ബസ് യാത്രകളുടെ ഓർമ പുതുക്കി മോഹൻലാൽ
1585752
Friday, August 22, 2025 6:51 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി നിരത്തുകളിൽ എത്തിക്കാൻ പോകുന്ന പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഫ്ലാഗ്ഓഫിന് മുന്നോടിയായി ഗതാഗത വകുപ്പ് സംഘടിപ്പിച്ച ഓർമ എക്സ്പ്രസിന്റെ ഭാഗമാകാൻ നടൻ മോഹൻലാൽ എത്തിയത് ഏറെ ശ്രദ്ധേയമായി.
കെഎസ്ആർടിസി പുതിയതായി വാങ്ങിയ 143 ബസുകളുടെ ഫ്ലാഗ്ഓഫാണ് മുഖ്യമന്ത്രി നിർവഹിച്ചത്. ടാറ്റ, അശോക് ലെയ്ലാൻഡ്, ഐഷർ, വോൾവോ തുടങ്ങിയ പ്രമുഖ കമ്പനികളുടെ പ്രീമിയം ബസുകളാണ് നിരത്തുകളിൽ കെഎസ്ആർടിസി ഇനിമുതൽ ഓടിക്കുകയെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഫ്ലാഗ്ഓഫ് ചടങ്ങിൽ പറഞ്ഞു.
തിരുവനന്തപുരത്ത് ബസ്സിൽ സഞ്ചരിക്കുക എന്നത് ഒരു പ്രത്യേക അനുഭവമാണെന്ന് മോഹൻലാൽ പറഞ്ഞു. കോളജിൽ പഠിക്കുന്ന കാലത്താണ് കൂടുതലായി ബസിൽ സഞ്ചരിച്ചിട്ടുള്ളത്. അന്ന് ഇന്നത്തേതുപോലെയുള്ള ബസുകൾ ഒന്നുമില്ലായിരുന്നു. ട്രാൻസ്പോർട്ട് സൗകര്യങ്ങൾ ഇ്നു വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ഒരു നാട്ടിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുന്നതിനനുസരിച്ച് ആ നാട് ഒരുപാട് മുന്നോട്ടുപോകുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
പ്രത്യേകം സജ്ജമാക്കിയിരുന്ന പഴയ കെഎസ്ആർടിസി ബസിന്റെ ചവിട്ടുപടിയിൽ ഗണേഷ് കുമാറും മോഹൻലാലും ഒരുമിച്ചു നിന്ന് പഴയകാല ബസ് യാത്രാ ഓർമ്മകൾ പുതുക്കി. അതിനുശേഷം പുതിയ വോൾവോ ബസിൽ കയറി ആധുനിക സൗകര്യങ്ങൾ മനസിലാക്കി.
കെഎസ്ആർടിസി എക്സ്പോയുടെ ഭാഗമാണ് "ഓർമ എക്സ്പ്രസ്' സംഘടിപ്പിക്കുന്നത്. ആദ്യ യാത്രയിൽ സംവിധായകൻ പ്രിയദർശനും നടന്മാരായ മണിയൻപിള്ള രാജുവും നന്ദുവും ഉൾപ്പെടെയുള്ളവർ മന്ത്രി ഗണേഷ് കുമാറിനൊപ്പം സഞ്ചരിച്ചിരുന്നു.