ഗവ. ടിടിഐയില്‍ "ഓണത്തിന് ഒരു വട്ടി പൂ' വിളവെടുപ്പ് 26ന്
1585765
Friday, August 22, 2025 7:05 AM IST
നെയ്യാറ്റിൻകര : ഊരൂട്ടുകാലയില്‍ സ്ഥിതി ചെയ്യുന്ന നെയ്യാറ്റിന്‍കര ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ (ടിടിഐ) കാന്പസില് `ഓണത്തിന് ഒരു വട്ടി പൂ` പദ്ധതി പ്രകാരം കൃഷി ചെയ്ത ചെടികൾ പൂവിട്ടു. നെയ്യാറ്റിന്‍കര നഗരസഭയുടെയും കൃഷി ഭവന്റെയും സഹകരണത്തോടെ ഗവ. ടിടിഐയുടെ നേതൃത്വത്തില്‍ ആരംഭിച്ച `ഓണത്തിന് ഒരു വട്ടി പൂ` പദ്ധതിയുടെ വിളവെടുപ്പ് 26ന് നടക്കും.
ഗവ. ടിടിഐ കാന്പസില് പ്രത്യേകമായി ഒരുക്കിയ പൂ കൃഷിയിടത്തിലാണ് ജമന്തി നട്ടുപിടിപ്പിച്ചത്. കാന്പസിലെ അധ്യാപക വിദ്യാര്‍ഥികള്‍ക്കായിരുന്നു പരിപാലനച്ചുമതല. ടിടിഐയിലെ അധ്യാപകരും കൃഷി ഭവന് അധികൃതരും ആവശ്യമായ മാര്‍ഗനിര്‍ദേശം നല്കി.
വിളവെടുപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം 26 ന് രാവിലെ 9.45 ന് കെ. ആന്‍സലന്‍ എംഎല്‍എ നിര്‍വഹിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ. രാജമോഹനന് അധ്യക്ഷനാകും.