കാല് വഴുതി കടലില്‍ വീണ യുവാവിനായുള്ള തെരച്ചില്‍ രണ്ടാം ദിവസവും വിഫലം
1586248
Sunday, August 24, 2025 6:49 AM IST
വലിയതുറ: വലിയതുറ കടല്‍പ്പാലത്തില്‍ നിന്നും കാല് വഴുതി കടലില്‍ വീണ മത്സ്യത്തൊഴിലാളിക്കായുളള തെരച്ചില്‍ രണ്ടാം ദിവസവും വിഫലം. മുട്ടത്തറയിലെ പ്രത്യാശ ഫ്ളാറ്റില്‍ താമസിക്കുന്ന വലിയതുറ ഫ്രണ്ട്സ് റോഡ് കര്‍മലമാതാ കുരിശടിക്കു സമീപം ജോണ്‍സന്റെയും മെറ്റിയുടെയും മകന് റോബിനെ (32) ആണ് കടലില്‍ വീണ് കാണാതായത്.
വെളളിയാഴ്ച രാവിലെ 11.35 നാണ് അപകടം സംഭവിച്ചത്. വലിയതുറ സ്വദേശി അരുളപ്പന്റെ ഉടമസ്ഥതയിലുളള വളളത്തില്‍ റോബിനും മറ്റ് അഞ്ചുതൊഴിലാളികളുമായി വിഴിഞ്ഞം തീരത്ത് പുലര്‍ച്ചെ അഞ്ചിനായിരുന്നു മീന്‍പിടിക്കുന്നതിനായി പോയത്.
കടല്‍പ്പാലത്തിന്റെ കടലിലേയ്ക്ക് തളളിനില്‍ക്കുന്ന ഭാഗത്ത് കെട്ടിയിട്ടുളള റോപ്പിലൂടെ മീനുമായി മുകളിലെത്തിയശേഷം പാലത്തിന്റെ അറ്റത്തേക്കു നടന്നുപോകവേ കാല് വഴുതി കടലില്‍ വീണ് കാണാതായി എന്നാണ് ഒപ്പമുളളവര്‍ പോലീസില്‍ നല്കിയ വിവരം.
സംഭവം നടന്നയുടന്‍ തന്നെ വിഴിഞ്ഞം കോസ്റ്റല്‍ പോലീസും മറൈൻ എന്‍ഫോഴ്സ്മെന്റും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി വെളളിയാഴ്ച വൈകിട്ട്6വരെ തെരച്ചില്‍ നടത്തിയെങ്കിലും റോബിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇന്നലെ രാവിലെ 7 മുതല്‍ വൈകുന്നേരം 6.30 വരെയും ബോട്ടുപയോഗിച്ച് തെരച്ചില്‍ നടത്തിയിരുന്നു.