എലിഞ്ഞിപ്ര: സെന്റ് മേരീസ് ലൂർദ് ഇടവകയുടെ നവതിയോടനുബന്ധിച്ച് ഭവന രഹിതർക്കായി നിർമിച്ച നാല് വീടുകളിൽ രണ്ട് വീടുകളുടെ താക്കോൽദാനം നടന്നു.
വികാരി റവ.ഡോ. ആന്റോ കരിപ്പായി, സഹവികാരി ഫാ. ക്ലിന്റൺ പെരിഞ്ചേരി എന്നിവർചേർന്ന് ആശീർവാദം നിർവഹിച്ചു. കൺവീനർ സിബു ചേലക്കാട്ട്, ഡേവിസ് കരിപ്പായി, കൈക്കാരന്മാരായ വർഗീസ് മാളിയേക്കൽ, ജോണി കിഴക്കൂടൻ, ജോയ് ഉദിനിപ്പറമ്പൻ എന്നിവർ നേതൃത്വംനൽകി. ഇടവകയിലെ സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയും പാരിഷ് ബുള്ളറ്റിൻ കമ്മിറ്റിയും സഹകരിച്ചാണ് നിർമാണത്തിനുള്ള തുക കണ്ടെത്തിയത്. വർഗീസ് പുല്ലോക്കാരൻ സൗജന്യമായി സ്ഥലവും ലൂർദ് മാത സോഷ്യൽ സെന്ററും സിഎംസി സിസ്റ്റേഴ്സുംചേർന്ന് വഴിയുംനൽകി.
ആദ്യഘട്ടത്തിൽ രണ്ട് വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. ഇതോടൊപ്പം കുട്ടാടൻപാടം റോഡിൽ ജോസ് പറനിലം സൗജന്യമായിനൽകിയ സ്ഥലത്തെ നവീകരിച്ച വീടിന്റെ താക്കോൽ ദാനവും ഉണ്ടായിരുന്നു.