ഫാത്തിമ റിദ സർഗപ്രതിഭ
1597738
Tuesday, October 7, 2025 7:51 AM IST
പെരിന്തൽമണ്ണ: പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്കൂളിൽ സമാപിച്ച ജില്ലാ സിബിഎസ്ഇ സർഗോത്സവത്തിൽ പങ്കെടുത്ത മൂന്നിനങ്ങളിൽ രണ്ടിനങ്ങളിൽ ഒന്നാം സ്ഥാനവും ഒരിനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി മികച്ച പ്രകടനവുമായി തിരൂർ ബെഞ്ച് മാർക് സ്കൂളിലെ ഫാത്തിമ റിദ മേളയുടെ താരമായി.
കാറ്റഗറി 3 ചിത്രരചനയിലും ജലഛായത്തിലും ഒന്നാം സ്ഥാനവും ഓയിൽ പെയിന്റിംഗിൽ രണ്ടാം സ്ഥാനവും നേടി 28 പോയിന്റുകൾ നേടിയാണ് റിദ സർഗപ്രതിഭയായത്. തിരൂർ സ്വദേശി പ്രവാസിയായ അബ്ദുൾ റഷീദ് ഓവുങ്ങലിന്റെയും ജമീലയുടെയും മകളാണ് പത്താം ക്ലാസ് വിദ്യാർഥിനിയായ റിദ.
സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ മൂന്നിനങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ഫാത്തിമ റിദയെ സഹോദയ പ്രസിഡന്റ് എം. അബ്ദുൾ നാസർ, ജനറൽ സെക്രട്ടറി എം. ജൗഹർ, ഓർഗനൈസിംഗ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ, ട്രഷറർ പി. ഹരിദാസ്, ജനറൽ കണ്‍വീനറും സഫ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പലുമായ എ. മുഹമ്മദ് മുസ്തഫ എന്നിവർ അഭിനന്ദിച്ചു.