ലേലം ചെയ്യാൻ തീരുമാനിച്ച വീട്ടിൽ താമസം തുടങ്ങി കുടുംബം: തത്കാലം നടപടി വേണ്ടെന്ന് ബാങ്ക്
1586245
Sunday, August 24, 2025 6:49 AM IST
പേരൂര്‍ക്കട: ലേല നടപടികള്‍ക്കായി ബാങ്ക് തീരുമാനിച്ചിരുന്ന വീട്ടില്‍ വീട്ടമ്മയും കുടുംബവും താമസം ആരംഭിച്ചു. അതേസമയം തല്ക്കാലം നടപടി വേണ്ട എന്ന നിലപാടിലാണ് ബാങ്ക് അധികൃതര്‍. വാഴോട്ടുകോണം മൂന്നാംമൂട് മഞ്ചംപാറ ആനി ഭവനില്‍ സൂസി ജോര്‍ജ് ആണ് സ്വന്തം വീട്ടില്‍ കുടുംബത്തിനൊപ്പം വര്‍ഷങ്ങള്‍ക്കുശേഷം താമസം തുടങ്ങിയത്.
2014ല്‍ സൂസി ജോര്‍ജ് വട്ടിയൂര്‍ക്കാവ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നു 9.5 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. 10 വര്‍ഷംകൊണ്ട് പണം തിരിച്ചടയ്ക്കണമെന്നതായിരുന്നു വ്യവസ്ഥ. എന്നാല്‍ കോവിഡ് കാലത്ത് തവണയില്‍ മുടക്കം വരികയുണ്ടായി. മൊത്തം 14 ലക്ഷം രൂപയാണ് വീട്ടമ്മയ്ക്കു ബാങ്കില്‍ അടയ്ക്കാന്‍ സാധിച്ചത്.
മുഴുവന്‍ തുകയും അടച്ചുതീര്‍ക്കാതെ വന്നതോടെ രണ്ടരവര്‍ഷത്തിനു മുമ്പ് ബാങ്ക് അധികൃതര്‍ ജപ്തിനോട്ടീസ് പതിച്ചു. ഇതിനെത്തുടര്‍ന്ന് ബന്ധുവീടുകളിലാണ് സൂസിയും ഭര്‍ത്താവും മകളും താമസിച്ചുവന്നിരുന്നത്. അതിനിടെ മുതലും പലിശയും ലഭിക്കാതെ വന്നതോടെ ബാങ്ക് ലേല നടപടികളിലേക്കു നീങ്ങി.
ഇതിനിടെയാണ് സൂസി കുടുംബത്തോടൊപ്പം കഴിഞ്ഞദിവസം വീട്ടില്‍ താമസം ആരംഭിച്ചത്. ബാങ്ക് അധികൃതര്‍ തടസവുമായി എത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന നിലപാടിലായിരുന്നു ഇവർ. വിവരമറിഞ്ഞ ബാങ്ക് അധികൃതര്‍ 15 ദിവസത്തേക്ക് നടപടിയെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ്. അതേസമയം ബാങ്കുമായി ഒത്തുതീർപ്പിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.