അമിത കൂലി ചോദിച്ചെന്ന് ആരോപണം : തൊഴിലാളിക്കാവലിൽ ലോഡ് ഇറക്കി വീട്ടുടമസ്ഥ
1586029
Saturday, August 23, 2025 6:51 AM IST
വെഞ്ഞാറമൂട്: തൊഴിലാളിക്കാവലിൽ ലോഡ് ഇറക്കി വീട്ടുടമസ്ഥ. വീടു നിർമാണത്തിനു ലോറിയിൽ കൊണ്ടുവന്ന തറയോടുകൾ ഇറക്കാൻ സിഐ ടിയു ചുമട്ടു തൊഴിലാളികൾ അമിത കൂലി ചോദിച്ചതോടെ യാണു വീട്ടുടമസ്ഥ ഒറ്റയ്ക്ക് ലോഡ് ഇറക്കിയത്. മറ്റാരും സഹായിക്കാതിരിക്കാൻ തൊഴിലാളികൾ വീടിനു മുന്നിൽ അത്ര നേരവും കാരൽ നിന്നു.
തച്ചോണം മുസ്ലിം പള്ളിക്കു സമീപം കിളിമാനൂർ റോഡിൽ പുതിയ വീട് നിർമിക്കുന്ന കുമ്മിൾ തച്ചോണം പ്രിയ നിവാസിൽ പ്രിയ വിനോദ് (48) ആണ് കഴിഞ്ഞ രാത്രി രണ്ടു മണിക്കൂർ പണിപ്പെട്ട് 150 തറയോടുകൾ ഇറക്കിയത്.
തറയോടുകൾ അടുക്കി വയ്ക്കാൻ നിർമാണത്തൊഴിലാളികൾ മുന്നോട്ടുവന്നെങ്കിലും അവരെയും സിഐടിയു തൊഴിലാ ളികൾ തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയോടെ കൊണ്ടുവന്ന മുറ്റത്തുവിരിയ്ക്കാനുളള പാറയിൽ തീർത്ത തറയോടുകൾ ഇറക്കാൻ സിഐടിയു തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെട്ടതാണ് തർക്കത്തിനിടയാക്കിയത്.
കെട്ടിടത്തിനുള്ളിൽ വിരിക്കാനുള്ള തറയോടുകൾ കഴിഞ്ഞ ഫെബ്രുവരിയിൽ കൊണ്ടുവന്നപ്പോൾ ഇറക്കു കൂലിയായി ആവശ്യപ്പെട്ടത് 12,000 രൂപയായിരുന്നു. അന്നു തർക്കത്തിനൊടുവിൽ 3500 രൂപ കൊടുക്കേണ്ടി വന്നു. അതേ കൂലിയാണ് ഇന്നലെയും തറയോടുകൾ ഇറക്കാൻ തൊഴിലാളികൾ ആവശ്യപ്പെട്ടെതെന്നു പ്രിയ വിനോദ് പറയുന്നു.
ഒരെണ്ണം ഇറക്കാൻ രണ്ടു രൂപ വച്ച് ആകെ 300 രൂപ കൊടുക്കേണ്ടിടത്താണിത്. ആവശ്യപ്പെട്ട കൂലി തന്നില്ലെങ്കിൽ പ്രിയയും ഭർത്താവും ചേർന്നു ലോഡ് ഇറക്കിക്കോളാനും മറ്റാരെയും വിളിക്കാൻ പാടില്ലന്നും തൊഴിലാളികൾ വ്യവസ്ഥയും വച്ചു. തുടർന്നു പ്രിയ ലോറിയിൽ കയറി ലോഡ് ഇറക്കുകയായിരുന്നു. മലപ്പുറത്ത് പോലീസ് സബ് ഇൻസ് പെക്ടെറായ ഭർത്താവ് ഐ.വി. വിനോദ് അവിടെയായിരുന്നു.
വിവരമറിഞ്ഞു പാങ്ങോട് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും ഇടപെട്ടില്ല. വെഞ്ഞാറമൂട്ടിൽനിന്നു തറയോടുകൾ ലോറിയിൽ കയറ്റാൻ ഇത്രയും കൂലി കൊടുക്കേണ്ടിവന്നില്ലെന്നു പ്രിയ പറയുന്നു. നേരത്തേ കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപികയായിരുന്ന പ്രിയ വിനോദ് ഇപ്പോൾ സ്വതന്ത്ര പത്രപ്രവർത്തകയും കെപിസിസി മീഡിയ സെൽ അംഗവുമാണ്.
അതേ സമയം അമിത കൂലി ചോദിച്ചെന്ന ആരോപണം ശരിയല്ലെന്നു സിഐടിയു യൂണിയൻ കൺവീനർ കെ. ഹർഷകുമാർ പറഞ്ഞു.