വനംവകുപ്പ് കാമറകൾ സ്ഥാപിച്ചു
1585766
Friday, August 22, 2025 7:05 AM IST
പാലോട്: പെരിങ്ങമ്മല വെങ്കിട്ടയിൽ പുലി പോത്തിനെ കൊന്ന സംഭവവുമായി ബന്ധപ്പെട്ടു വനം വകുപ്പ് കാമറകൾ സ്ഥാപിച്ചു. വെങ്കട്ട മുട്ടിലാണു രണ്ടു കാമറകൾ സ്ഥാപിച്ചത്. പുലിയുടെ ദൃശ്യം കാമറയിൽ പതിഞ്ഞാൽ കൂടുവച്ചു പിടികൂടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നു വനം വകുപ്പ് അറിയിച്ചു.
എന്നാൽ പുലിയുടെ ഭീതി നിലനിൽക്കുന്ന ആദിച്ച കോണിൽ കാമറ സ്ഥാപിക്കാത്തതിനെതിരെ ആദിവാസികൾ പ്രതിഷേധിച്ചു.
ഇതിനിടെ പെരിങ്ങമല കലയപുരം ഡീസന്റ്മുക്കിനു സമീപം പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. ടാപ്പിംഗ് തൊഴിലാളികളാണ് കണ്ടത്. വഴിയിൽ രക്തക്കറകൾ ഉണ്ടായിരുന്നതായും ഏതോ ജീവിയെ പിടിച്ചതാണെന്നും നാട്ടുകാർ പറയുന്നു . അധികൃതർ രക്തക്കറയുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡി കെ മുരളി എംഎൽഎ സ്ഥലം സന്ദർശിച്ചിരുന്നു.