സഹകരണ വകുപ്പ് അന്വേഷണ റിപ്പോർട്ട് : നേമം സഹകരണ ബാങ്കിലെ തിരിമറിക്ക് സ്ഥിരീകരണം
1586040
Saturday, August 23, 2025 6:58 AM IST
നേമം: സഹകരണ വകുപ്പ് അന്വേഷണ റിപ്പോര്‍ട്ടില്‍ നേമം സര്‍വീസ് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി സ്ഥിരീകരി ച്ചു. വകുപ്പന്വേഷണത്തിന്റെ അ ന്തിമ റിപ്പോര്‍ട്ടാണ് വിവരാവകാശ നിയമപ്രകാരം പുറത്തായത്.
ബാങ്കിലെ സ്ഥിരം ഇടപാടുകാരായ പലരുടെയൂം അക്കൗണ്ടുകൾ വഴി വന്‍ സാമ്പത്തിക തിരിമറികള്‍, ഗൂഢാലോചന, വ്യാജരേഖ നിര്‍മിക്കല്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടി ക്രിമിനല്‍ നടപടികള്‍ പ്രകാരം പ്രോസിക്യൂട്ട് ചെയ്യുന്നതിനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
ജോയ് എന്ന ഇടപാടുകാരനില്നിന്നും മാത്രം 50 ലക്ഷം രൂപയുടെ ഇടപാടും മറ്റ് അംഗങ്ങളുടെ പേരിലുള്ള വായ്പകളില്‍ അഞ്ചുകോടി രൂപയുടെ പൊരുത്തക്കേടുകളുമാണു കണ്ടെത്തിയിട്ടുള്ളത്. സി-ഡാക്ക് എംപ്ലോയീസ് സഹകരണ സംഘം, തിരുവനന്തപുരം പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് തുടങ്ങിയ വിവിധ സഹകരണ സ്ഥാപനങ്ങള്‍ നേമം ബാങ്കില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
സാമൂഹിക പെന്ഷന് വിതരണത്തിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബാങ്കിന്റെ ആസ്ഥാന മന്ദിര നിര്‍മാണവുമായി ബന്ധപ്പെട്ട് കരാറുക്കാരനുമായി നടന്ന സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച്ു പോലീസ് വിജിലന്‍സ് അന്വേഷണത്തിനും ശുപാര്‍ശയുണ്ട്. പൊതുമേഖല ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇയെ കബളിപ്പിച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നു. താത്കാലിക ബാക്കി പത്രപ്രകാരം ബാങ്കിന് 34,26, 39,911 രൂപ ബാക്കി നില്പ്പുണ്ടെങ്കിലും 15,55,01,195 രൂപ മാത്രമേ നിയമാനുസൃതം തിരികെ പിടിക്കാന്‍ കഴിയൂ.
ബാക്കിയുള്ളവ ജാമ്യവ്യവസ്ഥകള്‍ പാലിക്കാത്തതും കാലഹരണപ്പെട്ടതായും പറയുന്നു. കോടികളുടെ ക്രമക്കേടുകള്‍ നടത്തിയ പ്രതികളുടെ വസ്തു വകകള്‍ കണ്ടുകെട്ടി നിക്ഷേപകര്‍ക്ക് നിക്ഷേപം തിരികെ നല്കാന് നടപടി വേണമെന്നും സര്‍ക്കാര്‍ ഗ്യാരണ്ടി ബോര്‍ഡില്‍നിന്നും അഞ്ചുലക്ഷം രൂപ വീതം ഓരോ നിക്ഷേപകനും നല്കാന് തയാറാകണമെന്നും നിക്ഷേപക കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാനും കണ്‍വീനര്‍ കൈമനം സുരേഷും ആവശ്യപ്പെട്ടു.