അഴിമതി ആരോപണം : വെള്ളറട പഞ്ചായത്തില്‍ മൂന്നു ജീവനക്കാര്‍ക്ക് സസ്പെന്ഷന്
1586037
Saturday, August 23, 2025 6:51 AM IST
വെള്ളറട: വെള്ളറട പഞ്ചായത്തില്‍ മെറ്റീരിയല്‍ വര്‍ക്കുമായി ബന്ധപ്പെട്ടു രണ്ടു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി ഓഡിറ്റ് നടത്തിപ്പില്‍ കണ്ടെത്തിയ സംഭവിത്തിൽ മൂന്നു ജീവനക്കാരെ പഞ്ചായത്ത് ഭരണസമിതി സസ്പെന്‍ഡ് ചെയ്തു.
ജീവനക്കാരായ ജെ.ജെ. നിവിന്‍, പ്രദീപ്, എസ്. റെജിന്‍ എന്നിവരെയാണു സസ്പെൻഡു ചെയ്തത്. പഞ്ചായത്ത് ഭരണസമിതി മൂന്നു പേരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിപക്ഷവും അനുകൂലിച്ചു. എന്നാല്‍ മൂന്നുപേരുടെ തട്ടിപ്പിനു കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റ് എം. രാജ്മോഹന്‍ രാജിവെക്കണമെന്നു പ്രതിപക്ഷ മെമ്പര്‍മാര്‍ ആവശ്യപ്പെട്ടു.
പഞ്ചായത്തില്‍നിന്ന് പ്രസിഡന്റ് രാജിവയ്ക്കും വരെയും പ്രതിഷേധ പരിപാടി തുടരുമെന്നു പ്രതിപക്ഷ മെമ്പര്‍മാര്‍ മുന്നറിയിപ്പു നല്‍കുകയും, യോഗം ബഹിഷ്കരിച്ച് പഞ്ചായത്തിനു മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുകയും ചെയ്തു. പഞ്ചായത്തംഗം നളിനകുമാര്‍ അധ്യക്ഷത വഹിച്ച യോഗം പ്രതിപക്ഷ നേതാവ് ജ്ഞാനദാസ് ഉദ്ഘാടനം ചെയ്തു.
മെമ്പര്‍മാരായ കൂതാളി ഷാജി, പനച്ചമൂട് ഷാം, സുനീഷ്, ശ്രീകല, ശാന്തകുമാരി, ഷീജാ വിന്‍സന്റ്, മേരിക്കുട്ടി തുടങ്ങിയ മെമ്പര്‍മാര്‍ സംസാരിച്ചു. എത്രയും പെട്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ച് അന്വേഷണത്തെ നേരിടണം എന്നതാണ് പ്രതിപക്ഷ മെമ്പര്‍മാരുടെ ആവശ്യം. ഓഡിറ്റില്‍ കൃത്രിമം കണ്ടതു ശ്രദ്ധയില്‍പ്പെട്ട പ്പോള്‍ തന്നെ പ്രതിപക്ഷം പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നിരന്തരം പ്രതിഷേധ പരിപാടികള്‍ നടത്തുതിനിടയാണ് ഭരണസമിതിക്കു രക്ഷപ്പെടുന്നതിനായും മുഖം രക്ഷിക്കുന്നതിനു വേണ്ടി മൂന്നു ജീവനക്കാരുടെ മേല്‍ പഴിചാരിയിരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
മൂന്നു ജീവനക്കാര്‍ക്ക് മാത്രമായി പഞ്ചായത്തില്‍ വെട്ടിപ്പു നടത്താന്‍ കഴിയുകയില്ലെന്നും ഇതുമായി ബന്ധപ്പെട്ട പേപ്പറുകള്‍ ഒപ്പിട്ടു നല്കി കോടികള്‍ തട്ടിയതു പഞ്ചായത്ത് പ്രസിഡന്റ് രാജ്മോഹനനാണെന്നും പഞ്ചായത്ത് പ്രസിഡന്റിന് ഈ അഴിമതിയില്‍ നിന്നു തലയൂരാന്‍ കഴിയുകയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
പാറപോടിയും, പാറവേസ്റ്റും ഉപയോഗിച്ച് പണിത റോഡുകള്‍ തകര്‍ന്നു തുടങ്ങി. വെട്ടിച്ച കോടികള്‍ തിരിച്ചടച്ചു മാത്രക കാണിച്ചില്ലങ്കില്‍ എത്രയും പെട്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് രാജ് മോഹന്‍ രാജി വെച്ച് അന്വേഷണത്തെ നേരിടണം. അല്ലെങ്കില്‍ തുടര്‍ന്നും ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഞാനദാസ് മുന്നറിയിപ്പ് നല്കി.