എസ്എടി ആശുപത്രിയിൽ ഉപകരണങ്ങൾ സ്ഥാപിക്കണം: ബാലാവകാശ കമ്മീഷൻ
1585753
Friday, August 22, 2025 6:51 AM IST
തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ എംആർഐ, സിടി, യുഎസ്എസ് മാമോഗ്രാം എന്നിവ സ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. കമ്മീഷൻ അംഗം എൻ. സുനന്ദ ആശുപത്രി സന്ദർശിച്ചതിന്റെയും വിവിധ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് ആശുപത്രി സൂപ്രണ്ടിനും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നിർദ്ദേശം നൽകിയത്.
പരിശോധനയിൽ ദിവസേന അയ്യായിരത്തിലധികം കുട്ടികളും ഗർഭിണികളും ചികിത്സയ്ക്ക് എത്തുന്ന എസ്എടി ആശുപത്രിയിൽ എംആർഐ, സിടി സ്കാൻ എടുക്കാൻ സർക്കാർ സംവിധാനമില്ല. ഈ രോഗികൾ മെഡിക്കൽ കോളജിനെയും സ്വകാര്യ സ്ഥാപനങ്ങളെയുമാണ് ആശ്രയിക്കുന്നത്. പാർക്കിംഗ് സ്ഥലം കുറവായതിന്റെ പേരിൽ സ്കാനിംഗ് സെന്റർ തുടങ്ങുന്നതിനുള്ള തീരുമാനം മാറ്റിവയ്ക്കുന്നത് ശരിയല്ല.
സെന്റർ തുടങ്ങേണ്ടത് കുട്ടികളുടെ അവകാശമാണ്. ആവശ്യ മെഡിക്കൽ ഉപകരണങ്ങളുടെ അഭാവം ശിശു മരണങ്ങൾക്ക് കാരണമാകാം. എസ്.എ.റ്റിയിൽ ബാലസൗഹൃദവും ഉത്തരവാദത്തോടെയുള്ള പ്രവർത്തനവുമാണ് ആവശ്യം.
മെഡിക്കൽ കോളേജിലും എസ്എടി ആശുപത്രിയിലും സ്കാനിംഗ് സംവിധാനങ്ങൾ കൂടുതലായി വരുന്നത് ദുർബലരും അതിദരിദ്രരുമായ രോഗികൾക്കും കുട്ടികൾക്കും ഉപകാരപ്രദമായിരിക്കും എന്ന് കമ്മീഷൻ വിലയിരുത്തുന്നു. കമ്മീഷന്റെ ശിപാർശകളിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് രണ്ടു മാസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കമ്മീഷന് ലഭ്യമാക്കണം.