ഉദയഗിരി: ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഉദയഗിരി പഞ്ചായത്തിലെ അരിവിളഞ്ഞപൊയിൽ മൂന്നാം വാർഡിൽ കൊന്നൊടുക്കിയ പന്നികളുടെ നഷ്ടപരിഹാരം നൽകുന്നതിൽ അധികൃതർക്ക് രണ്ടു സമീപനം. പന്നിപ്പനി സ്ഥീകരിച്ച ഫാമുകളിലെ മുഴുവൻ പന്നികൾക്കും നഷ്ടപരിഹാരം നൽകിയപ്പോൾ രോഗം പിടിക്കപ്പെടാതെ കലക്ടറുടെ ഉത്തരവിനെ തുടർന്ന് കൊന്നൊടുക്കിയ സമീപ പ്രദേശങ്ങളിലെ ഒന്പത് കുടുംബങ്ങൾക്കാണു നഷ്ടപരിഹാരം നൽകാത്തത്.
നഷ്ടപരിഹാരം നൽകുമെന്ന് വാഗ്ദാനം നൽകിയാണ് ഇവരുടെ ഫാമുകളിലെ ഇരുനൂറിലധികം പന്നികളെ കൊന്നൊടുക്കിയത്. അധികൃതരുടെ ഒരു പന്തിയിലെ രണ്ടു വിളമ്പിനെതിരെ പ്രതിഷേധത്തിലാണു പന്നി കർഷകർ. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ തങ്ങളുടെ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അധികൃതർ കൈമലർത്തുന്നതിൽ ആശങ്കയിലാണു കർഷകർ.
മണ്ണാത്തിക്കുണ്ട് ബാബു കൊടക്കനാലിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി ആദ്യം സ്ഥിരീകരിച്ചത്. ഈ ഫാമിലെയും ഒരു കിലോമീറ്റർ ചുറ്റുളവിലുള്ള മുഴുവൻ ഫാമുകളിലെയും പന്നികളെയാണ് ഉന്മൂലനം ചെയ്തത്. പല ഫാമുകളിലെയും പന്നികൾക്ക് രോഗലക്ഷണമില്ലാതിരുന്നിട്ടും രോഗ പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഇവയെയും കൊല്ലുകയായിരുന്നു.
നഷ്ടപരിഹാരം ലഭിക്കാത്ത കർഷകർ ബാങ്കുകളിൽ നിന്നും സഹകരണ സംഘങ്ങളിൽ നിന്നും വായ്പകളെടുത്താണ് സംരംഭം ആരംഭിച്ചത്. 10 കിലോഗ്രാമിനു മുകളിലുള്ള പന്നിക്കുഞ്ഞുങ്ങളെ 15,000 മുതൽ 20,000 രൂപ വരെ നൽകിയാണു വാങ്ങിയത്.
നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമേ ബാങ്ക് വായ്പ പോലും തിരിച്ചടയ്ക്കാൻ കഴിയൂ എന്ന അവസ്ഥയിലൂടെയാണു കർഷകർ കടന്നുപോകുന്നത്. പലരും ജപ്തി ഭീഷണി നേരിടുകയാണ്.
Tags : pigs nattuvisesham local news