ഹാമിൽടൺ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ന്യൂസിലൻഡ്. ഇന്ന് നടന്ന രണ്ടാം മത്സരത്തിലും വിജയിച്ചതോടെയാണ് കിവീസ് പരമ്പര സ്വന്തമാക്കിയത്. ആദ്യ മത്സരത്തിലും ന്യൂസിലൻഡ് വിജയിച്ചിരുന്നു.
ഹാമിൽട്ടണിൽ നടന്ന രണ്ടാം മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ന്യൂസിലൻഡ് വിജയിച്ചത്. ഇംഗ്ലണ്ട് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം 33.1 ഓവറിൽ ന്യൂസിലൻഡ് മറികടന്നു. രചിൻ രവീന്ദ്രയുടെയും ഡാരൽ മിച്ചലിന്റെയും അർധ സെഞ്ചുറിയുടെയും നായകൻ മിച്ചൽ സാന്റ്നറിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നത്.
56 റൺസെടുത്ത മിച്ചലാണ് ന്യൂസിലൻഡിന്റെ ടോപ് സ്കോറർ. രചിൻ 54 റൺസും സാന്റ്നർ 34 റൺസും സ്കോർ ചെയ്തു. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റെടുത്തു. ജാമി ഓവർട്ടണും ആദിൽ റഷീദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 36 ഓവറിൽ 175 റൺസെടുത്ത് ഓൾഔട്ടാവുകയായിരുന്നു. 42 റൺസെടുത്ത ജാമി ഓവർട്ടന്റെയും 34 റൺസെടുത്ത നായകൻ ഹാരി ബ്രൂക്കിന്റെയും 25 റൺസെടുത്ത ജോ റൂട്ടിന്റെയും മികവിലാണ് ഇംഗ്ലണ്ട് 175 റൺസെടുത്തത്.
ന്യൂസിലൻഡിന് വേണ്ടി ബ്ലെയ്ർ ടിക്ക്നർ നാല് വിക്കറ്റെടുത്തു. നതാൻ സ്മിത്ത് രണ്ട് വിക്കറ്റ് എടുത്തു. ജേക്കബ് ഡഫി, സക്കാറി ഫോൽക്ക്സ്, മിച്ചൽ സാന്റ്നർ, മൈക്കൽ ബ്രെയ്സ്വൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ബ്ലെയ്ർ ടിക്ക്നറാണ് മത്സരത്തിലെ താരം. ശനിയാഴ്ചയാണ് പരന്പരയിലെ അവസാന മത്സരം.