തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മിലുണ്ടായിരുന്ന തർക്കം തീർന്നെന്ന് സൂചന. സിപിഐയുടെ നിലപാടിന് സിപിഎം വഴങ്ങിയതോടെയാണ് തർക്കം അവസാനിച്ചതെന്നും റിപ്പോർട്ടുണ്ട്.
ഇതോടെ ഇന്ന് വൈകുന്നേരം നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കും എന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരം. വിഷത്തിൽ ഇരു പാർട്ടികളും ഇന്ന് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വൈകാതെ ഔദ്യോഗിക പ്രതികരണം ഉണ്ടാകുമെന്നാണ് സൂചന.
പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ ഒപ്പുവച്ച കരാർ റദ്ദാക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകുമെന്നാണ് സൂചന. ഈക്കാര്യം സിപിഐയെ സിപിഎം അറിയിച്ചെന്നാണ് വിവരം. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും.
എന്നാൽ ഇക്കാര്യത്തിൽ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ ഉടക്ക് തുടരുന്നതിനിടെയാണ് സിപിഎമ്മിന്റെ പുനരാലോചനയെന്നതാണ് പ്രസക്തമാവുന്നത്.
അതേസമയം, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി സംസാരിച്ചു. കേരളത്തിലെ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ബേബി ഡി. രാജയെ ഫോണിൽ വിളിച്ചത്.
Tags : pm shri scheme cpi cpm ldf ldf government