പ്രതിപക്ഷ നേതാവിനെതിരേ സര്‍വീസ് സംഘടനകളുടേത് ആഭാസ സമരമെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍
1586032
Saturday, August 23, 2025 6:51 AM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ മാര്‍ക്സിസ്റ്റ് വിലാസം സര്‍വീസ് സംഘടനകള്‍ നടത്തുന്നത് ആഭാസ സമരമാണെന്ന് സെക്രട്ടേറിയറ്റ് ആക് ഷന് കൗണ്‍സില്‍ കണ്‍വീനര്‍ എം.എസ് ഇര്‍ഷാദ്.
ജീവനക്കാരെ ആക്ഷേപിക്കുന്ന പരാമര്‍ശങ്ങളൊന്നും പ്രതിപക്ഷ നേതാവിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.സര്‍ക്കാര്‍ ഓഫീസുകളില്‍ എത്ര പേരെപ്പറ്റി പരാതിയുണ്ടെന്നും അതില്‍ പലരുടെയും പേര് തനിക്കറിയാമെന്നും പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞതില്‍ എന്താക്ഷേപമാണുള്ളത്. സര്‍ക്കാര്‍ ഓഫീസില്‍ സഹപ്രവര്‍ത്തകരോട് മോശമായി പെരുമാറുന്ന ജീവനക്കാരില്ലേയെന്ന ചോദ്യം എങ്ങനെയാണ് ജീവനക്കാരെ അധിക്ഷേപിക്കുന്നതാകുന്നത്.
എല്ലാ സര്‍ക്കാര്‍ ഓഫീസിലും ഇത്തരം പരാതിയുണ്ടെന്നതു വസ്തുതയാണ്. സെക്രട്ടേറിയറ്റിലടക്കം ഇത്തരം പരാതിയുണ്ട്. ജീവനക്കാരുടെ താല്പര്യങ്ങളും അവകാശങ്ങളും അനുകൂലിക്കുന്നവരേയും തിരസ്കരിക്കുന്നവരെയും ജീവനക്കാര്‍ക്ക് നന്നായി തിരിച്ചറിയാം.
ജീവനക്കാരുടെ അതിജീവന പോരാട്ടത്തിന് ശക്തമായ പിന്തുണ നല്‍കുകയും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മുഴുവന്‍ അനുവദിക്കുമെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകളില്‍ ജീവനക്കാര്‍ക്ക് വിശ്വാസമുണ്ട്. കുപ്രചരണം നടത്തി വിശ്വാസ്യത തകര്‍ക്കാമെന്ന സിപിഎം മോഹം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.