ്പു, വേട്ടക്കോടൻ ഷൗക്കത്ത്, റിയാസ് ചെന്പൻ, ഫറോസ് എരഞ്ഞിക്കൽ എന്നിവർ സംസാരിച്ചു.
അതേ സമയം ഞായറാഴ്ച നിലന്പൂരിൽ ചേർന്ന മുസ്ലിം ലീഗ് പ്രവർത്തകരുടെ യോഗം നേതൃത്വത്തിന്റെ അറിവോടെയുള്ള യോഗമല്ലെന്ന് മുസ്ലിം ലിഗ് നിലന്പൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പി.ടി. നാണിക്കുട്ടി പറഞ്ഞു.