സിവിൽ സപ്ലൈസ് ഗോഡൗണില്‍ നിന്നും റേഷനരി കടത്തിയ സംഭവം: ഒരാള്‍ അറസ്റ്റില്‍
1586034
Saturday, August 23, 2025 6:51 AM IST
വെഞ്ഞാറമൂട്: സിവിൽ സപ്ലൈസ് ഗോഡൗില്നിന്നും റേഷന്‍ അരി കടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വെഞ്ഞാറമൂട് ചന്തയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന സിവിൽ സപ്ലൈസ് ഗോഡൗണിലെ സീനിയര്‍ അസിസ്റ്റന്റ് പേരൂര്‍ക്കട സ്വദേശി ധര്‍മ്മേന്ദ്രയാണ്(50)അറസ്റ്റിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
അന്നേ ദിവസം രാവിലെ 10.30യോടെ ഗോഡൗണില്‍ നിന്നും അരി കയറ്റിയ ഒരു മിനി ലോറി ഗോഡൗണില്‍ നിന്നും പുറത്തിറങ്ങുന്നത് തൊഴിലാളികളുടെ ശ്രദ്ധയില്‍ പെടുകയും സംശയം തോന്നിയ അവര്‍ വാഹനം തടഞ്ഞിട്ട ശേഷം വെഞ്ഞാറമൂട് പോലീസില്‍ അറിയിക്കുകയും ചെയ്തു.
തുടര്‍ന്നു പോലീസെത്തി സിവിൽ സപ്ലൈസ് അധികൃതരെ വിവരമറിയിക്കുകയും അവര്‍ എത്തി വാഹനത്തിലുള്ളത് റേഷന്‍ അരിയാണന്ന് സ്ഥിരീകരിക്കുകയും ചെയ്ത ശേഷം വെഞ്ഞാറമൂട് പോലീസില്‍ പരാതി നൽകുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വാഹനം അരി സഹിതം സ്റ്റേഷനിലേക്ക് മാറ്റുകയും ജീവനക്കാരായ രണ്ടു പേര്‍ക്കും ലോറി ഡൈവര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തു.
ഇതിനിടയില്‍തന്നെ ജീവനക്കാരായ രണ്ടുപേരും ലോറി ഡ്രൈവറും സ്ഥലത്തു നിന്നും രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ധര്‍മ്മേന്ദ്രയെ തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്. വെഞ്ഞാറമൂട് പോലീസ് എസ്എച്ച്ഒ ആസാദ് അബ്ദുല്‍ കലാം, എസ്ഐമാരായ ഷാന്‍, സജിത്ത്, സീനിയര്‍ സിവിൽ പോലീസ് ഓഫീസര്‍മാരായ ശ്രീകാന്ത്, ഷിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി. കേസിലെ മറ്റു രണ്ട് പ്രതികളെ കുറിച്ച് അന്വേഷിച്ചു വരികയാണന്നും പോലീസ് പറഞ്ഞു.