ബ്ലോക്ക് പഞ്ചായത്ത് വികസനരേഖ പ്രകാശനം ചെയ്തു
1597741
Tuesday, October 7, 2025 7:51 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ 2020-25 വർഷത്തിൽ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ വികസനരേഖയായ ന്ധമുന്നേറ്റം’ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി യുഡിഎഫ് ഏകോപന സമിതി കണ്‍വീനർ അടൂർ പ്രകാശ് എംപിക്ക് കോപ്പി നൽകി പ്രകാശനം ചെയ്തു.
നിലവിലെ ഭരണ സമിതിയുടെ കാലഘട്ടമായ 2020 മുതൽ 2025 വരെയുള്ള വികസന ക്ഷേമ പ്രവർത്തനങ്ങളുടെ പേരും തുകയും വികസന രേഖയിൽ ഉൾകൊള്ളിച്ചിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എട്ടുപഞ്ചായത്തുകളിലായി 17 മെംബർമാരാണ് ഭരണസമിതിയിലുള്ളത്. എല്ലാ പഞ്ചായത്തുകളിലും കാര്യമായ തുക ചെലവഴിക്കുകയും ജനങ്ങൾ ആവശ്യപ്പെട്ട പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.
കേന്ദ്രാവിഷ്കൃത പദ്ധതികളായ പിഎംകഐസ്വൈ, എസ്വിഇപി, ജഐസ്എസ് എന്നി പദ്ധതികൾക്ക് വേണ്ടി ചെലവഴിച്ച തുക കൂടി ചേർക്കുന്പോൾ ചെലവഴിച്ച തുകയും പൂർത്തികരിച്ച പദ്ധതികളുടെ എണ്ണവും സർവകാല റിക്കാർഡ് ആയിരിക്കുമെന്നും ബ്ലോക്ക് പ്രസിഡന്റ് വ്യക്തമാക്കി. യുഡിഎഫ് നേതാക്കളായ പി.എം.എ. സലാം, പി.ടി. അജയ് മോഹൻ, പി. അബ്ദുൾ ഹമീദ് എംഎൽഎ, അഷറഫ് കോക്കൂർ, പി. ഉബൈദുള്ള എംഎൽഎ, അഡ്വ.യു.എ. ലത്തീഫ് എംഎൽഎ, വി.എസ്. ജോയ്, കെ. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജകുന്നം കുലത്ത് തുടങ്ങിയവർ പങ്കെടുത്തു.