ചെട്ടിയാംപറമ്പ്-പൂക്കുണ്ട് ഉന്നതി റോഡിലെ ടാറിംഗ് ഇളകി തകർന്ന നിലയിൽ.
ചെട്ടിയാംപറമ്പ്: കുടിയേറ്റത്തിന്റെ പഴക്കമുള്ള ചെട്ടിയാംപറമ്പ്-പൂക്കുണ്ട് വർഷങ്ങളായി തകർന്നു കിടന്നിട്ടും പുനർനിർമിക്കാനോ അറ്റകുറ്റപ്പണി നടത്താനോ തയാറാകാതെ അധികൃതർ. ചെട്ടിയാംപറമ്പ് പള്ളി കവല-പൂക്കുണ്ട് ഉന്നതിയിലേക്കുള്ള പ്രധാന റോഡാണിത്.
ഒരുകിലോമീറ്റർ മാത്രം ദൂരമുള്ള റോഡ് കൂടാതെ കണിച്ചാർ-അടയ്ക്കാത്തോട് സമാന്തര റോഡിലേക്ക് ബന്ധിപ്പിക്കുന്ന റോഡുകൂടിയാണിത്. രണ്ടുവർഷത്തിലധികമായി ഈറോഡ് തകർന്ന നിലയിലാണ്. റോഡിലെ ബിറ്റുമിന്‍ ഇളകി യാത്ര വളരെ ദുഷ്കരമാണ്. ഇരുചക്ര വാഹനങ്ങൾ പലപ്പോഴും ഇവിടെ അപകടത്തിൽപ്പെടുന്നു.
കൂടാതെ വാഹനങ്ങൾ പോകുമ്പോൾ കാൽനട യാത്രക്കാരുടെ ദേഹത്ത് മെറ്റലുകൾ പതിക്കുന്നതും പതിവാണ്. റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നിരവധി തവണ പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നു പറയുന്നു. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് നാട്ടുകാർ പറയുന്നു.
എന്നാൽ ടെൻഡർ നടപടികൾ പൂർത്തിയാക്കിയെന്നും നിർമാണപ്രവർത്തികൾ ഉടൻ ആരംഭിക്കുമന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
Tags : damaged road; nattuvisesham local news