ആറളം
ഗ്രാമപഞ്ചായത്ത്
ഇടത് വലത് മുന്നണികൾ മാറിമാറി ഭരണം പങ്കിടുന്ന ആറളം പഞ്ചായത്ത് ഒരിക്കലും ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക മമത കാണിക്കാറില്ല. 1955 ൽ ആറളം പഞ്ചായത്ത് ബോർഡ് നിലവിൽ വരുമ്പോൾ ഇപ്പോഴത്തെ അയ്യൻകുന്ന് പഞ്ചായത്ത് കൂടി ചേർന്നുള്ള പ്രദേശങ്ങളടങ്ങിയതായിരുന്നു ആറളം പഞ്ചായത്ത്. പുഴകളാൽ ചുറ്റപ്പെട്ട ആറളം ഫലഫൂയിഷ്ടമായ കൃഷിഭൂമിയുടെ പ്രദേശമാണ് ഈ പഞ്ചായത്ത്. വന്യമൃഗാക്രമണവും വന്യമൃഗങ്ങളിറങ്ങി കൃഷിനശിപ്പിക്കുന്നതുമാണ് ആറളം പഞ്ചായത്ത് നേരിടുന്ന പ്രധാന വെല്ലുവിളികൾ.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്നും പിടിച്ചെടുത്ത പഞ്ചായത്ത് ഭരണം നിലനിർത്താനാൻഎൽഡിഎഫ് ശ്രമിക്കുന്പോൾ കൈവിട്ടുപോയ ഭരണം ഇത്തവണ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിൽ യുഡിഎഫും പരിശ്രമിക്കുന്പോൾ ആറളം തീപ്പാറുന്ന പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. വാർഡ് പുനർവിഭജനത്തിൽ രണ്ടു വാർഡുകൾ കൂടിയത് ഇരു മുന്നണികൾക്കും നിർണായകവുമാണ്.
നേട്ടങ്ങൾ
കെ.പി. രാജേഷ് (പ്രസിഡന്റ്)
ജനങ്ങളുമായി ഏറ്റവും അടുത്തു നില്ക്കുന്ന ഭരണ സംവിധാനം എന്ന നിലയിൽ ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട് പരിഹരിക്കുന്നതിന് മുന്നിൽ നിന്ന് ഭരണ സമിതി പ്രവർത്തിച്ചിട്ടുണ്ട്. ലൈഫ്, ആർദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നിവയിൽ മുന്പെങ്ങുമില്ലാത്ത നേട്ടം കൈവരിക്കാനായി.
പശ്ചാത്തല വികസനത്തിലും ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകി. 272 ലൈഫ് വീടുകളും കേരഗ്രാമം പദ്ധതിയും നടപ്പിലാക്കി.
ആറളം പുനരധിവാസ മേഖലയിലെ ആദിവാസി ജനതയുടെ ജീവിത നിലവാരം ഉയർത്താൻ വിവിധ പദ്ധതികൾ നടപ്പിലാക്കി.
പരിപ്പ്തോട്, തോട്ടുകടവ്, വെമ്പുഴ, ചീങ്കണ്ണി, ഓടൻതോട് പാലങ്ങൾ പൂർത്തിയാക്കി.
പൊതുശ്മശാനം നവീകരിച്ച് ആധുനിക രീതിയിലുള്ള വാതകശ്മശാനമാക്കി.
ആറളം ജിഎച്ച്എസ്, ഇടവേലി സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമിച്ചതിനൊപ്പം എയ്ഡ്ഡ് സ്കൂളുകൾക്ക് ശുചിമുറികളും നിർമിച്ചു നൽകി.
കോട്ടങ്ങൾ
ജോർജ് ആലാംമ്പള്ളി (പ്രതിപക്ഷ നേതാവ്)
പഞ്ചായത്തിലെ പ്രധാന വികസന കേന്ദ്രമായി വളരേണ്ട എടൂർ ബസ് സ്റ്റാൻഡിന് അനുവദിച്ച പണം വകമാറ്റി ചെലവഴിച്ചു. 45 സ്വകാര്യ ബസുകളും 12 കെഎസ്ആർടിസി ബസുകളും സർവീസ് നടത്തുന്ന ബസ് സ്റ്റാൻഡും കെട്ടിടടുമടക്കം തകർച്ച നേരിടുകയാണ്.
പ്രളയത്തിൽ തകർന്ന മാങ്ങോട് പാലം യാഥാർഥ്യമാക്കുമെന്ന് വിശ്വസിപ്പിച്ച് ഭരണത്തിലെത്തിയവർ അഞ്ചു വർഷമായിട്ടും വാഗ്ദാനം പാലിച്ചില്ല. പത്തുവർഷമായി സംസ്ഥാനതല ഭരണമുള്ള മുന്നണിയിലായിട്ടും പാലം പണിയാൻ നടപടി സ്വീകരിച്ചില്ല.
രൂക്ഷമായ വന്യമൃഗശല്യം തുടരുന്പോഴും പ്രധാന കേന്ദ്രങ്ങളിൽ പോലും തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ പോലും കഴിഞ്ഞില്ല.
കുടിവെള്ള പ്രശ്നം പരിഹരിച്ചില്ലെന്നതിനു പുറമേ ജലനിധി പദ്ധികളും ഭരണത്തിൽ താളം തെറ്റി.
ആറളം ഫാമിലേയും പുരധിവാസ മേഖലയിലേയും കാട്ടാന ശല്യം തടയാൻ ബന്ധപ്പെട്ട വകുപ്പുകളിൽ ഇടപെടൽ നടത്തി പ്രതിരോധ സംവിധാനം ഒരുക്കുന്നതിലും പരാജയപ്പെട്ടു.
Tags : Aralam nattuvisesham local news