നനഞ്ഞ നെല്ല് യന്ത്രസഹായത്തോടെ കാറ്റടിപ്പിച്ച് വൃത്തിയാക്കുന്ന മംഗലത്തെ കർഷകനായ മോഹനനും സഹായികളും
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: പിഎം ശ്രീ വിഷയത്തിൽ സിപിഎം- സിപിഐ പോരിനൊപ്പം തോരാത്തമഴയിൽ നെൽപ്പാടങ്ങളിൽ നിന്നുയരുന്നത് കർഷകരുടെ നിലയ്ക്കാത്ത വിലാപങ്ങൾ. തോരാ മഴയും നെല്ലുസംഭരണം അനിശ്ചിതത്വത്തിൽ തുടരുന്നതുമാണ് കർഷകരെ കണ്ണീർക്കയങ്ങളിലാക്കുന്നത്. കൊയ്തെടുത്ത നെല്ല് വിൽക്കാനാകാതെ പാതയോരത്തും കളങ്ങളിലും കൂട്ടിയിട്ട നെല്ല് മഴയിൽ നശിക്കുകയാണ്.
ഇതുമൂലം ഓരോ നെൽകർഷകനും ഭീമമായ നഷ്ടമാണുണ്ടാകുന്നത്. കർഷകർ നഷ്ടങ്ങളുടെ കഷ്ടപ്പാടുകളിൽ വിലപിക്കുമ്പോഴും നെല്ലുസംഭരണ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രിയ പാർട്ടികളും വല്യേട്ടൻ ചെറിയേട്ടൻ കളികളിലാണ്.
മുളയ്ക്കുന്ന ആശങ്ക
പാടങ്ങളിൽ വെള്ളംനിറഞ്ഞ് നെല്ലുകൊയ്യാനാകാതെ മുളച്ചുപൊന്തുന്ന കാഴ്ചകളും ഏറെ ഹൃദയഭേദകമാണ്. മംഗലത്തെ കണ്യാർകുന്നത്ത് മോഹനനെന്ന കർഷകർ ചല്ലുപടി, തെക്കേത്തറ എന്നിവിടങ്ങളിലായി പാട്ടത്തിനെടുത്ത 50 ഏക്കറിലാണ് ഒന്നാംവിള നെൽകൃഷി ചെയ്തത്. ഇതിൽ ഭൂരിഭാഗവും കൊയ്ത്തു കഴിഞ്ഞു. എന്നാൽ കൊയ്തെടുത്ത നെല്ല് എന്തുചെയ്യണമെന്നറിയാതെ വലിയ മാനസിക പ്രയാസത്തിലാണ് ഈ കർഷകൻ. പറമ്പിൽ കൂട്ടിയിട്ടിരുന്ന നെല്ല് മഴയിൽ നനഞ്ഞതോടെ പണിക്കാരെവച്ച് നെല്ല് പലക്കുറി യന്ത്രസഹായത്തോടെ കാറ്റടിപ്പിച്ച് ഉണക്കിയെടുക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
നെല്ലുവൃത്തിയാക്കി കിട്ടിയ വിലയ്ക്ക് കൊടുക്കണം. മുന്നിൽ വേറെ വഴികളില്ല- മോഹനൻ പറഞ്ഞു. മോഹനന്റെ കൊയ്യാറായ രണ്ടേക്കറിലധികം കൃഷി വെള്ളംമുങ്ങിയും നശിച്ചിട്ടുണ്ട്.
ചല്ലുപടി സെന്ററിനടുത്ത് റോഡരിൽ നെല്ലുണക്കാൻ കൂട്ടിയിട്ട സുദേവൻ എന്ന കർഷകന്റെ കുറെയധികം നെല്ല് മഴയിൽ കനാലിലേക്കൊലിച്ചുപോയി. ടാർപോളിൻകൊണ്ട് മൂടിയിട്ട നെല്ലിനടിയിലൂടെ വെള്ളം ഒഴുകിയാണ് നെല്ല് നഷ്ടപ്പെട്ടത്.
ദയനീയം കർഷകാവസ്ഥ
കിലോയ്ക്ക് 28 രൂപ 20 പൈസ സംഭരണ വിലയുള്ളപ്പോൾ സ്വകാര്യ നെല്ല് ഏജൻസികളും മില്ലുക്കാരും വളരെ കുറഞ്ഞ വിലയ്ക്കാണ് നെല്ലെടുക്കുന്നത്. കിലോയ്ക്ക് 10 രൂപവരെ കുറച്ച് നെല്ലുവിൽക്കേണ്ടിവരുന്ന ദയനീയ സ്ഥിതിയാണുള്ളതെന്ന് മോഹനൻ പറയുന്നു. മഴ തുടരുന്നതിനാൽ നെല്ല് കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കുന്നതിനും വലിയ ചെലവുവരും. ടാർപോളിൻ വാങ്ങാനും കൂലിയിനത്തിലുമൊക്കെയായി ചെലവ് ഏറുകയാണ്. നാട്ടിലെവിടേയും നെൽകൃഷി ഇല്ലാതാക്കാനാണോ ഈ സർക്കാർ ശ്രമമെന്ന കുറ്റപ്പെടുത്തലാണു കർഷകർ നടത്തുന്നത്.
ഏതുസമയത്ത് ഒന്നാം വിളയുടെ കൊയ്ത്ത് തുടങ്ങും, അവസാനിക്കും എന്നൊക്കെ നേരത്തെ അറിയാമെന്നിരിക്കെ സംഭരണവിഷയത്തിൽ എന്തിനാണ് അവസാന നിമിഷങ്ങളിൽ ചർച്ചകളും കൂടിയാലോചനകളും നടത്തി കർഷകരെ ഇത്തരത്തിൽ വഞ്ചിക്കുന്നതെന്നാണ് കർഷകർ ചോദിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒന്നാംവിള കൃഷിക്കും രണ്ടാംവിള കൃഷിക്കും ഈ സ്ഥിതി തുടരുകയാണ്.
ദ്രോഹം തുടരുന്പോൾ...
നെല്ലുസംഭരണം യഥാസമയം നടത്താനുള്ള സംവിധാനം ഒരുക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് കർഷകർക്ക് പ്രതീക്ഷ നൽകി ഈ വിധം ദ്രോഹിക്കുന്നതെന്ന് കർഷകർ ചോദിക്കുന്നു. കടം വാങ്ങിയും കടം പറഞ്ഞും വീട്ടുകാരുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയുമൊക്കെയാണ് കർഷകർ ഓരോ വിള നെൽകൃഷിയും ചെയ്യുന്നത്.
കൊയ്ത്ത് കഴിയുമ്പോൾ ബാധ്യതകൾ തീർക്കാം എന്ന കണക്കുകൂട്ടലിലാണ് ഓരോ വിളകൃഷിയാകുമ്പോഴും കർഷകർ കൃഷിപണികളിലേക്കിറങ്ങുന്നത്. എന്നാൽ കർഷകരോടുള്ള സർക്കാരിന്റെ അവഗണനയും അപ്രതീക്ഷിതമായുണ്ടാകുന്ന മഴയും കർഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
നെല്ലുസംഭരണവുമായി ബന്ധപ്പെട്ട ഇന്നലത്തെ എറണാകുളത്തെ യോഗം നടക്കാതെ പോയതിലും കർഷകരിൽ നിന്നും വലിയ വിമർശനമാണുയരുന്നത്. സിപിഎം- സിപിഐ പോരിൽ മുഖ്യമന്ത്രി നെൽകർഷകര അപമാനിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന ആരോപണമാണ് കർഷകരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.
എന്തായാലും ന്യൂനമർദ മഴയും കർഷകരോടുള്ള സർക്കാർ അവഗണനയും മൂലം സ്വകാര്യ അരിമില്ലുകാർക്കാണ് ചാകരയായിട്ടുള്ളത്. നെല്ലുസൂക്ഷിക്കാൻ സൗകര്യമില്ലാത്തവരും വലിയ സാമ്പത്തിക ബാധ്യതയുള്ളവരും കിട്ടുന്നവിലയ്ക്ക് നെല്ലുവിൽക്കേണ്ട ഗതിക്കേടിലാണ്.
Tags : Rice farmers nattuvisesham local news