"എം. കൃഷ്ണൻ നായർ എന്നെ കെ. മധുവാക്കി'
1585755
Friday, August 22, 2025 6:51 AM IST
തിരുവനന്തപുരം: നൂറു പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് സമാനമാണ് എം. കൃഷ്ണൻ നായർ എന്ന ഗുരുനാഥൻ. പ്രശസ്ത ചലച്ചിത്ര സംവിധായകൻ എം. കൃഷ്ണൻ നായരുടെ ശിഷ്യനും ചലച്ചിത്ര സംവിധായകനും കെഎസ്എഫ്ഡിസി ചെയർമാനുമായ കെ. മധുവിന്റേ താണ് ഈ വാക്കുകൾ.
എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത കറുത്തകൈ എന്ന പ്രേംനസീറിന്റെ ആദ്യ സിഐഡി സിനിമയുടെ അറുപതാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിച്ച ചടങ്ങ് ലെനിൻ ബാലവാടിയിൽ നടന്നു. എം. കൃഷ്ണൻ നായർ എന്ന ചലച്ചിത്ര പ്രതിഭയുടെ കീഴിൽ സംവിധാന സഹായിയായി ജീവിതം ആരംഭിച്ചതുകൊണ്ടാണ് കെ. മധു എന്ന സംവിധായകൻ ഉണ്ടായത്. പ്രേംനസീർ എന്ന നിത്യഹരിത നായകന്റെ നല്ല മനസും തന്നെ ഒരു സംവിധായകനാക്കി തീർക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട- കെ. മധു പറഞ്ഞു.
എം. കൃഷ്ണൻ നായരുടെ കീഴിൽ സംവിധാന സഹായിയായി ചേർന്ന കാലത്തെ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. കൃഷ്ണൻ നായരുടെ അസിസ്റ്റന്റ് ഡയറക്ടർ എന്ന മേൽവിലാസം സ്വതന്ത്ര ഡയറക്ടറായി മാറുന്നതിനു വലിയ രീതിയിൽ തന്നെ സഹായിച്ചിട്ടുണ്ട്.
തന്റെ ഒരു സിബിഐ ഡയറി കുറിപ്പ് പരന്പരയിലെ സിനിമ കണ്ടശേഷം, സിനിമ നന്നായിട്ടുണ്ട്. എന്നാൽ ചില ഭാഗങ്ങളിൽ ചെറിയ പ്രശ്നങ്ങളുണ്ട്. അത് എനിക്കു മാത്രമേ മനസിലാകൂ എന്ന് ഒരു ഗുരുനാഥന്റെ സ്നേഹത്തോടെ എം. കൃഷ്ണൻ നായർ പറഞ്ഞ കാര്യവും കെ. മധു ഓർമിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം എം. കൃഷ്ണൻ നായരുടെ മകനും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ നിർവഹിച്ചു.
ചടങ്ങിൽ ചലച്ചിത്ര-നാടക നടൻ ഡോ. ഷാനവാസ് പ്രേംനസീറിന്റെ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കിയ നിത്യവസന്ത ഗീതങ്ങൾ എന്ന പുസ്തകം രചിച്ച വയലാർ വിനോദ് എന്നിവരെ ആദരിച്ചു.
പ്രേംനസീർ സുഹൃദ്സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. വാഴമുട്ടം ചന്ദ്രബാബു, റഹിം പനവൂർ, ഡോ. ഗീത ഷാനവാസ്, സൈനുലാബ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രേംനസീർ സുഹൃദ് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ സ്വാഗതം ആശംസിച്ചു. ട്രഷറർ ഗോപൻ ശാസ്തമംഗലം നന്ദി പറഞ്ഞു. തുടർന്ന് പി. സുബ്രഹ്മണ്യം നിർമിച്ച കറുത്തകൈ എന്ന ചിത്രം പ്രദർശിപ്പിച്ചു.