മാറനല്ലൂരിൽ ഒരാഴ്ചയ്ക്കിടെ പത്തോളം സ്ഥലങ്ങളിൽ മോഷണശ്രമം
1586263
Sunday, August 24, 2025 7:02 AM IST
മാറനല്ലൂർ: മാറനല്ലൂരിൽ ഒരാഴ്ചയ്ക്കിടെ വ്യാപാരസ്ഥാപനങ്ങളുൾപ്പെടെ പത്തോളം സ്ഥലങ്ങളിൽ മോഷണശ്രമം. മാറനല്ലൂരിൽ മോഷണക്കേസുകൾ വർധിക്കുന്നതും അതേസമയം പ്രതികളെ പിടികൂടാൻ വൈകുന്നതും നാട്ടുകാരിൽ ഭീതി ഉയർത്തുന്നു. കഴിഞ്ഞ ദിവസം രാത്രി ആളില്ലാത്ത മൂന്ന് വീടുകൾ കുത്തിത്തുറന്നതാണ് ഏറ്റവും ഒടുവിലത്തേത്. മൂന്നിടത്തും വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടാത്തതു കാരണം ആരുംതന്നെ പരാതിപ്പെട്ടിട്ടില്ല.
കഴിഞ്ഞ14നാണ് മാറനല്ലൂർ പഞ്ചായത്ത് ഓഫീസിനു സമീപത്തെ ബേക്കറിയിലും, പുന്നാവൂരിൽ പ്രവർത്തിക്കുന്ന മാവേലിസ്റ്റോറിലും വെളിയംകോട് പ്രവർത്തിക്കുന്ന രണ്ട് കടകളിലും ചെന്നിയോട്ടെ ആളില്ലാത്ത വീട്ടിലും മോഷണം നടന്നത്. ഇതിൽ മാവേലിസ്റ്റോറിൽനിന്ന് 18000 രൂപയും ചെന്നിയോട്ടെ ചന്ദ്രന്റെ വീട്ടിൽനിന്ന് മൂന്നുപവൻ തൂക്കം വരുന്ന മാലയും നഷ്ടപ്പെട്ടു. സ്കൂട്ടറിൽ ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടുപേരാണ് ഇവിടങ്ങളിൽ മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവർ ഉപയോഗിച്ചിരുന്ന സ്കൂട്ടർ കടയ്ക്കാവൂരിൽനിന്നു മോഷ്ടിച്ചതാണെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം ഈ വാഹനം റെയിൽവേ സ്റ്റേഷനു സമീപം ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി. പ്രതികളെ പോലീസ് തെരയുന്നതിനിടെയാണ് രാത്രി കൂവളശേരിയിലെ ആളില്ലാത്ത മൂന്ന് വീടുകളിൽ മോഷണം നടന്നത്. കൂവളശേരി മാധവത്തിൽ റിട്ട. എസ്പി എൻ. ജയകുമാറിന്റെ വീടിന്റെ പുറകുവശത്തുള്ള വാതിൽ കുത്തിപ്പൊളിച്ചെങ്കിലും അകത്തു കടക്കാനായിട്ടില്ല.
ഇതിനു സമീപത്തായി പ്രേമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഡോ. ജിതിൻ രാജ് വാടകയ്ക്കു താമസിക്കുന്ന വീടിന്റെ പുറകുവശത്തെ വാതിൽ കുത്തിപ്പൊളിച്ച് അകത്തുകയറി പൂട്ടിയിരുന്ന അലമാരയും മേശയും ഉൾപ്പെടെ പരിശോധിച്ചു. മുറിയിൽ മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന 10000 രൂപ വിലപിടിപ്പുള്ള വാച്ചും ചാക്കിൽകെട്ടി സൂക്ഷിച്ചിരുന്ന പാത്രങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.
ഈ വീടിനു സമീപത്തായി റിട്ട. അധ്യാപകനായ ജോസിന്റെ വീട്ടിൽ മുകളിലത്തെ നിലയിലൂടെ അകത്ത് പ്രവേശിച്ച മോഷ്ടാക്കൾ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. ഇവർ വ്യാഴാഴ്ച രാത്രി ഒൻപതിനാണ് വീട് പൂട്ടി പുറത്തേക്കു പോയത്. രാത്രി 12 ന് തിരിച്ചെത്തിയ ഇവർ വീടിന്റെ മുൻവശത്തെ വാതിൽ തുറക്കാൻ കഴിയാതെവന്നതിനെത്തുടർന്ന് പുറകുവശത്തുപോയി നോക്കിയപ്പോഴാണ് വാതിൽ തുറന്നുകിടക്കുന്നതും മോഷണശ്രമം നടന്നതായും കണ്ടെത്തിയത്.
അതിനിടെ മാറനല്ലൂർ പോലീസ് സ്റ്റേഷനിലെ അംഗബലത്തിന്റെ കുറവ് പോലീസിനു പലപ്പോഴും വെല്ലുവിളിയാകുന്നു. പഞ്ചായത്തിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ മിക്കപ്പോഴും റോന്ത് ചുറ്റൽ പതിവാക്കിയതുകാരണം ചിലയിടങ്ങളിൽ രാത്രികാലത്ത് പോലീസിന് എത്തിച്ചേരാൻ കഴിയുന്നില്ല. ഗ്രേഡ് എസ്ഐമാർ രണ്ടുപേർ വിരമിച്ചെങ്കിലും പുതുതായി ആരെയും അനുവദിച്ചിട്ടില്ല. വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രണ്ടുപേരും സിപിഒമാരായി 12 പേരും മാത്രമാണ് സ്റ്റേഷനിലുള്ളത്.