അയിരുപ്പാറ ശങ്കരൻ വധം: പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
1586246
Sunday, August 24, 2025 6:49 AM IST
തിരുവനന്തപുരം: ഉത്രാട ദിവസം രാത്രിയിൽ അയിരുപ്പാറ ജംഗ്ഷനിൽ വച്ച് സിഐടിയു പ്രവർത്തകനായ ശങ്കരൻ എന്ന രാജേന്ദ്രനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഉളിയാഴ്ത്തുറ വില്ലേജിൽ അരുവിക്കര കോണം ചിറ്റൂർ പൊയ്ക വീട്ടിൽ കുട്ടൻ എന്ന സുനിലി (48) നെ ആണു ശിക്ഷിച്ചത്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് ജഡ്ജി വി. അനസിന്റേതാണ് ഉത്തരവ്.
2003 സെപ്റ്റംബർ എട്ടിനാണ് സംഭവം. അയിരൂപ്പാറ ജംഗ്ഷനിൽ സ്ഥിരമായി പ്രശ്നങ്ങൾ സൃഷ്ടിക്കാറുള്ള പ്രതിയെ മരണപ്പെട്ട ശങ്കരൻ ഒരു വർഷം മുൻപ് ഉപദ്രവിച്ചതിലുള്ള വിരോധത്താൽ ഉത്രാട ദിവസം രാത്രി അയിരൂപ്പാറ ജംഗ്ഷനിലുള്ള പഞ്ചായത്ത് കിണറിനു സമീപം വച്ചു പ്രതി വാളു കൊണ്ട ് കഴുത്തിൽ വെട്ടി കൊലപ്പെടുത്തിയെന്നാണു കേസ്.
പോത്തൻകോട്, കഴക്കൂട്ടം പോലീസ് സ്റ്റേഷനുകളിൽ പതിനേഴോളം കേസുകളിൽ പ്രതിയാണ് ശിക്ഷിക്കപ്പട്ട പ്രതി. ഈ കേസിൽ നേരത്തെ ജാമ്യമെടുത്ത് ഒളിവിൽ പോയ പ്രതിയെ പോലീസ് ഈ വർഷമാണു പിടികൂടിയത്. ഈ കേസിൽ രണ്ട ു മുതൽ അഞ്ചുവരെ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ നേരത്തെ വെറുതേ വിട്ടിരുന്നു. പ്രോസിക്യൂഷന് വേണ്ട ി പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി.