വിഴിഞ്ഞം തുറമുഖ മേഖലയിൽ തെരുവ്നായ ആക്രമണം : പതിനഞ്ചോളം കോഴികളെ കടിച്ചു കൊന്നു
1586266
Sunday, August 24, 2025 7:02 AM IST
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ മേഖലയിൽ പട്ടാപ്പകൽ തെരുവ്നായ ആക്രമണം. വളർത്തു മൃഗങ്ങളെയും കോഴികളെയും വളർത്തുനായയേയും കടിച്ചു. ഒരു വീട്ടിൽ മാത്രം പതിനഞ്ചോളം കോഴികളെ കടിച്ചു കൊന്നു.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ ഹാർബറിന് സമീപം പനവി ളക്കോടിലാണ് നായയുടെ ആക്രമണമുണ്ടായത്. പനവിളക്കോട് സ്വദേശി രതീഷിന്റെ കോഴികളെ വകവരുത്തിയ നായ നാല് ആടുകളെയും കടിച്ച് മാരകമായി പരിക്കേൽപ്പിച്ചു. നെല്ലിക്കുന്ന് സ്വദേശി സോമന്റെ അടിനെ കടിച്ച ശേഷം കടയ്ക്കുളം സ്വദേശി രവിയുടെ വീട്ടിൽ കയറി കെട്ടിയിട്ടിരുന്ന വളർത്തുനായയെയും കടിച്ചു. മറ്റ് നിരവധി വീടുകളിൽ വളർത്തിയിരുന്ന കോഴികളെ നായ ആക്രമിച്ചതായി നാട്ടുകാർ പറയുന്നു.
പേപ്പട്ടിയെന്ന സംശയത്തിൽ ആക്രമണം ഭയന്ന് ജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയായി. നിരവധി തെരുവ് നായ്ക്കളും അക്രമത്തിനിരയായി . തുറമുഖത്തിനായി സർക്കാർ ഏറ്റെടുത്ത ഏക്കർ കണക്കിന് ഭൂമി തെരുവ് നായ്ക്കളുടെ ആവാസകേന്ദ്രമെന്നാണ് നാട്ടുകാർ പറയുന്നത്.
നാട്ടുകാർ പ്രതിഷേധിക്കുമ്പോൾ പരിഹാരം കാണാമെന്ന് ഉറപ്പു നൽകി മടങ്ങുന്നവർ പിന്നെ തിരിഞ്ഞ് നോക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. വിവരമറിഞ്ഞ് വിഴിഞ്ഞം പോലീസും സ്ഥലത്ത് എത്തി.