ബാങ്കിന്റെ ലേല നടപടി : വട്ടിയൂര്‍ക്കാവില്‍ വീട്ടമ്മ ആത്മഹത്യാ ഭീഷണി മുഴക്കി
1585750
Friday, August 22, 2025 6:51 AM IST
പേരൂര്‍ക്കട: ബാങ്കിന്റെ ലേല നടപടിയില്‍ പ്രതിഷേധിച്ച് വട്ടിയൂര്‍ക്കാവില്‍ വീട്ടമ്മ ആത്മഹത്യാ ഭീഷണി മുഴക്കി. വാഴോട്ടുകോണം മൂന്നാംമൂട് മഞ്ചംപാറ സ്വദേശിനിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെ രാവിലെ ഒന്‍പതു മണിക്കാണ് സംഭവം. 2014ല്‍ സൂസി ജോര്‍ജ് വട്ടിയൂര്‍ക്കാവ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍നിന്നു 9.5 ലക്ഷം രൂപ വായ്പയെടുത്തിരുന്നു.
10 വര്‍ഷംകൊണ്ടു പണം തിരിച്ചടയ്ക്കണമെന്നതായിരുന്നു വ്യവസ്ഥ. എന്നാല്‍ കോവിഡ് കാലത്ത് തവണയില്‍ മുടക്കം വരികയുണ്ടായി. മൊത്തം 14 ലക്ഷം രൂപയാണ് വീട്ടമ്മയ്ക്കു ബാങ്കില്‍ അടയ്ക്കാന്‍ സാധിച്ചത്.
മുഴുവന്‍ തുകയും അടച്ചുതീര്‍ക്കാതെ വന്നതോടെ രണ്ടരവര്‍ഷത്തിനു മുമ്പ് ബാങ്ക് അധികൃതര്‍ ജപ്തിനോട്ടീസ് പതിച്ചി രുന്നു. ഇതിനെത്തുടര്‍ന്ന് ബന്ധുവീടുകളിലാണു വീട്ടമ്മയും ഭര്‍ത്താവും മകളും താമസിച്ചുവന്നിരുന്നത്. അതിനിടെ മുതലും പലിശയും ഉള്‍പ്പെടെ 13 ലക്ഷത്തോളം രൂപ ഇനിയും അടയ് ക്കാനുണ്ടെന്നും അഞ്ചു ലക്ഷം രൂപയെങ്കിലും ഒണ്‍ടൈം സെറ്റില്‍മെന്റ് എന്ന നിലയില്‍ അടച്ചാല്‍ മാത്രമേ ലേല നടപടികള്‍ ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂവെന്നും ബാങ്ക് അറിയിച്ചു.
വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് ലേല നടപടികള്‍ നിശ്ചയിച്ചിരുന്നത്. അതിനിടെ സൂസിയും ഇവരുടെ ബന്ധുക്കളും ചേര്‍ന്ന് തങ്ങള്‍ വീട്ടില്‍ക്കയറി താമസിക്കാന്‍ പോകുന്നുവെന്നു ബാങ്കിനെയും വട്ടിയൂര്‍ക്കാവ് പോലീസിനെയും അറിയിച്ചു. വീട്ടില്‍ക്കയറിയ വീട്ടമ്മ ബാങ്ക് ജീവനക്കാര്‍ ലേല നടപടിക്കെത്തിയാല് ആത്മഹത്യചെയ്യുമെന്നു ഭീഷണിപ്പെടുത്തി. ഇതിനായി പാചകവാതക സിലിന്‍ഡറിനു സമീപം തീപ്പെട്ടിയുമായി നിന്നു.
എന്നാല്‍ 11 മണി കഴിഞ്ഞിട്ടും ബാങ്ക് അധികൃതര്‍ ലേല നടപടിക്ക് എത്തിയില്ല. പ്രശ്നം അവസാനിച്ചിട്ടില്ലെന്നും ബാങ്ക് അധികൃതരുമായി വിഷയം ഒന്നുകൂടി സംസാരിച്ചശേഷം ഒത്തുതീർ പ്പിനു ശ്രമിക്കാന്‍ കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാര്‍ഡ് കൗണ്‍സിലര്‍ റാണി വിക്രമന് അറിയിച്ചു.