എൽസാ-3 കപ്പൽ കടലിൽമുങ്ങിയ സംഭവം : മാലിന്യനീക്കത്തിന് ഇഷ്ടക്കാരെ നിയോഗിക്കുന്നുവെന്ന് ആക്ഷേപം
1586033
Saturday, August 23, 2025 6:51 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: കണ്ടെയ്നർ കപ്പലായ എംഎസ്സി എൽസാ-3 യിൽ നിന്ന് കരക്കടിയുന്ന പ്ലാസ്റ്റിക് പെല്ലറ്റുകൾ മറ്റുന്നതിലും ഇഷ്ടക്കാരെ നിയോഗിക്കുന്നതായി ആക്ഷേപം. പരാതിയുമായി പൂവാർ പഞ്ചായത്തിലെ അയൽക്കൂട്ടം അംഗങ്ങൾ പരസ്യമായി രംഗത്തിറങ്ങി പ്രതിഷേധമറിയിച്ചു.
രാവിലെ എട്ടു മുതൽ വൈകുന്നേരം മൂന്നു വരെയുള്ള മാലിന്യനീക്കത്തിന് ആയിരം രൂപ ശമ്പളവും ചെലവും എന്നുള്ള ആകർഷണിയ തൊഴിലാണ് കുടുംബശ്രീകൾ അയൽക്കൂട്ടം യൂണിറ്റുകളിലെ ഇഷ്ടപ്പെട്ടവർക്ക് നൽകുന്നതായി പരാതി ഉയർന്നിരിക്കുന്നത്.
മാസങ്ങളായി തുടരുന്ന പ്ലാസ്റ്റിക് മാലിന്യനീക്കം അവസാനമില്ലാതെ തുടരുമ്പോൾ വഴക്കടിയുടെ ആഴവും കൂടുന്നതായാണറിവ്. തീരദേശത്തെപൂവാർ പഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സനും സിഡിഎസ് അംഗങ്ങൾക്കുമെതിരേ ആരോപണങ്ങളുമായി അയൽക്കൂട്ടം യൂണിറ്റുകൾ തന്നെ രംഗത്തെത്തിയിരിക്കുകയാ ണ്. സമീപ പഞ്ചായത്തുകളായ കുളത്തൂർ, കരിംകുളം, കോട്ടുകാൽ കോർപ്പറേഷൻ ഡിവിഷനുകളിലും പരാതികൾ ഉയർന്നെങ്കിലും ആരും അധികൃതരെ സമീപിച്ചില്ലെന്നാണറിവ്.
സർക്കാർ മാനദണ്ഡങ്ങൾ മറിക്കടന്നു വേണ്ടപ്പെട്ട അംഗങ്ങൾക്കു തുടർച്ചയായി 45 ദിവസംവരെ ജോലി നൽകിയതിനെതിരേയാണു പൂവാറിൽ അയൽക്കൂട്ടങ്ങളിലെ ഒരു വിഭാഗം പരാതിയുമായി പഞ്ചായത്ത് അധികൃതരെ സമീപിച്ചത്.
ജില്ലയിലെ കടൽ തീരങ്ങളിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്ക് പെല്ലറ്റുകൾ നീക്കം ചെയ്യുന്നതിന് ഫയർഫോഴ്സിലെ സിവിൽ ഡിഫൻസ് പ്രവർത്തകർക്കൊപ്പംകുടുംബശ്രീ പ്രവർത്തകരെ കൂടി ഉൾപ്പെടുത്തി ക്ലീനിംഗ് നടപടി പൂർത്തിയാക്കാനാണ് ദുരന്ത നിവാരണ അഥോറിറ്റി നേരത്തെ ഉത്തരവ് ഇറക്കിയത്.
തുടക്കത്തിൽ മേഖലയിലെ ഫയർ ഫോഴ്സ് അധികൃതർക്കായിരുന്നു കുടുംബശ്രീക്കാരെ നിയോഗിക്കാനുള്ള ചുമതല. എന്നാൽ ജോലി ആവശ്യവുമായി എത്തിയവരുടെ എണ്ണക്കൂടുതലും തർക്കവും തുടങ്ങിയതോടെ അവർ കൈയൊഴിയുകയായിരുന്നു. അതോടെ കുടുംബശ്രീക്കാരുടെ ചുമതല വീണ്ടും പഞ്ചായത്തിന്റെ കീഴിലേക്കുതന്നെ മാറി.
നേരത്തെ ഉയർന്നപരാതികൾ പരിഹരിക്കാൻ ദുരന്തനിവാരണ വിഭാഗം പുതിയ സർക്കുലർ ഇറക്കി. 40 അംഗങ്ങളെ ഉൾപ്പെടുത്തികൊണ്ട് ഒരു ടീമിനു തുടർച്ചയായി പരാമാവധി അഞ്ചു ദിവസത്തെ തൊഴിൽ ലഭിക്കും. എന്നാൽ അതും അട്ടിമറിക്കപ്പെട്ടതായാണ് ആരോപണം. 250-ഓളം അയൽകൂട്ടങ്ങളുള്ള പൂവാർ പഞ്ചായത്തിൽഅഞ്ചു ദിവസത്തിലധികം ജോലി ലഭിക്കാത്ത അയൽക്കൂട്ടങ്ങളാണു പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചത്.
ഇക്കാര്യത്തിൽ സുതാര്യത ഉറപ്പ് വരുത്താൻ 2023-24 വർഷത്തെ ഓഡിറ്റ് പൂർത്തിയാക്കി അഫിലയേഷൻ നേടിയിട്ടുള്ളതോ, രൂപികരിച്ച് അഫിലിയേഷൻ ആയ അയൽക്കൂട്ട അംഗങ്ങളെ മാത്രം പ്രവർത്തനത്തിനു നിയോഗിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ അർഹതയുള്ള അയൽകൂട്ടം യൂണിറ്റുകളെ ഒഴിവാക്കി ചെയർപേഴ്സനും സിഡിഎസ് അംഗങ്ങൾക്കും താൽപര്യമുള്ള യൂണിറ്റ് അംഗങ്ങളെ തിരുകികയറ്റി ജോലി നേടിയതായാണ് ഒരു വിഭാഗം അംഗങ്ങൾ ആരോപണം.
സംഭവം വിവാദമായതോടെ ജോലി ചെയ്തവരുടെ പേരു വിവരമടങ്ങിയ രജിസ്റ്റർ ബുക്ക് വലിച്ചു കീറി തെളിവു നശിപ്പിച്ചതായും പറയപ്പെടുന്നു. രജിസ്റ്റർ നശിപ്പിച്ചതിനെതിരേ പൂവാർ പഞ്ചായത്ത് കുടുംബശ്രീ അസിഡന്റ് സെക്രട്ടറി കുടുംബശ്രീ ജില്ലാ മിഷനു പരാതി നൽകിയതായും അറിയുന്നു.