ചിറ്റൂർ: ആളിയാർ അണക്കെട്ടിനുതാഴെ തമിഴ്നാട് സർക്കാർ സമാനമായ രീതിയിൽ വൻകിട അണക്കെട്ടു നിർമിക്കുന്നതിൽ കർഷക ആശങ്ക ഉയരുന്നു.
ചിറ്റൂർ താലൂക്കിൽ കാർഷിക, കുടിവെള്ള ക്ഷാമത്തിനു കാരണമാകുമെന്ന ആശങ്കയാണ് പ്രധാനം.
പറമ്പിക്കുളം- ആളിയാർ കരാർപ്രകാരം ചിറ്റൂർപുഴയ്ക്കു ലഭിക്കുന്ന 7.25 ടിഎംസിക്കു പുറമെ ആളിയാർഡാമിനു താഴെമുതൽ മണക്കടവ് വിയർ വരെ പെയ്യുന്ന മഴവെള്ളവും ഇതുവരെ ചിറ്റൂർ പുഴയിലേക്കാണ് ലഭിച്ചിരുന്നത്.
ഇതുകാരണം വേനൽകാലത്തുപോലും പുഴയിൽ നേരിയ ഒഴുക്കെത്തിക്കൊണ്ടിരുന്നു. ഈ വെള്ളം കുടിവെള്ള പദ്ധതികൾക്കും ഏറെ ഗുണകരമായിരുന്നു. തമിഴ്നാട് കഴിഞ്ഞ വർഷത്തെ ബജറ്റിലാണ് ആളിയാറിനുതാഴെ പുതിയ അണക്കെട്ട് നിർമിക്കാൻ തീരുമാനിച്ചത്.
ഈ സമയത്തുതന്നെ ആളിയാറിനു താഴ്ഭാഗത്തുള്ള തമിഴ്കർഷകർ വിഷയത്തിൽ പ്രതിരോധവുമായി രംഗത്തുവന്നിരുന്നു. എന്നിട്ടും ചിറ്റൂർ താലൂക്കിലെ കർഷകർ മൗനം പാലിക്കുകയാണുണ്ടായത്.
ഇക്കഴിഞ്ഞ ദിവസം തമിഴ്നാട് മന്ത്രിസഭ അണക്കെട്ട് നിർമാണത്തിന് 11000 കോടി വകയിരുത്തി യുദ്ധകാല അടിസ്ഥാനത്തിൽ പദ്ധതി പൂർത്തികരിക്കാനും നിർദേശിക്കുകയുണ്ടായി.
പറമ്പിക്കുളം- ആളിയാർ കരാർ ലംഘിച്ച് റഗുലേറ്ററി ബോർഡുമായി ചർച്ച നടത്താതെയാണ് ഏകപക്ഷീയമായി തമിഴ്നാട് ആളിയാറിനുതാഴെ പുതിയ അണക്കെട്ട നിർമിക്കാനൊരുങ്ങുന്നത്.
പറമ്പിക്കുളംഡാം നിറഞ്ഞാൽ ഷട്ടർതുറന്ന് പുഴയോലിറക്കുന്ന വെള്ളം ആളിയാർഡാംവഴി ചിറ്റൂർ പുഴയിലേക്കാണ് ഇറക്കിയിരുന്നത്. തമിഴ്നാടിന്റെ നിർദിഷ്ട അണക്കെട്ട് പ്രാബല്യത്തിലായാൽ ഈ വെളളവും തമിഴ്നാട് കൊണ്ടുപോകും.
വിഷയത്തിൽ വിവാദം തുടങ്ങിയിട്ടുണ്ടെങ്കിലും കർഷകക്കൂട്ടായ്മകൾ പരസ്യമായി രംഗത്തെത്തിയിട്ടുമില്ല. നാമമാത്രമായ പ്രതിഷേധങ്ങളൊന്നും തമിഴ്നാടിനോടു വിലപ്പോവില്ലെന്നിരിക്കേ കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപടൽ നിർണായകമാണ്.
Tags : New dam nattuvisesham local news