കോവളം ബീച്ചിലെ നിരീക്ഷണ കാമറകൾ കണ്ണടച്ചു; അനക്കമില്ലാതെ അധികൃതര്‍
1586264
Sunday, August 24, 2025 7:02 AM IST
വിഴിഞ്ഞം: ടൂറിസം വകുപ്പ് കോവളം ബീച്ചിന്റെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷക്കായിസ്ഥാപിച്ച നിരീക്ഷണ കാമറകൾ കണ്ണടച്ചു. പരിഹാരം കാണണമെന്ന കോവളം പോലിസിന്റെ ആവശ്യവും പരിഗണിക്കാതെ അധികൃതർ.
കോവളത്ത് വിദേശ വനിതയുടെ കൊലപാതകത്തിന് ശേഷം ഉയർന്ന വ്യാപക പരാതിയെ തുടർന്നാണ് നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. കോവളം ജംഗ്ഷൻ, ആഴാകുളം, ലൈറ്റ്ഹൗസ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അറുപതോളം നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. ഇതിന്റെ മോണിറ്റർ കോവളം പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ചു.
കാമറകൾക്ക് തകരാർ ഉണ്ടാകുന്പോൾ തുടക്കത്തിൽ അറ്റകുറ്റപ്പണികൾക്കായി ബന്ധപ്പെട്ട ഏജൻസിയിൽ നിന്ന് ജീവനക്കാർ എത്തിയിരുന്നു. ഇപ്പോൾ അതും ഇല്ലാതായി. ആറ് മാസമായി എല്ലാ കാമറകളും പൂർണമായി പ്രവർത്തനരഹിതമായതായി അധികൃതർ പറയുന്നു. ഇതോടൊപ്പം സഞ്ചാരികൾക്ക് അപായ സൂചന നൽകിയിരുന്ന അലാറവും നിശബ്ദമായിട്ട് മാസങ്ങൾ പലതു കഴിഞ്ഞു.
രണ്ട് കിലോമീറ്ററിലധികം ദൂരത്തിൽ വിശാലമായിക്കിടക്കുന്ന മൂന്ന് ബീച്ച് കൾ ചേർന്നതാണ് കോവളം തീരം. അപകടം നടക്കുന്ന സ്ഥലത്ത് ലൈഫ് ഗാർഡുമാർക്ക് ഓടിയെത്താനും കടൽക്ഷോഭത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും കടലിൽ ഇറങ്ങുന്നതിൽ നിന്ന് സഞ്ചാരികളെ വിലക്കാനുമൊക്കെ ഉപയോഗിച്ചിരുന്ന അലാറമാണ് മാസങ്ങളായി നിശബ്ദമായിരിക്കുന്നത്. ഇതിനെതിരെ പരാതികൾ നിരവധി ഉയർന്നെങ്കിലും അധികൃതർക്ക് അനക്കമില്ല.