വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി; നിരവധി പേര്‍ക്ക് പരിക്ക്
1585761
Friday, August 22, 2025 7:05 AM IST
നാലുപേരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി
പേരൂര്‍ക്കട: സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ അടിപിടിയില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തശേഷം ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
പേരൂര്‍ക്കട സ്റ്റേഷന് പരിധിയിലെ ഒരു സ്കൂളില്‍ പഠിക്കുന്ന 16-ഉം 17-ഉം വയസു പ്രായമുള്ള ആണ്‍കുട്ടികളാണു ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇരുവിഭാഗം വിദ്യാർഥികള്‍ തമ്മില്‍ നിലനിന്നിരുന്ന വാക്കുതര്‍ക്കവും പ്രകോപനവുമാണ് ആക്രമണത്തിനു കാരണമായത്.
പ്ലസ്ടു ഹ്യുമാനിറ്റീസിന് പഠിക്കുന്ന നാലു വിദ്യാർഥികളെ പ്ലസ്വണ് വിദ്യാർഥികളായ മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സ്കൂളിലെത്തിയ ഇവര്‍ വിദ്യാർഥികളെ ക്ലാസിനുള്ളില്ക്കയറി മര്‍ദിക്കുകയും തുടർന്നു ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയുമായിരുന്നു. ഇതില്‍ ഒരു പ്ലസ്വണ് വിദ്യാർഥി തലയ്ക്കു പരിക്കേറ്റു പേരൂര്‍ക്കട ഗവ. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
മറ്റൊരാളെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മര്‍ദനമേറ്റ 16കാരന് നല്കിയ പരാതിയില്‍ തൊളിക്കോട് സ്വദേശിയായ ഒരു 17-കാരനെയും നെടുമങ്ങാട് സ്വദേശിയായ മറ്റൊരു 17-കാരനെയും ആനാട്, അരുവിക്കര സ്വദേശികളായ രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ഒരു 17-കാരന്റെ സഹോദരനും പേരൂര്‍ക്കട ആശുപത്രിയില്‍ തലയ്ക്കു പരിക്കേറ്റു ചികിത്സയിലുണ്ട്. ഹ്യുമാനിറ്റീസിലെ ഒരു വിദ്യാർഥിക്കു കൈക്ക് പൊട്ടലേറ്റതിനാല്‍ പോലീസ് മാതാപിതാക്കളെ വരുത്തി അവര്‍ക്കൊപ്പം വിട്ടയച്ചു.