പോലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാളെ പിടികൂടി
1586252
Sunday, August 24, 2025 6:49 AM IST
മെഡിക്കല്‍കോളജ്: വാഹനപാര്‍ക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാളെ പിടികൂടി.
കല്ലമ്പള്ളി ചേന്തി റസിഡൻസ് അസോസിയേഷന് ഹൗസ് നമ്പര്‍ 100 എഫ് ഐശ്വര്യ ഭവനില്‍ സജീവ് (45) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 10 നാണ് വലിയതുറ സ്റ്റേഷനിലെ സിവില്‍പോലീസ് ഓഫീസറായ ഉള്ളൂര്‍ പമ്പ്ഹൗസിന് പിറകുവശം വയലരികം മുറിയില്‍ മനുവിനെ (38) പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചത്.
തന്റെ വീടിനു മുന്നില്‍ സജീവ് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് എടുത്തുമാറ്റാന്‍ മനു ആവശ്യപ്പെട്ടതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കം തുടങ്ങിയത്. പ്രകോപിതനായ പ്രതി അരയില്‍ തിരുകിയിരുന്ന കത്തിയെടുത്ത് മനുവിന്റെ നെഞ്ചിലും കഴുത്തിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
മനുവിനെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്വേഷണത്തില്‍ പ്രതി സജീവാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇയാളെ പാറോട്ടുകോണത്തെ സുഹൃത്തിന്റെ വീട്ടില്‍നിന്നു മെഡിക്കൽ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തത്.
എറണാകുളം നോര്‍ത്ത്, മണ്ണന്തല, തിരുവനന്തപുരം മെഡിക്കല്‍കോളജ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ് സജീവ്. സിഐ ബി.എം ഷാഫി, എസ് പിഎല്‍ വിഷ്ണു, ഗ്രേഡ് എസ്സിപിഒമാരായ ബല്‍റാം, വിനോദ്, സിപിഒ ഷഹനാസ് എന്നിവരാണ് കേസന്വേഷിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്.