മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്; അന്വേഷണം ഊര്‍ജിതം
1586042
Saturday, August 23, 2025 6:58 AM IST
പേരൂര്‍ക്കട: മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട് കണ്ണികള്‍ക്കായി പേരൂര്‍ക്കട പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. ആഭരണം രൂപപ്പെടുത്തിയതും വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ടുള്ള വ്യക്തികളെയാണു പോലീസ് അന്വേഷിച്ചു വരുന്നത്.
വഴയില, മണ്ണാമ്മൂല എന്നിവിടങ്ങളിലെ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവച്ച് മൂന്നുലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിലെ സൂത്രധാരനായ അഖില്‍ ക്ലീറ്റസ്, കൂട്ടുപ്രതികളായ പ്രതീഷ്കുമാര്‍, സണ്ണി, സ്മിജു സണ്ണി, ഷെജിന്‍ എന്നിവര്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. അതേസമയം തിരുവനന്തപുരത്ത് പേരൂര്‍ക്കട സ്റ്റേഷന് പരിധിയില്‍ മാത്രമല്ല, മറ്റു സ്റ്റേഷനുകളിലും വേറെ ജില്ലകളില്‍ ഇവര്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
വിവിധ സംഘങ്ങളായി തിരിഞ്ഞു മുക്കുപണ്ടം പണയംവച്ചു തട്ടിപ്പ് നടത്തിയ സംഭവങ്ങള്‍ വെളിച്ചത്തു വരണമെങ്കില്‍ കൂടുതല്‍ പരാതികള്‍ ലഭിക്കേണ്ടതുണ്ട്. വളരെ വൈദഗ്ധമുള്ളവര്ക്കു മാത്രം തിരിച്ചറിയാനാകുന്ന വിധത്തിലാണ് ഇവര്‍ മുക്കുപണ്ടത്തിനുമേല് സ്വര്‍ണത്തിനു സമാനമായ ലോഹം പൂശുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്തിയാല്‍ മാത്രമേ സംഭവത്തിന്റെ പൂര്‍ണചിത്രം വ്യക്തമാകുകയുള്ളൂ.