ജീവനൊടുക്കാൻ പോയി; കണ്ടെത്തിയത് ജീവദായിനി
1586243
Sunday, August 24, 2025 6:49 AM IST
കോട്ടൂർ സുനിൽ
കോട്ടൂർ : 2002ൽ ജോഹന്നാസ് ബർഗിൽ നടക്കുന്ന ഭൗമ ഉച്ചക്കോടി. ചടങ്ങിനെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജീൻക്രിട്ടിനെ കണ്ടപ്പോൾ ഇങ്ങ് അഗസ്ത്യവനത്തിലെ ഉൾക്കാട്ടിൽ നിന്നും വന്ന കുട്ടിമാത്തൻ എന്ന ആദിവാസി പറഞ്ഞു- ""ഞാൻ കേരളത്തിൽ നിന്നും വന്ന കുട്ടിമാത്തൻ കാണി അങ്ങയെ സ്വാഗതം ചെയ്യുന്നു.'' കനേഡിയൻ പ്രധാനമന്ത്രി കുട്ടിമാത്തൻ കാണിയെ ആലിംഗനം ചെയ്തപ്പോൾ സദസിൽ നിന്നും കനത്ത കരഘോഷം ഉയർന്നു.
ആരോഗ്യപച്ച എന്ന അത്ഭുത പച്ചമരുന്ന ലോകത്തിന് സമ്മാനിച്ച കുട്ടിമാത്തൻ കാണി ഇനി ഓർമയിൽ മാത്രം. ലോകത്തിന് വിലപ്പെട്ട സമ്മാനം നൽകിയെങ്കിലും കുട്ടിമാത്തൻ കാണിക്ക് എന്നും പട്ടിണി തന്നയായിരുന്നു ശരണം. ഒടുവിൽ രോഗബാധിതനായി മരണവും. ആദിവാസികളിൽ നിന്നും ആദ്യമായി ഭൗമ ഉച്ചക്കോടിയിൽ പങ്കെടുത്ത ആൾ എന്ന നിലയിൽ കിട്ടിയ പ്രശസ്തി തന്റെ പട്ടിണി മാറ്റുന്നില്ല എന്ന വേദനയിലായിരുന്നു ഈ കാണിക്കാരൻ.
കൊടും പട്ടിണിയുടെ കാലത്ത് കാട്ടിൽ വനവിഭവങ്ങൾ ഒന്നും കിട്ടാതായപ്പോൾ അഗസ്ത്യവനത്തിലെ ചോനം പാറ സെറ്റിൽമെന്റിലെ കുട്ടിമാത്തൻ കാണി എന്ന ആദിവാസി യുവാവ് ഒരു തീരുമാനമെടുത്തു-മരിക്കുക. വീട്ടിൽ ആരേയും അറിയിക്കാതെ ഉൾവനത്തിലേക്ക് പോയി. ആത്മഹത്യ ചെയ്യാനായി കൈതോട് വനത്തിലെ പാറപ്പടവിൽ കയറി. കാട്ടുദൈവങ്ങളെ പ്രാർത്ഥിച്ച് കാണിക്കാർ ചാത്താൻകിളങ്ക് എന്ന് വിളിക്കാറുള്ള ചെടിയുടെ ഇലയും അതിന്റെ കായും കഴിച്ച് പാറപ്പുറത്ത് കിടന്നു.
സമയം നീണ്ടുപോയിട്ടും മരണം എത്തിയില്ല. അരമണിക്കൂർ കഴിഞ്ഞപ്പോൾ മരണം പ്രതീക്ഷിച്ചുകിടന്ന കുട്ടിമാത്തന് ഒരു ഉന്മേഷം. കാലുകൾക്കും കൈകൾക്കും ഉണർവ്. ചാടിയെണീറ്റ മല്ലന് വിശ്വസിക്കാനായില്ല. ചാവാൻ കഴിച്ച ചാത്താൻ കിളങ്ക് പുതിയ ഉന്മേഷം നൽകുക. താമസിയാതെ ഈ വിവരം ഊരിൽ പരന്നു. അങ്ങിനെ ചാത്താൻ കിളങ്ക് പുതിയ താരമായി മാറി. മരണവിഷമായി കണ്ട ഈ ചാത്താൻ കിഴങ്ങ് പിന്നീട് ലോകപ്പെരുമ നേടിയതും അത് ഊർജ ദായനി ആയതും ചരിത്രം.
1987 ൽ കാട്ടിൽ പഠനത്തിന് വന്ന അന്നത്തെ പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ( ഇന്ന് നെഹ്രു ബൊട്ടാണിക്കൽ ഗാർഡൻ) ശാസ്ത്രജ്ഞർ ഇടയ്ക്ക് വിശ്രമിക്കാനായി ഇരുന്നപ്പോഴാണ് കാണിക്കാർ അവിടെ കാണപ്പെടുന്ന ചെടിയുടെ ഇലയും കായും കഴിക്കുന്നത് കണ്ടത്. വിശപ്പടക്കാനും തളർച്ച മാറ്റാനും ആദിവാസികൾ ഉപയോഗിച്ച് വന്നിരുന്ന സസ്യത്തെ ശാസ്ത്രജ്ഞർപറിച്ചെടുക്കുകയും 8 വർഷത്തെ പരീക്ഷണത്തിനുശേഷം അതിൽ നിന്ന് ജീവനി എന്ന ഔഷധം നിർമിക്കുകയും ചെയ്തു.
പ്രതിരോധശക്തി വർധിപ്പിച്ച് രക്ത അളവുകൂട്ടാനാണ് ജീവനി ഉപയോഗിച്ചിരുന്നത്. ഇതിനിടെ ആരോഗ്യപച്ച ആഗോളപ്രശസ്തി നേടുകയും കാണിക്കാരെ ശാസ്ത്രസമൂഹം അംഗീകരിക്കുകയും ചെയ്തു.
കോയമ്പത്തൂർ ആര്യവൈദ്യഫാർമസിയ്ക്ക് സാങ്കേതികവിദ്യ കൈമാറ്റം നടത്തി . 10 ലക്ഷം രൂപയ്ക്കാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫാർമസിയ്ക്ക് കൈമാറ്റം നടത്തിയത്. റോയൽറ്റി ഇനത്തിൽ വിറ്റുവരവിന്റെ രണ്ടു ശതമാനത്തിന്റെ പകുതി കാണിക്കാർക്ക് നൽകാനും ചട്ടമുണ്ടാക്കി. കാണിക്കാർ ഒരു ട്രസ്റ്റ് ഉണ്ടാക്കി ആരോഗ്യപച്ച ക്യഷി ചെയ്യാൻ വൻ പദ്ധതിയാണ് തയ്യാറാക്കിയത്. ഇതിനിടെ ടെക്സാസിലെ കോട്ടൻ വൈറ്റ് ക്ലിനിക്ക് ആൻഡ്് ഹോസ്പിറ്റിലെ ന്യൂറോളജി ഡിപ്പാർട്ടുമെന്റിലേയും ടെക്സാസിലെ ഹെൽത്ത് സയൻസ് സെന്ററിലേയും ശാസ്ത്രജ്ഞർ കോശങ്ങളിൽ അടിയുന്ന അഴുക്കുകളെ മാറ്റാൻ ഈ സസ്യത്തിന് കഴിയുമെന്ന് കണ്ടെത്തിയതും ആരോഗ്യപച്ചയുടെ പ്രശസ്തി വർധിപ്പിക്കാൻ ഇടയാക്കി.
സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ മുകളിൽ മാത്രം വളരുന്ന ഈ സസ്യത്തെ കാട്ടിനകത്തേ വളർത്താനാകൂ. ഇലകൾ വേണ്ടത്ര ലഭ്യമല്ലാത്ത അവസ്ഥ വരെ വന്നു. അതിനിടെ സസ്യത്തെ കാട്ടി കൊടുത്ത കുട്ടിമാത്തൻ ഉൾപ്പടെയുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക ജോലിയും നൽകി. അതിനിടെ പുതുക്കിയ കരാറിനായി ഫാർമസി വീണ്ടും സർക്കാരിനെ സമീപിച്ചു. എന്നാൽ ഫാർമസിയ്ക്ക് കരാർ നൽകിയില്ല. പകരം സർക്കാർ സ്ഥാപനമായ ഔഷധിയ്ക്ക് കരാർ നൽകി.
കൃഷി നടത്താനുള്ള നടപടികളൊന്നും സജീവമാകാത്തതോടെ കാണിക്കാർ പതിയെ കൃഷി ഉപേക്ഷിച്ചു തുടങ്ങി. ജീവനി എന്ന ഔഷധം പോലും നിർമിക്കുന്നത് നിറുത്തി. അങ്ങിനെ ആഗോളപ്രശസ്തി നേടിയ ആരോഗ്യപച്ചയ്ക്ക് തളർവാതവും വന്നു. ഇതിനിടെ കുട്ടിമാത്തനെ ജോലിയിൽ നിന്നും പിരിച്ചു വിടുകയും ചെയ്തു. ജോലി നഷ്ടപ്പെട്ടതോടെ കുട്ടിമാത്തന്റെ ജീവിതവും തകർന്നു. സദാ ചോർന്നൊലിക്കുന്ന വീട്ടിൽ തന്റെ പഴയ ഓർമകൾ അയവിറക്കി ജീവിതം തള്ളി നീക്കിയപ്പോഴാണ് അർബുദം ബാധിക്കുന്നതും ഇന്നലെ മരണം സംഭവിച്ചതും.