പത്തനംതിട്ട: പിഎം ശ്രീ വിഷയത്തിൽ സിപിഎം, ബിജെപി ഡീൽ ഉയർത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കാൻ കെഎസ്യു. നാളെ വിദ്യാഭ്യാസമന്ത്രിയുടെ വസതിയിലേക്ക് കെഎസ്യു നെറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
നാളെ സ്പീക്ക് അപ്പ് കാമ്പയ്നും, ചൊവ്വാഴ്ച നിയോജക മണ്ഡലതലങ്ങളിൽ സ്റ്റുഡൻസ് വാക്ക് പരിപാടിയും ബുധനാഴ്ച ജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. തുടർന്ന് 1000 വിദ്യാർഥികളെ അണി നിർത്തി ലോംഗ് മാർച്ചും സംഘടിപ്പിക്കാൻ മാരമൺ റിട്രീറ്റ് സെന്ററിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമിനമായതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
കേന്ദ്രത്തിന്റെ അജണ്ടകളെ രാജ്യത്തിന്റെ മുഴുവൻ സംസ്ഥാനങ്ങളിലും പ്രചരിപ്പിക്കാനുള്ള ഉപാധിയായി പിഎം ശ്രീ ഉപയോഗിക്കുന്നുവെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. കേരളത്തിന്റെ മേഖലയെ ആർഎസ്എസിനു തീറെഴുതിയ മന്ത്രി വി. ശിവൻകുട്ടിയെ വഴിയിൽ തടയുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് എൻഎസ്യു -ഐ ദേശീയ ജനറൽ സെക്രട്ടറി അനുലേഖ ബൂസ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ജെ. യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ, ആൻ സെബാസ്റ്റ്യൻ, മുഹമ്മദ് ഷമാസ്,സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : KSU Education Minister Pathanamthitta