ദുബായില്‍ നിന്നും എത്തിയ യുവാവിനെ മർദിച്ചു: പ്രതികൾ റിമാൻഡിൽ
1586244
Sunday, August 24, 2025 6:49 AM IST
മർദിച്ചത് സ്വർണം ഉണ്ടെന്ന് തെറ്റിദ്ധരിച്ച്
വലിയതുറ: ദുബായില്‍ നിന്നും എത്തിയ യുവാവിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലിനുമുന്നില്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ ക്രൂര മര്‍ദനം. സംഭവവുമായി ബന്ധപ്പെട്ട് സംഘത്തിലുണ്ടായിരുന്ന വളളക്കടവ് സ്വദേശികളായ നാലുപേരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു.
സനീര്‍ (39) , സിയാദ് (24) , മാഹീന് (34) , ഹക്കിം (31) എന്നിവരാണ് പിടിയിലായത്. യുവാവിന്റെ പക്കല്‍ സ്വര്‍ണം ഉണ്ടെന്ന് തെറ്റിദ്ധരിച്ചാണ് സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിലെ നാലുപേര്‍ ചേര്‍ന്ന് മര്‍ദിച്ചവശനാക്കിയത്. സ്വര്‍ണം കിട്ടാത്തതിനെത്തുടര്‍ന്ന് സംഘം യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബബെല് ഫോണ്‍ തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. യുവാവിനെ മര്‍ദിക്കുന്നതുകണ്ട് ഒപ്പമുണ്ടായിരുന്ന ഓയൂര്‍ സ്വദേശിനി ഓടി രക്ഷപ്പെടുകയായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ 3.10 ഓടെ ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ തൃശൂര്‍ മുല്ലശ്ശേരി എലവളളി ചേവാക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിനൂപിനാണ് മർദനമേറ്റത്.
എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി 3.40 ന് പുറത്തിറങ്ങിയ വിനൂപിനെ ടെര്‍മിനലിലെ പാര്‍ക്കിങ് ഏരിയയിലായിരുന്നു സംഘം തടഞ്ഞുവെച്ച് മര്‍ദിച്ചത്. ദുബായില്‍ നിന്നും തന്നയച്ച സ്വര്‍ണം തരാന്‍ ആവശ്യപ്പെട്ടു. തന്റെ പക്കല്‍ സ്വര്‍ണമില്ലെന്ന് അറിയിച്ചതോടെ ഇവര്‍ വിനൂപിനെ മര്‍ദിക്കുകയായിരുന്നു.
സ്വര്‍ണം കിട്ടാതെ വന്നതോടെയാണ് സംഘം വിനൂപിന്റെ കൈവശമുണ്ടായിരുന്ന 30, 000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് രക്ഷപ്പെട്ടത്. സംഭവത്തിനു ശേഷം വിനൂപ് വിമാനത്താവളത്തിനു പുറത്തുളള പോലീസ് എയ്ഡ്പോസ്റ്റില്‍ വിവരമറിയിച്ചു. തുടര്‍ന്ന് വലിയതുറ പോലീസ് സംഘം സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ നാലുപേരെ പിടികൂടികയായിരുന്നു.
പ്രതികളില്‍ മാഹീനും ഹക്കിമും മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം വിമാനത്താവള പരിസരത്തുനിന്നും ഉമര്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.