മഞ്ചേരി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം കൊഴുപ്പിക്കാൻ വ്യാപാരികളും
1597389
Monday, October 6, 2025 5:45 AM IST
മഞ്ചേരി: മഞ്ചേരി നഗരസഭ അഹമ്മദ് കുരിക്കൾ സ്മാര ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം കൊഴുപ്പിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതിയും. 13ന് വൈകിട്ട് മൂന്നിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നഗരമധ്യത്തിലെ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യാപാരികളുടെ നേതൃത്വത്തിൽ സെൻട്രൽ ജംഗ്ഷൻ മുതൽ ആശുപത്രിപ്പടി വരെയും നഗരസഭ കാര്യാലയം വരെയും ദീപാലങ്കൃതമാക്കും.
കോൽക്കളി, ദഫ് മുട്ട്, ശിങ്കാരി മേളം, ബാൻഡ് വാദ്യമേളങ്ങളുടെ അകന്പടിയോടെ വർണാഭമായ ഘോഷയാത്രയും നടക്കും. വിളംബര ഘോഷയാത്രയിൽ മുഴുവൻ വ്യാപാരികളെയും അണിനിരത്തും. കരിമരുന്ന് മരുന്ന് പ്രയോഗം നടത്തും. ഉദ്ഘാടന ചടങ്ങിന് ശേഷം സംഗീത നിശയും ഒരുക്കും. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും ലൈറ്റുകളും സ്ഥാപിക്കും.
ഇതുസംബന്ധിച്ച നഗരസഭയിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സണ്‍ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷൻ റഹീം പുതുക്കൊള്ളി, കൗണ്‍സിലർമാരായ മരുന്നൻ മുഹമ്മദ്, ഹുസൈൻ മേച്ചേരി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് നിവിൽ ഇബ്രാഹിം, യൂണിറ്റ് ട്രഷറർ അൽത്താഫ്, ജഐസ്എസ്, ഭാരവാഹികളായ ആൽബർട്ട് കണ്ണന്പുഴ, ഫൈസൽ ചേലാടത്തിൽ, സി.ശരീഫ്, പി.സി. അലി എന്നിവർ സംബന്ധിച്ചു.