ജില്ലയിൽ 4,20,139 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകും
1597740
Tuesday, October 7, 2025 7:51 AM IST
മലപ്പുറം: പൾസ് പോളിയോ ദിനമായ 12 ന് മലപ്പുറം ജില്ലയിൽ അഞ്ച് വയസിൽ താഴെയുള്ള 4,20,139 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും. സർക്കാർ ആശുപത്രികൾ, സ്വകാര്യആശുപത്രികൾ, അങ്കണവാടികൾ, ജനകീയാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 3810 ബൂത്തുകൾ ഇതിനായി പ്രവർത്തിക്കും.
കൂടാതെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ 65 കേന്ദ്രങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും പ്രവർത്തിക്കും.
ബൂത്തുകളിൽ എത്താൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാന്പുകളിലും തുള്ളിമരുന്ന് എത്തിക്കാൻ 57 മൊബൈൽ ടീമുകളുമുണ്ടാകും. 12ന് തുള്ളിമരുന്ന് നൽകാൻ സാധിക്കാത്തവർക്ക് ആരോഗ്യ പ്രവർത്തകർ 13, 14 തിയതികളിൽ വീടുകളിലെത്തി വാക്സിൻ നൽകും. ബൂത്തുകളിൽ വോളണ്ടിയർമാരായി തെരഞ്ഞെടുത്ത 7672 പേർക്ക് പരിശീലനം നൽകി വരുന്നുണ്ട്.
ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ ജില്ലാതല കർമസേന യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി. ഷുബിൻ, ആർസിഎച്ച് ഓഫീസർ ഡോ. എൻ.എൻ. പമീലി, വിവിധ വകുപ്പ് പ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.