വിസ തട്ടിപ്പ്: തൃശൂർ സ്വദേശി പിടിയിൽ
1586269
Sunday, August 24, 2025 7:02 AM IST
കഴക്കൂട്ടം : വിസിറ്റിംഗ് വിസ നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയിൽ നിന്ന് 6 ലക്ഷം രൂപ തട്ടിയെടുത്ത തൃശൂർ സ്വദേശി ജിൻസ്.എസ്.സജിയെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു.
കഴക്കൂട്ടം മേനംകുളം സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യോലോ ട്രിപ്പ് എന്ന സ്ഥാപനത്തിന്റെ ഉടമയായ ജിൻസ് പലതവണയായി ഇറ്റലിയിലേക്ക് വിസിറ്റിംഗ് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് യുവതിയിൽ നിന്ന് 6 ലക്ഷം രൂപ തട്ടിയെടുത്തത്.
ജൂലൈ 12ന് ആദ്യം അമ്പതിനായിരം രൂപയും അതേ മാസം തന്നെ 250,000 രൂപയും നൽകി. തുടർന്ന് വിസിറ്റിംഗ് വിസയുടെ വ്യാജ കോപ്പി അയച്ചു നൽകി വിശ്വസിപ്പിച്ച ഇയാൾ പിന്നീട് യുവതിയിൽ നിന്ന് മൂന്നുലക്ഷം രൂപ കൂടി തട്ടിയെടുക്കുകയായിരുന്നു.