കാർ മതിലിലിടിച്ച് രണ്ടു പേർ മരിച്ചു
1586066
Saturday, August 23, 2025 10:29 PM IST
ചാത്തന്നൂർ: കാർ മതിലിൽ ഇടിച്ച് രണ്ടു പേർ മരിച്ചു. ഒരാൾ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. റോഡുവിള ഫറുഖ് മൻസിലിൽ മുഹമ്മദ് അലി (23) കരിങ്ങന്നൂർ മോട്ടോർകുന്ന് മുളക് വിള അച്ചൂസിൽ അമ്പാടി സുരേഷ് (23) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചെറിയ വെളിനല്ലൂർ ആക്കൽ കമ്പിനിക്കട നഹപ്പിൽ വീട്ടിൽ അഫ്സൻ(23) മിയ്യണ്ണൂരിലെ സ്വകാര്യമെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു അപകടം. ഓയൂരിന് സമീപം പയ്യക്കോടിനും തിരുച്ചം കാവിനും ഇടയ്ക്ക് വച്ച് ഇവർ സഞ്ചരിച്ചിരുന്ന നീല മാരുതി സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലിലിടിക്കുകയായിരുന്നു. ഓടികൂടിയ നാട്ടുകാരും പൂയ്യപ്പള്ളി പോലീസും ചേർന്ന് കാർ വെട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മൂന്ന് പേരെയും മിയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മുഹമ്മദലിയും അമ്പാടിയും മരിച്ചു.
ആയൂരിൽ ഇവരുടെ ഒരു സുഹൃത്ത് പുതിയ കടതുടങ്ങുന്നതിന്റെ ഒരുക്കങ്ങളിലായിരുന്നു ഇവർ. ഉദ്ഘാടനത്തിനുള്ള സംവിധാനങ്ങൾ ഒരുക്കിയ ശേഷം മറ്റ് കൂട്ടുകാരെ വീടുകളിലെത്തിക്കാനും കാറിന് ഇന്ധനം നിറയ്ക്കാനും വേണ്ടി പോവുകയായിരുന്നു. കാർ അമിത വേഗതയിലായിരുന്നുവെന്ന് പറയുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഫ്സലിന്റേതാണ് കാർ എന്നാണു വിവരം.
ബംഗളുരുവിൽ നഴ്സ് ആയ അമ്പാടി സുരേഷ് സുരേഷ് - ദീപ ദമ്പതികളുടെ ഏക മകനാണ്. പരേതനായ സുലൈമാന്റെയും സക്കീനയുടെയും മകനാണ് മുഹമ്മദ് അലി. ബിസിനസ് ആയിരുന്നു. സഹോദരൻ മുഹമ്മദ് ഫറൂഖ്. ചികിത്സയിൽ കഴിയുന്ന അഫ്സൻ ബി ടെക് ബിരുദധാരിയാണ്. പൂയപ്പള്ളി പോലീസ് കേസെടുത്തു.