നെയ്യാര്മേളയ്ക്കു തിരിതെളിയാന്‍ ഇനി ഒരാഴ്ച മാത്രം ബാക്കി
1585763
Friday, August 22, 2025 7:05 AM IST
നെയ്യാറ്റിൻകര: ത്രീ ഡി പ്ലാനറ്റോറിയം ഷോ മുതല്‍ റോബോട്ടിക് ഫെസ്റ്റ് വരെ. ബിസിനസ് എക്സലന്‍സ് അവാര്‍ഡ് നൈറ്റ് മുതല്‍ വ്യാവസായിക ഉത്പന്ന പ്രദര്‍ശനം വരെ. ഭക്ഷ്യമേള മുതല്‍ പുസ്തകോത്സവവും കാര്‍ണിവലും വരെ. പ്രമുഖ കലാകാരന്മാര് അണി നിരക്കുന്ന കലാവിരുന്ന് മുതല്‍ പരന്പരാഗത കലാരൂപങ്ങളുടെ അവതരണങ്ങള്‍ വരെ..... നെയ്യാര്‍ മേളയുടെ പത്താമത് എഡിഷന് മുന്‍കാലങ്ങളെക്കാള്‍ മികവാര്‍ന്ന രീതിയില്‍ സന്ദര്‍ശകരെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടു പോകുന്നുവെന്ന് സംഘാടകര്‍.
വിനോദസഞ്ചാര വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന നെയ്യാർ മേളയുടെ തലസ്ഥാനജില്ലയുടെ തെക്കന്‍ പ്രദേശത്തെ ഏറ്റവും വിപുലമായ ഓണാഘോഷവും വ്യാപാരമേളയും സാംസ്കാരികോത്സവവുമായി കീര്ത്തിയാര്ജ്ജിച്ചുകഴിഞ്ഞു.
നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ പഴയ വേദിയില്‍നിന്ന് ആറാലുംമൂട് മാര്‍ക്കറ്റ് ഗ്രൗണ്ടിലേയ്ക്ക് മേളയുടെ അരങ്ങ് എത്തിയിട്ട് മൂന്നു വര്‍ഷമായി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആറാലുംമൂട് മാര്‍ക്കറ്റ് ഗ്രൗണ്ടിനെ മേളയ്ക്കു വേണ്ടി ആകര്‍ഷകമായി ഒരുക്കിയെടുത്തിട്ടുണ്ട്. പ്രധാന വേദിയുടെയും പ്രദര്‍ശന സ്റ്റാളുകളുടെയുമൊക്കെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.
29നു വൈകുന്നേരം ആരംഭിക്കുന്ന മേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും പങ്കെടുക്കും. ഓരോ വര്‍ഷവും മേളയിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു. മേളയുടെ ഭാഗമായി ഇക്കുറി സമ്മാനപ്പെരുമഴ എന്ന പേരില്‍ ലക്കി ഡ്രോ കൂപ്പണും ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.