അധ്യാപകന് മർദനമേറ്റ സംഭവത്തിൽ തെറ്റ് ചെയ്തവർക്കെതിരേ നടപടിയെടുക്കും
1597387
Monday, October 6, 2025 5:44 AM IST
അങ്ങാടിപ്പുറം: പെരിന്തൽമണ്ണ പോളിടെക്നിക് ഗ്രൗണ്ടിൽ നടന്ന മങ്കട ഉപജില്ലാ ഫുട്ബോൾ മത്സരത്തിനിടെ വിദ്യാർഥികൾ തമ്മിലുള്ള വാഗ്വാദം തീർക്കാൻ ഇടപെട്ട കൊളത്തൂർ സ്കൂളിലെ അധ്യാപകനും വിദ്യാർഥിക്കും മർദനമേറ്റ സംഭവത്തെ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന വിവിധ സ്കൂൾ സമിതികളുടെ സംയുക്ത യോഗം അപലപിച്ചു.
സ്കൂൾ മാനേജ്മെന്റ്, പിടിഎ, ജാഗ്രതാ സമിതി, എസ്എംസി, സ്റ്റാഫ് കൗണ്സിൽ സംയുക്ത യോഗമാണ് പ്രമേയത്തിലൂടെ ഹീനമായ സംഭവങ്ങളെ അപലപിച്ചത്. തെറ്റു ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. വിദ്യാഭ്യാസ വകുപ്പും പോലീസും നിർദേശിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ നൽകാനും തീരുമാനിച്ചു. സ്കൂളിനെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങളെയും യോഗം അപലപിച്ചു.സംഭവം ഉണ്ടായ വെള്ളിയാഴ്ച വിഷയം ചർച്ച ചെയ്യാൻ പിടിഎ എക്സിക്യൂട്ടീവ് യോഗം ചേർന്നിരുന്നു.
പോലീസിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞ കുട്ടികളെയും രക്ഷിതാക്കളെയും ഇന്ന് സ്കൂളിലേക്ക് വിളിച്ചുവരുത്തും. ശിക്ഷാ നടപടികൾ രക്ഷിതാക്കളെ നേരിട്ട് അറിയിക്കും. അടിപിടിയിൽ ഉൾപ്പെട്ട വിദ്യാർഥികളെ തുടർന്നുള്ള എല്ലാ മേളകളിൽ നിന്നും മാറ്റിനിർത്തും. തുടർന്നു നടക്കുന്ന പരിപാടികളിൽ കൂടുതൽ ജാഗ്രത പുലർത്താനും യോഗത്തിൽ തീരുമാനമായി. ഫുട്ബോൾ മത്സരം കഴിഞ്ഞശേഷം കായികാധ്യാപകനും മത്സരത്തിൽ പങ്കെടുത്ത 18 വിദ്യാർഥികളും സ്കൂളിൽ തിരിച്ചെത്തിയിരുന്നു.
വീട്ടിൽ നിന്ന് കളി കാണാൻ പോയ ചിലരാണ് പ്രകോപനത്തിനു മുതിർന്നത്. ഇവർക്കെതിരെയാണ് നടപടിയെടുക്കാൻ യോഗം തീരുമാനിച്ചത്. സ്കൂൾ മാനേജർ ഫാ. ജോർജ് കളപ്പുരക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം അനിൽ പുലിപ്ര, പിടിഎ പ്രസിഡന്റ് സാജു ജോർജ്, പ്രിൻസിപ്പൽ പി.ടി.സുമ, പ്രധാനാധ്യാപകൻ പി.ടി.ബിജു, പാരിഷ് ട്രസ്റ്റി വർഗീസ് പുതുശേരി, പാരിഷ് സെക്രട്ടറി മനോജ് വീട്ടുവേലിക്കുന്നേൽ,
സ്റ്റാഫ് സെക്രട്ടറി ജയ മാത്യു, പിടിഎ വൈസ് പ്രസിഡന്റ് എ.വി.റഷീദ്, ജാഗ്രതാസമിതി പ്രസിഡന്റ് പി.സൽമാൻ ഫാരിസ്, വൈസ് പ്രസിഡന്റ് സ്വപ്ന ജോസഫ്, എസ്എസി ചെയർമാൻ ജോയ്സി വാലോലിക്കൽ, അമീർ പാതാരി, കെ.ടി.ജബ്ബാർ, അനിൽ പുതുപ്പറന്പിൽ, റോയി തോയക്കുളം, ജോർജ് ജേക്കബ്, മനോജ് കെ.പോൾ, സേവ്യർ എം.ജോസഫ് എന്നിർ സംസാരിച്ചു.