തോട്ടിൽ വീണയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
1586270
Sunday, August 24, 2025 7:02 AM IST
മെഡിക്കല്‍കോളജ്: ആമയിഴഞ്ചാന്‍ തോട്ടില്‍ വീണയാളെ തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്നു ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തി.
കിഴക്കേക്കോട്ട സ്വദേശി നാസര്‍ (54) ആണ് തോട്ടില്‍ വീണത്. വെള്ളിയാഴ്ച രാത്രി 11നാണ് സംഭവം. ഫോര്‍ട്ട് സ്റ്റേഷന് പരിധിയില്‍ സെന്‍ട്രല്‍ തീയേറ്ററിന് സമീപം തോട് ഒഴുകുന്ന ഭാഗത്താണ് ഇയാള്‍ തോട്ടിലേക്കു വീണത്. നാസറിനൊപ്പം ഒരാള്‍കൂടി ഉണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് നാസറിനെ സഹായിക്കാൻ കഴിഞ്ഞില്ല.
പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ ജസ്റ്റിനാണ് ഏണി ചാണി തോട്ടിലിറങ്ങി കഴുത്തിനു മുകളില്‍ മാത്രം പുറത്തുകാണാവുന്ന നിലയില്‍ വെള്ളത്തില്‍ കിടന്ന നാസറിനെ രക്ഷപ്പെടുത്തിയത്.
വെള്ളത്തില്‍ നിന്നു നാസറിനെ ഉയര്‍ത്തിയശേഷം കൂട ഉപയോഗിച്ച് അതിനുള്ളിലാക്കി വലിച്ച് കരയിലേക്ക് കയറ്റുകയായിരുന്നു. അര്‍ധബോധാവസ്ഥയിലായിരുന്ന നാസറിനെ പോലീസ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നല്കി.