തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കരയിൽ പ്രവേശിച്ച 'മോൻതാ' തീവ്ര ചുഴലിക്കാറ്റ് തീരദേശ ആന്ധ്രയ്ക്ക് മുകളിൽ ചുഴലിക്കാറ്റായും നിലവിൽ അതിതീവ്ര ന്യൂനമർദമായും ശക്തി കുറഞ്ഞു. തുടർന്ന് വടക്ക് -വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ആന്ധ്രാപ്രദേശ്, അതിനോട് ചേർന്ന തെലുങ്കാന, തെക്കൻ ഛത്തീസ്ഗഡ് വഴി നീങ്ങി അടുത്ത ആറു മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി വീണ്ടും ശക്തി കുറയാൻ സാധ്യതയുണ്ട്.
അതേസമയം, മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 36 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്ക് - വടക്കു കിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്‍റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്.
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും; കർണാടക തീരത്ത് ഇന്നും വ്യാഴാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്നും വ്യാഴാഴ്ചയും കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Tags : Kerala rains weather update