ഡോ.സി.ജി. രാമചന്ദ്രന് നായരുടെ സംസ്കാരം നാളെ
1586065
Saturday, August 23, 2025 10:29 PM IST
തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത രസതന്ത്ര ശാസ്ത്രഞ്ജനും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഡോ. സി.ജി.രാമചന്ദ്രന് നായരുടെ(93)സംസ്കാരം നാളെ 10.30ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
മൃതദേഹം തൈക്കാട് ഇലങ്കം നഗറിലെ നെകാരയില് നാളെ രാവിലെ എട്ടു മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കേരള സര്‍വകലാശാല രസതന്ത്ര വിഭാഗം മുന്‍ മേധാവിയാണ്. കേരള സര്‍വകലാശാലയില്‍ നിന്നും ഒന്നാം റാങ്കോടെ കെമിസ്ടിയില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ബംഗളൂരു യൂണിവേഴ്സിറ്റിയില്‍ നിന്നും സ്വർണ മെഡലോടെയാണ് പിഎച്ച്ഡി നേടിയത്.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗവും സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായിരുന്ന സി.ജി.ആര്. വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ വിസിറ്റിംഗ് കണ്‍സള്‍ട്ടറ്റ്, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വിസിറ്റിംഗ് പ്രഫസര്‍ തുടങ്ങിയ പല നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മിക്സഡ് മെറ്റല്‍ ഓക്സൈഡുകള്‍, ക്വാണ്ടം മെക്കാനിക്സ്, സ്റ്റീരിയോ കെമിസ്ട്രി, ലിഗാന്‍ഡ് ഫീല്‍ഡ് തിയറി, സെമി കണ്ട ക്ടിവിറ്റി എന്നിവയിലെ പഠനങ്ങള്‍ അദ്ദേഹത്തെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനാക്കി. ജര്‍മന്‍, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം മലയാളത്തില്‍ 24ഉം ഇംഗ്ലീഷില്‍ അഞ്ചും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
സ്വദേശി ശാസ്ത്ര പുരസ്കാരം നേടിയിട്ടുണ്ട്. ഭാര്യ കെ.ഭാരതി ദേവി രണ്ടു മാസം മുന്‍പാണ് അന്തരിച്ചത്. മക്കള്‍: പരേതയായ ഗിരിജ ദീപക് (ധ്യാപിക, വിവിധ ഇന്റര്‍നാഷനല്‍ സ്കൂളുകൾ ), ഡോ. രാം കെ. മോഹന്‍ (എന്വയണ്മെന്റല് എന്‍ജിനീയര്‍, യുഎസ്). മരുമക്കള്‍: ദീപക് നായര്‍(ഇന്‍വെസ്റ്റ്മെന്റ് കണ്‍സള്‍ട്ടന്റ്), ഡോ.അപര്‍ണ മോഹന്‍(യുഎസ്).