തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ അധികാരത്തര്‍ക്കം മൂര്‍ഛിക്കുന്നു. വിസി സസ്പെൻഡ് ചെയ്യുകയും ഇടതുസിന്‍ഡിക്കേറ്റ് സസ്പെന്ഷന് പിന്‍വലിക്കുകയും ചെയ്ത റജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ വിസിക്ക് അയച്ച ഡിജിറ്റല്‍ ഫയലുകളില്‍ വൈസ് ചാന്‍സലർ ഡോ. മോഹനന് കുന്നുമ്മേല്‍ ഒപ്പിട്ടില്ല.
അനില്‍കുമാറിന്റെ ഫയലുകള്‍ തനിക്ക് അയക്കേണ്ടതില്ലെന്ന് വി. സി. സര്‍വകലാശാല ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. സസ്പെന്‍ഷനിലുള്ള ആളിനു ഫയലുകളില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നാണ് അനില്‍കുമാര്‍ അയച്ച മൂന്ന് ഫയലുകളിലും വിസിയുടെ നിലപാട്. വിസി നിയമിച്ച രജിസ്ട്രാര്‍ യൂണിവേഴ്സിറ്റി പ്ലാനിംഗ് ബോര്‍ഡ് അംഗം മിനി കാപ്പന് അയച്ച 25 ഫയലുകളില്‍ വിസി ഒപ്പുവയ്ക്കുകയും അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്.
രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം വിസിക്ക് അല്ലെന്നും സിന്‍ഡിക്കേറ്റിനാണെന്നുമാണ് അനില്‍കുമാറിന്റെ നിലപാട്. സിന്‍ഡിക്കേറ്റാണ് തന്റെ സസ്പെന്ഷന് പിന്‍വലിച്ചതെന്നും നിയമപ്രകാരം താനാണു രജിസ്ട്രാറെന്നുമാണ് അനില്‍കുമാറിന്റെ അവകാശ വാദം.
അതേസമയം അനില്‍കുമാര്‍ ചട്ടങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാല്‍ സസ്പെന്ഷന് നല്കി മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അതിനുള്ള അധികാരം തനിക്കുണ്ടെന്നാണ് വിസിയുടെ അവകാശവാദം.
Tags : Kerala University VC Registrar