District News
പ്രമാടം: ശബരിമല റോഡ് വികസനത്തിന് മുന്‍തൂക്കം നല്‍കുന്നതായി മന്ത്രി പി. എ. മുഹമ്മദ് റിയാസ്. പ്രമാടം ഗ്രാമപഞ്ചായത്തിലെ ചള്ളംവേലിപ്പടി - പ്രമാടം ക്ഷേത്രം - ഇരപ്പുകുഴി റോഡ് ഉദ്ഘാടനവും പ്രമാടം പഞ്ചായത്ത് ഓഫീസ് കുരിശുമ്മൂട് കൊട്ടി പിള്ളേത്ത് - ഐരേത്ത് വിള റോഡിന്റെ നിര്‍മാണോദ്ഘാടനവും പൂങ്കാവ് ജംഗ്ഷനില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ബിഎംബിസി നിലവാരത്തില്‍ 3.1 കിലോ മീറ്റര്‍ ഇരപ്പുകുഴി -പ്രമാടം ക്ഷേത്രം റോഡും 1.55 കിലോ മീറ്റര്‍ പാളക്കടവ് - ചള്ളംവേലിപ്പടി റോഡും നവീകരിച്ചത്. പ്രമാടം പഞ്ചായത്ത് ഓഫീസ് മുതല്‍ കൊട്ടിപിള്ളേത്ത് വരെ 3.4 കിലോ മീറ്റര്‍ റോഡാണ് നവീകരിക്കുന്നത്. 11 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ശബരിമല തീര്‍ഥാടകരുടെ സഞ്ചാരം സുഗമമാക്കും. തീര്‍ഥാടനത്തിന് മുമ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വകുപ്പില്‍ പ്രത്യേക കോര്‍ ടീം രൂപീകരിച്ചിട്ടുണ്ട്. പ്രവൃത്തി വിലയിരുത്തുന്നതിന് ചീഫ് എൻജിനിയര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധന നടത്തിയതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡുകളുടെ നിലവാരം ഉയര്‍ത്തി. സംസ്ഥാന പാതകള്‍ നാലുവരിയായും പ്രധാന ജില്ല പാതകള്‍ രണ്ടുവരിയായും ഘട്ടം ഘട്ടമായി വികസിപ്പിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് എലവേറ്റഡ് ഹൈവേയും ബൈപാസും ആസൂത്രണം ചെയ്യുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെ.യു. ജനീഷ്കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. നവീത്, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. മോഹനന് നായര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയര്‍ ജി. ബാബുരാജന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
District News
അടൂർ: സംസ്ഥാനത്തെ കാലിസമ്പത്തിന്റെ വർധന ലക്ഷ്യമിട്ട് കന്നുകുട്ടികളെ ദത്തെടുക്കുന്ന പദ്ധതി വ്യാപിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജില്ലാ ക്ഷീരസംഗമം - നിറവ് 2025 ന്റെ സമാപനത്തോടനുബന്ധിച്ച് അടൂർ കണ്ണങ്കോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ പാരീഷ് ഹാളിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കാലിസമ്പത്ത് കുറയുന്നതാണ് ക്ഷീരമേഖലയുടെ വലിയ വെല്ലുവിളി. ഇത് മറികടക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ കിടാരി പാർക്കുകൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ക്ഷീരകർഷകർക്ക് കേരള ബാങ്കിൽനിന്നും ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം വരെ ഗവൺമെന്റ് പലിശ അടയ്ക്കുന്ന പദ്ധതിയിൽ വായ്പ ആവിഷ്കരിച്ചിട്ടുണ്ട്.
ക്ഷീരകർഷകർക്ക് ആരോഗ്യ ഇൻഷ്വറൻസ് സംരക്ഷണം രണ്ടു ലക്ഷം രൂപ വരെയും അപകടത്തിൽ മരണപ്പെട്ടാൽ ഏഴു ലക്ഷം രൂപ വരെയുമുള്ള സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
ക്ഷീരകർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് മിൽമയുടെ ഒഴിവുകളിൽ മുൻഗണന കൊടുത്ത് നിയമിക്കണമെന്ന ഓർഡർ സർക്കാർ പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് റിപ്പോർട്ട് അവതരിപ്പിച്ചു.ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണിക്കൃഷ്ണൻ, റ്റിആർസിഎംപിയു ചെയർമാൻ മണി വിശ്വനാഥ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയമ്മ, അടൂർ നഗരസഭാ ചെയർമാൻ കെ. മഹേഷ് കുമാർ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞുമ്മ കുറുപ്പ്, റ്റിആർസിഎംപിയു അംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, പി.വി. ബീന,
മേലൂട് ക്ഷീരസംഘം പ്രസിഡന്റ് എ.പി. ജയൻ, പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റോഷൻ ജേക്കബ്, ആർ. തുളസീധരൻപിള്ള, എ.പി. സന്തോഷ്, സിപിഐ സംസ്ഥാന കമ്മിറ്റിയംഗം ഡി. സജി, മലയാലപ്പുഴ ശശി, ഷിബു ബി., സന്ധ്യാ രാജ്, ഡെപ്യൂട്ടി ഡയറക്ടർ പി. അനിത എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ മികച്ച ക്ഷീരകർഷകരെ ആദരിക്കുകയും വിവിധ മത്സരങ്ങളിലെ വിജയികൾക്കായുള്ള സമ്മാനദാനവും നടന്നു. ക്ഷീരകർഷകർക്കായി നടന്ന സെമിനാറിൽ കെഎൽഡി ബോർഡ് ഡെപ്യൂട്ടി മാനേജർ ഡോ. വി.ആർ. ജിതിൻ വിഷയം അവതരിപ്പിച്ചു. ജോയിന്റ് ഡയറക്ടർ ഷീബ ഖമർ മോഡറേറ്ററായിരുന്നു. നാട്ടുശാസ്ത്രം പരിപാടിക്ക് സജോ ജോഫ് നേതൃത്വം നൽകി.
ഡയറി എക്സ്പോയിൽ മിൽമ, കേരള ഫീഡ്സ് എന്നിവയുടെ വിവിധ ഉത്പനങ്ങളുടെയും കാർഷിക - ക്ഷീര മേഖലയിൽ ഉപയോഗിച്ചുപോരുന്ന വിവിധ യന്ത്രോപകരണങ്ങളുടെയും കാലിത്തീറ്റയുടെയും പ്രദർശനവും വില്പനയും നടന്നു.
District News
തിരുവല്ല: സെൻട്രൽ ട്രാവൻകൂർ സഹോദയ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കലോത്സവം രണ്ടാം ഭാഗം ഇന്നലെ തിരുവല്ല ബിലീവേഴ്സ് ചർച്ച് റസിഡൻഷൽ സ്കൂളിൽ ആരംഭിച്ചു. മാന്താനം ചോയ്സ് സ്കൂളിൽ ആദ്യഘട്ടം മത്സരങ്ങൾ നേരത്തേ പൂർത്തീകരിച്ചിരുന്നു. മത്സരങ്ങൾ ഇന്നു സമാപിക്കും.
വൈകുന്നേരം 4 30ന് സമാപന സമ്മേളനത്തിൽ മിസ് കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ 2025 സെക്കൻഡ് റണ്ണറപ്പ് എയ്ഞ്ചൽ സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരിക്കും. സെൻട്രൽ ട്രാവൻകൂർ സഹോദയ കോംപ്ലക്സ് പ്രസിഡന്റ് ബിൻസി സൂസൻ ടൈറ്റസ് അധ്യക്ഷത വഹിക്കും.
ബിലീവേഴ്സ് ചർച്ച് റസിഡൻഷൽ സ്കൂൾ പ്രിൻസിപ്പൽ ഷേർലി ആൻ തോമസ്, സിടിഎസ്സി സെക്രട്ടറി സിസ്റ്റർ മാഗി എലിസബത്ത്, ട്രഷറർ നിഷ എബി, ജനറൽ കോ -ഓർഡിനേറ്റർ ലതാ പ്രകാശ്, ജോസഫ് സി. മൈക്കിൾ എന്നിവർ പ്രസംഗിക്കും. സമ്മാനാർഹരായ കുട്ടികൾക്കും സ്കൂളുകൾക്കും ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്യും.
District News
റാന്നി: റാന്നി ടൗണിന്റെ ഭാഗമാണ് അങ്ങാടി ഗ്രാമപഞ്ചായത്ത്. പമ്പാ നദിയാണ് പഞ്ചായത്തിന്റെ അതിർത്തി. ഒരുഭാഗത്ത് വനവും പഞ്ചായത്തിന്റെ ഭാഗമാകും. ഇത്തരത്തിൽ ടൗണിന്റെയും ഗ്രാമത്തിന്റേതുമായ വികസനസംസ്കാരം കൂടിച്ചേർന്ന സ്ഥലമാണ് റാന്നി - അങ്ങാടി ഗ്രാമപഞ്ചായത്ത്. പന്പയുടെ തീരത്താണെങ്കിലും കുടിവെള്ള പ്രശ്നങ്ങളും റോഡും തോടുമൊക്കെ പഞ്ചായത്തിന്റെ ആവശ്യങ്ങളുടെ പട്ടികയിലുണ്ട്.
കാർഷിക മേഖലയിൽ കാട്ടുപന്നി ഉയർത്തുന്ന വെല്ലുവിളിയാണ് പഞ്ചായത്ത് നേരിടുന്ന പ്രധാന വെല്ലുവിളി. ഗ്രാമപഞ്ചായത്തിന്റെ അധികാരം വിനിയോഗിച്ച് ആദ്യഘട്ടത്തിൽതന്നെ കാട്ടുപന്നിയെ വെടിവച്ചു കൊന്ന പഞ്ചായത്താണ് അങ്ങാടി. ഷൂട്ടർമാർ സ്വന്തമായി ഉള്ളതിനാൽ ശല്യക്കാരായ കാട്ടുപന്നികളെ കുറെയൊക്കെ അമർച്ച ചെയ്തെങ്കിലും കാർഷിക മേഖലയിൽ ഇവ ഉയർത്തുന്ന വെല്ലുവിളിക്കു പരിഹാരമായിട്ടില്ല. വനത്തോടു ചേർന്ന പ്രദേശങ്ങളിൽ കർഷകർക്ക് മറ്റു മൃഗങ്ങളിൽനിന്നു ശല്യം നേരിടേണ്ടി വരുന്നുണ്ട്.
നേട്ടങ്ങൾ
അഡ്വ. ബിന്ദു റെജി
(പഞ്ചായത്ത് പ്രസിഡന്റ്)
പദ്ധതി നിർവഹണത്തിൽ പ്രത്യേക ശ്രദ്ധ. 2024 - 25 വാർഷിക പദ്ധതി വിനിയോഗത്തിൽ നൂറു ശതമാനം ഫണ്ട് ചെലവഴിച്ച് ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് 12 -ാം സ്ഥാനവും നേടി.
2018ലെ പ്രളയത്തിൽ അങ്ങാടിക്കു നഷ്ടപ്പെട്ട പോസ്റ്റ് ഓഫീസ് തിരികെ കൊണ്ടുവന്നു.
പിഎച്ച്സിക്ക് സ്വന്തമായി കെട്ടിടം നിർമിച്ചു. വരവൂർ ഗവ. യുപി സ്കൂളിന് ഒരു കോടി രൂപ ചെലവിൽ പുതിയ കെട്ടിടവും പഞ്ചായത്ത് ഫണ്ടിൽനിന്ന് ഒന്‍പത് ലക്ഷം ചെലവഴിച്ച് അടുക്കളയും നിർമിച്ചു.
ആയുർവേദ ഡിസ്പെൻസറിയുടെ ഗുണനിലവാരം ഉയർത്തി. എൻഎബിഎച്ച് അംഗീകാരം നേടി.
45 ലക്ഷം ചെലവഴിച്ച് ചവറംപ്ലാവ് കുടിവെള്ള പദ്ധതി പൂർത്തിയാക്കി.
പഞ്ചായത്തിലെ ഒട്ടുമിക്ക റോഡുകളും സഞ്ചാരയോഗ്യമാക്കി.
എംഎൽഎ ഫണ്ടിൽനിന്നു ലഭിച്ച ഒരു കോടി രൂപ ചെലവഴിച്ച് പേട്ടയിൽ വലിയതോടിനു സംരക്ഷണ ഭിത്തി നിർമിച്ചു.
എട്ടാം വാർഡിലെ അങ്കണവാടിക്ക് കെട്ടിടവും ഒന്‍പത് അങ്കണവാടി കെട്ടിടങ്ങൾക്ക് മുകളിൽ റൂഫ് നിർമിച്ച് സാംസ്കാരിക നിലയങ്ങളും നിർമിച്ചു.
മൃഗാശുപത്രിയുടെ ടെറസിലും റൂഫിംഗ് നിർമിച്ച് സാംസ്കാരിക നിലയമാക്കി.
തോടുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാൻ പേട്ട, പുളിമുക്ക് പാലങ്ങളിലും തോട്ടക്കുറ്റി കലുങ്കിലും ഫെൻസിംഗ് നിർമാണം.
കേരഗ്രാമം പദ്ധതിയിൽ പഞ്ചായത്തിനെയും ഉൾപ്പെടുത്തി.
ശുചിത്വവുമായി ബന്ധപ്പെട്ട് എല്ലാ വാർഡുകളിലും എംസിഎഫും ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു. വീടുകളിൽ ബയോ കന്പോസ്റ്റിനുകൾ വിതരണം ചെയ്തു.
പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം നിർമിക്കാൻ നടപടികളായി.
ഷൂട്ടർമാരെ നിയോഗിച്ച് കാട്ടുപന്നികളെ വെടിവച്ച് കർഷകരെ സഹായിക്കാനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധികാരം വിനിയോഗിച്ച് പരമാവധി ഇടങ്ങളിൽ ഷൂട്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കോട്ടങ്ങൾ
എം.എം. മുഹമ്മദ്ഖാൻ,
(യുഡിഎഫ് പാർലമെന്ററി
പാർട്ടി നേതാവ്)
ജനസേവനത്തേക്കാൾ രാഷ്ട്രീയ താത്പര്യം മുൻനിർത്തിയുള്ള ഭരണം. ധൂർത്തും സ്വജനപക്ഷപാതവും തുടർന്നു. പഞ്ചായത്തിന്റെ ആസ്തി രേഖകൾ ക്രമപ്പെടുത്തി സംരക്ഷിക്കാൻ പോലുമായില്ല.
പ്രഖ്യാപിച്ച പദ്ധതികളിൽ മഹാഭൂരിപക്ഷവും നടപ്പിലാക്കിയില്ല.
പഞ്ചായത്ത് കെട്ടിടനിർമാണ പദ്ധതി വിസ്മൃതിയിൽ. കരാർ നൽകി നാലുവർഷം കഴിഞ്ഞിട്ടും നിർമാണ സ്ഥലം കരാറുകാരന് വിട്ടുനൽകുകപോലും ചെയ്തില്ല.32000 ചതുരശ്ര അടിയിൽ നാലുനിലകളിൽ പുതിയ ഓഫീസ് സമുച്ചയം നിർമിക്കാനും 2021-ൽ താൻ വൈസ് പ്രസിഡന്റായിരുന്ന കാലയളവിൽ തുടങ്ങിവച്ച പ്രവർത്തനമാണ്.
റോഡുകളുടെ നവീകരണ പദ്ധതികളും അട്ടിമറിക്കപ്പെട്ടു.ഡിപിസി അംഗീകരിച്ച പദ്ധതികൾ പോലും നിയമവിരുദ്ധമായി പ്രസിഡന്റും നിലവിലെ വൈസ് പ്രസിഡന്റും ചേർന്നു മാറ്റി.
വികസന ഫണ്ടും റോഡ് നവീകരണ ഫണ്ടും വലിയ തോതിൽ ലഭിക്കാതെ വന്നിട്ടും അവനേടിയെടുക്കാൻ യാതൊരു ശ്രമവും നടത്തിയില്ല. വികസന ഫണ്ടിൽ പ്രതിവർഷം 40 ലക്ഷം രൂപയും റോഡ് മെയിന്റനൻസിൽ പ്രതിവർഷം ഒരു കോടി രൂപയുടെ കുറവുമാണ് സർക്കാർ വരുത്തിയത്.
ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളും എംപി, എംഎൽഎ എന്നിവരുമായി ചേർന്നു റോഡുകളുടെ നവീകരണത്തിന് ആക്ഷൻ പ്ലാൻ തയാറാക്കാൻ പോലുമായില്ല.
പഞ്ചായത്തിനെ ഒറ്റ യൂണിറ്റായിക്കണ്ട് വികസനം നടപ്പിലാക്കണമെന്ന സർക്കാർ ഉത്തരവുകൾ പാലിക്കാതെ വാർഡടിസ്ഥാനത്തിൽ ഫണ്ടുകൾ വീതം വച്ചതിലൂടെ കൂടുതൽ റോഡുകളുള്ള വാർഡുകളിൽ ആവശ്യമായ ഫണ്ട് ലഭ്യമായില്ല.
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിൽ ഉത്തരവാദിത്വം നിറവേറ്റിയില്ല. ജൽജീവൻ മിഷനിൽ 30 കോടി രൂപയോളം അനുവദിച്ചെങ്കിലും ജലഅഥോറിറ്റി പ്രോജക്ട് വിഭാഗവുമായി ഇടപെടലുകൾ നടത്തി പദ്ധതികൾ പൂർത്തീകരിക്കാൻ ശ്രമിച്ചില്ല.
ആസൂത്രണമില്ലാതെ ഗ്രാമീണ റോഡുകൾ വെട്ടിപ്പൊളിച്ച് പൈപ്പുകളിട്ടതല്ലാതെ ഒരിടത്തെയും കുടിവെള്ള പ്രശ്നം പരിഹരിച്ചില്ല.
തെരുവുവിളക്കുകളുടെ പരിപാലനത്തിലും വീഴ്ച സംഭവിച്ചു. ബൾബുകൾ അടിക്കടി മാറ്റിയിടുന്നതിലൂടെ സാന്പത്തിക ബാധ്യതയേറി.
കേന്ദ്രഫണ്ടുകൾ ലഭ്യമായിട്ടും അങ്കണവാടികളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നില്ല. ആകെയുള്ള 20 അങ്കണവാടികളിൽ 11 എണ്ണവും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
സൗജന്യമായി സ്ഥലം ലഭിച്ച അങ്കണവാടികൾക്കുപോലും കെട്ടിടം നിർമിക്കാനായില്ല.
സ്ഥലം വാങ്ങാൻ ഫണ്ട് വകയിരുത്തിയിട്ടും പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലെ ഏക അങ്കണവാടിക്ക് ഭൂമി ലഭ്യമാക്കാൻപോലും കഴിഞ്ഞില്ല.
പൊതുജനാരോഗ്യ മേഖലയിലും കേന്ദ്ര സഹായം ഉപയോഗപ്പെടുത്തിയില്ല.
ഒറ്റനോട്ടത്തിൽ
റാന്നി - അങ്ങാടി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ അഞ്ചുവർഷവും എൽഡിഎഫ് ഭരണത്തിലായിരുന്നു. സിപിഎമ്മിലെ അഡ്വ. ബിന്ദു റെജിയായിരുന്നു പ്രസിഡന്റ്. തുടക്കത്തിൽ ഭൂരിപക്ഷത്തിൽ നേരിയ കുറവുണ്ടായപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിനു സ്വന്തമായി. എന്നാൽ ഉപതെരഞ്ഞെടുപ്പിലൂടെ എൽഡിഎഫ് ഭൂരിപക്ഷം ഉറപ്പിച്ചു.
പദ്ധതി നിർവഹണ പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് മുന്നോട്ടു പോയതെന്നും എൽഡിഎഫ് അവകാശപ്പെടുന്നു.
എന്നാൽ ആസൂത്രണമില്ലാതെയും രാഷ്ട്രീയ താത്പര്യത്തോടെയും പ്രവർത്തിച്ചതുമൂലം പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കപ്പെട്ടുവെന്നാണ് പ്രതിപക്ഷ ആരോപണം.
ആകെ വാർഡുകൾ - 13.
എൽഡിഎഫ്-7.
യുഡിഎഫ്-5. ബിജെപി - 1.
District News
തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർ പേഴ്സൺ ഡോ.ജിനു സക്കറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അനു അധ്യക്ഷത വഹിച്ചു.
യോഗത്തിൽ വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.ബി. അനീഷ്, മറിയാമ്മ ഏബ്രഹാം, ലിജി ആർ.പണിക്കർ, ബിനിൽ കുമാർ ജിനു തൊമ്പുംകുഴി വിജി നൈനാൻ, രാജു പുളിമ്പള്ളിൽ, വിശാഖ് വെൺപാല, ആർ. രാജലക്ഷ്മി, അരുന്ധതി അശോക്, വിവേക് വി.നാഥ്, സെക്രട്ടറി എം.ഷീനാമോൾ എന്നിവർ പ്രസംഗിച്ചു.
District News
കോഴഞ്ചേരി: ഇലന്തൂര്‍ ബ്ലോക്ക് തല കേരളോത്സവത്തിൽ ചെറുകോൽ പഞ്ചായത്ത് ഓവറോൾ കിരീടം നേടി. കോഴഞ്ചേരി സെന്റ് തോമസ് കോളജ്, അരീന ഇലഞ്ഞിക്കല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, നെടിയകാല ഗ്രൗണ്ട്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ നടന്ന എണ്‍പതോളം മത്സരങ്ങളിലായി മുന്നൂറോളംപേര്‍ പങ്കെടുത്തു.
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വൈസ് പ്രസിഡന്റ് കെ.ആര്.അനീഷയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം പ്രസിഡന്റ് ജെ.ഇന്ദിരദേവി ഉദ്ഘാടനം നിര്‍വഹിച്ചു. വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ചെറുകോല്‍ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാര്‍, ആരോഗ്യം, വിദ്യാഭ്യാസം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി ലാലു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി. അന്നമ്മ ജിജി ചെറിയാന് മാത്യു, അഭിലാഷ് വിശ്വനാഥ്, വി.ജി. ശ്രീവിദ്യ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം റോയ് ഫിലിപ്പ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് ജി. ശ്രീകല, കേരളോത്സവം സംഘാടക സമിതി കണ്‍വീനര്‍ സാം പി.തോമസ് എന്നിവര്‍ പ്രസംഗിച്ചു.
District News
പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 92-ാമത് രാജ്യാന്തര സമ്മേളനം 26, 27, 28 തീയതികളില്‍ തുമ്പമണ്‍ ഭദ്രാസനത്തിന്റെ ആതിഥേയത്വത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കും.
സമ്മേളനത്തോടനുബന്ധിച്ച് പതാക യുവജന പ്രസ്ഥാനം പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത തുമ്പമണ്‍ ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. എബി എ. തോമസ്, ജനറല്‍ സെക്രട്ടറി നിതിന്‍ മണക്കാട്ട് മണ്ണിൽ, ലിന്റോ മണ്ണില്‍, അന്‍സു മേരി തുടങ്ങിയവര്‍ക്ക് കൈമാറി. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള യുവജന പ്രസ്ഥാനത്തിന്റെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പതാക കൈമാറല്‍ ചടങ്ങില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയിൽ, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, യുവജന പ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറര്‍ രെഞ്ചു എം. ജോയ്, അനീഷ് ജേക്കബ്, ജിന്‍സ് തടത്തിൽ, നിബിന് നല്ലവീട്ടില്‍, ഡാനി രാജു എന്നിവര്‍ പങ്കെടുത്തു.
District News
പത്തനംതിട്ട: നഗരറോഡുകളുടെ നിലവാരം ഉയര്‍ത്തി ചെറിയ ഗതാഗതക്കുരുക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.പത്തനംതിട്ട നഗരത്തിലെ രണ്ട് റോഡുകളുടെ പൂര്‍ത്തീകരണ ഉദ്ഘാടനവും രണ്ട് റോഡുകളുടെ നവീകരണ ഉദ്ഘാടനവും കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നഗര റോഡുകളുടെ മുഖച്ഛായ മാറ്റി നവീകരിക്കും. മികച്ച സൗകര്യത്തോടെ യൂട്ടിലിറ്റി ഡക്ടുകളുള്ളവയായി റോഡുകള്‍ മാറണം. അതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. നഗരങ്ങളില്‍ ഗതാഗതം സുഗമമാക്കുന്നതിന് ബൈപാസ്, ഫ്ളൈ ഓവർ, ജംഗ്ഷന് വികസനം തുടങ്ങിയവ ലക്ഷ്യമിടുന്നു. ഗ്രേഡ് സെപ്പറേറ്റര്‍ നിര്‍മിക്കും. തടസമില്ലാത്ത റോഡ് ശൃംഖലയ്ക്കുള്ള പരിശ്രമം മുന്നോട്ട് പോകുന്നു.
പത്തനംതിട്ട നഗരത്തില്‍ ശബരിമല നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 കോടി രൂപ ചെലവഴിച്ച് ഏഴു റോഡ് നവീകരിച്ചു. 6.5 കോടി രൂപ ചെലവഴിച്ച് പത്തനംതിട്ട റിംഗ് റോഡ് സൗന്ദര്യവത്കരണവും 5.75 കോടി രൂപ ചെലവഴിച്ച് തിരുവല്ല-കുമ്പഴ റോഡിലെ ബിസി ഓവര്‍ലേ പ്രവൃത്തിയും നഗരത്തിന്റെ മുഖഛായ മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആറന്മുള മണ്ഡലത്തിലെ ഭൂരിഭാഗം റോഡുകളും മികച്ച നിലവാരത്തിലായെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മണ്ഡലത്തിലെ വികസനത്തിന് പൊതുമരാമത്ത് വകുപ്പ് 585 കോടി രൂപ അനുവദിച്ചു. അബാന്‍ മേല്‍പ്പാലം പൂര്‍ത്തിയാകുന്നു. കോഴഞ്ചേരി, ആഞ്ഞിലിമൂട്ടില്‍ കടവ് പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ട നഗരസഭയില്‍ നിര്‍മാണം പൂര്‍ത്തിയായ കുമ്പഴ - പ്ലാവേലി, പൊതുമരാമത്ത് റോഡുകളായ കൈപ്പട്ടൂര്‍ - പത്തനംതിട്ട, പത്തനംതിട്ട - മൈലപ്ര, തിരുവല്ല-കുമ്പഴ, പത്തനംതിട്ട - താഴൂര്‍ക്കടവ്, ടിബി അപ്രോച്ച്, അഴൂര്‍- കാതോലിക്കേറ്റ് കോളജ് എന്നിവയുടെ ഉദ്ഘാടനവും തിരുവല്ല - കുമ്പഴ റോഡില്‍ പരിയാരം- സെന്റ് പീറ്റേഴ്സ് ജംഗ്ഷന്, പത്തനംതിട്ട നഗര സൗന്ദര്യവത്കരണ പ്രവൃത്തിയുടെ നിര്‍മാണോദ്ഘാടനവും മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ ടി. സക്കീര്‍ ഹുസൈൻ, നഗരസഭ കൗൺസിലർ എ. സുരേഷ് കുമാർ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.വി. സഞ്ജു, മനോജ് മാധവശേരിൽ, ഡി. ഹരിദാസ്, എം. സജികുമാര്‍, നൗഷാദ് കണ്ണങ്കര, മുഹമ്മദ് സാലി, നിസാര്‍ നൂർമഹല്‍ എന്നിവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയര്‍ ബാബുരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പത്തനംതിട്ട നഗരസഭയും തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ്ങും ചേര്‍ന്ന് തയാറാക്കിയ റിസ്ക് ഇന്‍ഫോംഡ് മാസ്റ്റര്‍ പ്ലാനിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ബ്രോഷര്‍ മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ ടി. സക്കീര്‍ഹുസൈന്‍ നല്കി പ്രകാശനം ചെയ്തു. ജില്ലാ ടൗണ്‍പ്ലാനര്‍ ജി. അരുൺ, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ നിമ്മി കുര്യന് എന്നിവര്‍ പങ്കെടുത്തു.
District News
പത്തനംതിട്ട: കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം. പെരിയാർ ടെെഗർ റിസർവിലെ വാച്ചറായ അനിൽ കുമാറിന്റെ (32) മൃതദേഹമാണ് പൊന്നമ്പലമേട് വനത്തിൽ ചൊവ്വാഴ്ച രാവിലെയോടെ കണ്ടെത്തിയത്.
പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപമാണ് കടുവ ഭക്ഷിച്ചനിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പമ്പയിലേക്കെന്ന് പറഞ്ഞുവീട്ടിൽനിന്ന് പോയതാണ് അനിൽകുമാർ. മൂന്നുദിവസമായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ആദിവാസി വിഭാഗത്തിൽപ്പെട്ട അനിൽകുമാർ വനവിഭവങ്ങൾ ശേഖരിക്കാനാണ് ഞായറാഴ്ച രാവിലെ വീട്ടിൽനിന്ന് പോയതെന്നാണ് വിവരം. ഭാര്യ: മഞ്ജു. മക്കൾ: വിദ്യ, നിത്യ, ആദർശ്.
District News
പത്തനംതിട്ട: അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തെ തുടർന്ന് പത്തനംതിട്ട സ്വദേശിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുനാ ട് സ്വദേശിയായ ടാപ്പിംഗ് തൊഴിലാളിക്കാണ് രോഗബാധ സംശയിക്കുന്നത്.
ഇദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ലാബുകളിൽ പരിശോധ നയ്ക്കായി അയച്ചിട്ടുണ്ട്.
Kerala
പത്തനംതിട്ട: ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കാൻ ശ്രമിച്ചു. പത്തനംതിട്ട കൊടുമൺ രണ്ടാംകുറ്റി സ്വദേശി ലീല(48) ആണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ലീലയെ കണ്ടെത്തിയത്.
അമിതമായി ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ഇവരുടെ ഭർത്താവിനെയും മകനേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലീലയും ഭർത്താവും മകനും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൈയിൽ കിട്ടിയ ഗുളികൾ മൂന്ന് പേരും കഴിച്ചു. പിന്നീട് മകനും ഭർത്താവും ഉറങ്ങിക്കിടക്കുന്ന സമയത്ത് ലീല വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു.
രാവിലെ ഇവർ അയൽവാസികളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തങ്ങളും ഗുളിക കഴിച്ചെന്ന് ഇരുവരും വെളിപ്പെടുത്തിയതോടെ ഇവരെ ആദ്യം അടൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
ഒന്നിലധികം സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും ഇവർ വായ്പയെടുത്തിരുന്നു. എന്നാൽ
ഇത് തിരിച്ചടയ്ക്കാൻ സാധിച്ചില്ല. ഇതിന്റെ പേരിൽ ഇവർക്ക് ഭീഷണിയുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ സ്കൂൾ കെട്ടിടം തകർന്നുവീണ് അപകടം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കടമ്മനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയ കെട്ടിടഭാഗങ്ങളാണ് തകർന്നത്. രണ്ടുവർഷമായി ഈ കെട്ടിട ഭാഗങ്ങൾ ഉപയോഗിച്ചിരുന്നില്ല.
അപകടസാധ്യത കണക്കിലെടുത്ത് കെട്ടിടത്തിന് പരിസരത്തേക്കുള്ള വഴി നേരത്തെ അടച്ചിരുന്നു. അപകടത്തിൽ ആളപായമില്ല.
District News
പത്തനംതിട്ട: അത്യന്തം അപകടകരമായ സാഹചര്യത്തിൽ രണ്ടുദിവസം നീണ്ട രക്ഷാദൗത്യത്തിൽ പങ്കെടുത്ത ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘാംഗങ്ങളുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘിക്കപ്പെട്ടു.
കോന്നി പയ്യനാമൺ ചെങ്കുളത്ത് ക്വാറിയിലെ അപകടവിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘത്തിന് ആദ്യം അപകടത്തിന്റെ രൂക്ഷത അത്രയും വെളിവായില്ല. പാറമടയ്ക്കുള്ളിൽ അടർന്നുവീണ പാറയ്ക്കടയിൽ ഒരു മൃതദേഹം അപ്പോൾ തന്നെ കാണാനായി. ഇതു പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിൽ പ്രവർത്തനം തുടങ്ങിയ സംഘത്തിനു വെല്ലുവിളിയായത് തുടർച്ചയായ പാറ ഇടിച്ചിൽ ആയിരുന്നു. പല കോണുകളിൽ നിന്നും കല്ലുകൾ അടർന്നു വീഴാൻ തുടങ്ങിയതോടെ പ്രവർത്തനം ദുഷ്കരമായി.
കൂടുതൽ സേനാംഗങ്ങൾ വടവും ചങ്ങലയും ക്രെയിനുമായി സ്ഥലത്തെത്തി. ജില്ലയിൽ ക്യാന്പ് ചെയ്തിരുന്ന 27 അംഗ എൻഡിആർഎഫ് സംഘവും പാഞ്ഞെത്തി. വൈകുന്നേരത്തോടെ പാറകൾ നീക്കി ഒരു മൃതദേഹം പുറത്തെടുത്തതിനു പിന്നാലെ ഉണ്ടായ പാറ ഇടിച്ചിലാണ് ഇനിയുള്ള രക്ഷാദൗത്യത്തെ പിന്നോട്ടടിച്ചത്. മൃതദേഹം പുറത്തെടുക്കാൻ നാലംഗഫയർഫോഴ്സ് സംഘം ഇറങ്ങിയ അതേ സ്ഥാനത്തേക്ക് അടർന്നുവീണ പാറക്കെട്ടുകൾ കണ്ട് എല്ലാവരും ഭയന്നു. അല്പ സമയം മുന്‍പാണ് ഇതു സംഭവിച്ചിരുന്നതെങ്കിൽ എന്നോർത്ത് സ്ഥലത്തുണ്ടായിരുന്ന ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ അടക്കം നെടുവീർപ്പിട്ടു.
ചൊവ്വാഴ്ച രാവിലെ രക്ഷാദൗത്യം പുനരാരംഭിച്ചത് മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലായിരുന്നുവെങ്കിലും പാറ ഇടിച്ചിൽ തുടർന്നതോടെ ഇതു നിർത്തിവയ്ക്കേണ്ടിവന്നു. മനുഷ്യസാധ്യമല്ല തുടർ പ്രവർത്തനമെന്നു മനസിലാക്കിയതോടെയാണ് ഉപകരണങ്ങൾ തേടിയത്. വൈകുന്നേരത്തോടെ ആലപ്പുഴയിൽ നിന്നു ലോംഗ് ബൂം ഹിറ്റാച്ചി സ്ഥലത്തെത്തി. പിന്നീടു കാര്യങ്ങൾ വേഗത്തിലായി.
പാറമടയുടെ കരയിൽ നിന്നുകൊണ്ട് ഹിറ്റാച്ചിയുടെ കൈ ഉപയോഗിച്ച് കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചിയെ തൊടാമെന്നായി. സമീപത്തെ പാറക്കല്ലുകൾ നീക്കി ഹിറ്റാച്ചിയുടെ കാബിൻ ഉയർത്താനായി പിന്നീടുള്ള ശ്രമം. രണ്ടര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ ചൊവ്വാഴ്ച രാത്രി 8.30ഓടെ അജയ് റായിയുടെ മൃതദേഹം ഹിറ്റാച്ചിക്കുള്ളിൽ കണ്ടു.
അഗ്നിരക്ഷാ സേനയുടെ പ്രത്യേക ദൗത്യസംഘത്തിലെ അമൽ, ജിത്ത്, ബിനുമോൻ എന്നിവർ വടത്തിൽ സാഹസികമായി താഴേക്ക് ഇറങ്ങി. മൃതദേഹം ഇവർ പുറത്തെത്തിച്ചതോടെ സാഹസികമായ ഒരു ദൗത്യം പൂർത്തിയായി. ഫയർ ആൻഡ് റസ്ക്യൂ വിഭാഗത്തിന്റെ 20 അംഗ ടീമാണ് രാവിലെ മുതൽ ദൗത്യം നടത്തിയത്.
ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിലാണ് അഗ്നിസുരക്ഷാ സേന, എൻഡിആർഎഫ് എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിച്ചത്. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ രണ്ടുദിവസവും സ്ഥലത്തു ക്യാന്പ് ചെയ്തിരുന്നു. എഡിഎം ബി. ജ്യോതി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു.
ഫയർഫോഴ്സ് ജില്ലാ ഓഫീസർ ബി.എം. പ്രതാപചന്ദ്രൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. സാബു എന്നിവരാണ് രക്ഷാദൗത്യത്തിനു നേതൃത്വം നൽകിയത്. ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയൻ ടീം കമാൻഡർ സഞ്ജയ് സിംഗ് മൽസുനിയുടെ നേതൃത്വത്തിൽ 27 അംഗ എൻഡിആർഎഫ് സംഘമാണ് സ്ഥലത്തെത്തിയിരുന്നത്.
District News
നിയമലംഘനത്തിന് ചൂട്ടുപിടിച്ച്, ദുർബല വകുപ്പുകൾ ചുമത്തി എഫ്ഐആർ
പത്തനംതിട്ട: പാറക്കൂട്ടം അടർന്നു വീണ് രണ്ട് തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ട കോന്നി പയ്യനാമൺ ചെങ്കുളത്ത് ക്വാറിയിലെ നിയമലംഘനങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന അധികൃതരുടെ നിലപാടിൽ പ്രദേശവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധം.
ക്വാറിക്ക് പ്രവർത്തന ലൈസൻസുണ്ടെങ്കിലും താത്കാലികമായ നിരോധനമാണ് ജില്ലാ കളക്ടർ നൽകിയിരിക്കുന്നത്. എന്നാൽ ക്വാറിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മുന്‍പ് നാട്ടുകാർ നൽകിയ പരാതികൾ മറച്ചുപിടിച്ചാണ് അധികൃതരുടെ അന്വേഷണമെന്ന് പറയുന്നു. കാർമല, ചേരിക്കൽ നിവാസികൾ മുന്‍പ് പാറമടയ്ക്കെതിരേ പരാതി നൽകിയിരുന്നു. അപകടത്തേ തുടർന്നു സ്ഥലത്തെത്തിയ റവന്യൂ, ജിയോളജി, പോലീസ് ഉദ്യോഗസ്ഥർക്ക് നിയമലംഘനങ്ങൾ വ്യക്തമായിട്ടും തുടർ നടപടികളിൽ മെല്ലപ്പോക്ക് തുടരുകയാണ്.
ബാലിശമായ വകുപ്പുകൾ ചുമത്തിയാണ് അപകടവുമായി ബന്ധപ്പെട്ടു കോന്നി പോലീസ് എഫ്ഐആറിട്ടിരിക്കുന്നത്. അടൂർ ആർഡിഒ കോടതിയിലാണ് ഇതു സമർപ്പിച്ചത്. അസ്വാഭാവിക മരണത്തിനു മാത്രമാണ് കേസ് ചുമത്തിയിരിക്കുന്നത്. ക്വാറി പ്രവർത്തനവുമായി ബന്ധപ്പെട്ടു നൽകിയിട്ടുള്ള നിർദേശങ്ങൾ മറികടന്നായിരുന്നു പ്രവർത്തനമെന്നു ബോധ്യപ്പെട്ട സാഹചര്യത്തിൽ തൊഴിലാളികളുടെ മരണം കൊലപാതകമായി കണ്ട് നടപടിയുണ്ടാകണമെന്നാണ് ആവശ്യം.
തുടർച്ചയായ സ്ഫോടനങ്ങളും അപകടകരമായ സാഹചര്യങ്ങളും ബോധ്യപ്പെട്ടിട്ടും തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് പ്രദേശവാസികൾക്കുവേണ്ടി ചെറുവാഴക്കുന്നിൽ റോഷൻ ഈപ്പൻ ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയിൽ പറയുന്നു.
ഇതിനിടെ ക്വാറി പ്രവർത്തനം സംബന്ധിച്ച വകുപ്പുതല യോഗം അടുത്ത ദിവസം ചേരുമെന്നും പരാതി സംബന്ധിച്ച് വിശദമായി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ അറിയിച്ചു.
District News
തിരുവല്ല: നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി എംഎല്‍എ ഫണ്ടില്‍ നിന്ന് 68 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു.
കുന്നന്താനം പഞ്ചായത്തിലെ കനകക്കുന്ന് - ഇളംകുറ്റില്പടി റോഡ് (രണ്ട് ലക്ഷം), വേലൂര്‍ - ചക്കുംമൂട്ടില്‍ റോഡ് (ഒമ്പത് ലക്ഷം), കല്ലൂപ്പാറ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ 28 നമ്പര്‍ അങ്കണവാടിക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 20 ലക്ഷം, ചിറയില്‍പ്പടി നാല്പ്പനാ റോഡ് (അഞ്ച്ലക്ഷം,
പുറമറ്റം പഞ്ചായത്തിലെ കോഴിമുള്ളില് കരിമ്പനാല്‍ റോഡ് (12 ലക്ഷം), കവിയൂര്‍ പഞ്ചായത്തിലെ കോട്ടമുണ്ടകം ചക്കാലപ്പടി റോഡ് (് 15 ലക്ഷം) മല്ലപ്പള്ളി പഞ്ചായത്തിലെ കോലമല കുന്നേല്പ്പടി റോഡ് (അഞ്ച്ലക്ഷം) എന്നീ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
District News
മന്ത്രിക്കെതിരേ എഫ്ബി പോസ്റ്റിട്ട നേതാക്കള്‍ക്കെതിരേ സിപിഎം വിശദീകരണം തേടും
പത്തനംതിട്ട: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പരിഹസിച്ച് പോസ്റ്റിട്ട സിപിഎം നേതാക്കള്‍ക്കെതിരേ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം.
വീണാ ജോര്‍ജിനെ പരോക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ലോക്കല്‍ കമ്മിറ്റി അംഗത്തിനും ഏരിയ കമ്മിറ്റി അംഗത്തിനുമെതിരേയാണ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുണ്ടായത്.
കോട്ടയം മെഡിക്കല്‍ കോളജിലെ പഴയ കെട്ടിടം ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ച സംഭവത്തേ തുടര്‍ന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗം എൻ. രാജീവിനോട് ജില്ലാ കമ്മിറ്റി വിശദീകരണം തേടും. മന്ത്രിയെ വിമര്‍ശിച്ച ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം പി .ജെ. ജോണ്സനോട്ഏരിയ കമ്മിറ്റിയും വിശദീകരണം തേടാനാണ് തീരുമാനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരുടേയും വിമര്‍ശനം.
കൂടുതല്‍ പറയുന്നില്ലെന്നും ഇനി പറയിപ്പിക്കരുതെന്നുമായിരുന്നു പി. ജെ . ജോണ്സണ് പറഞ്ഞത്. ഒരു എംഎല്‍എയായി ഇരിക്കാന്‍ പോലും വീണാ ജോര്‍ജിന് അര്‍ഹതയില്ലെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. എസ്എഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോണ്സണ്.
മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെയായിരുന്നു പത്തനംതിട്ട സിഡബ്ല്യുസി മുന്‍ ചെയര്മാന് കൂടിയായ എന്‍. രാജീവ് പരോക്ഷമായി പരിഹസിച്ചത്. സ്കൂളില്‍ കേട്ടെഴുത്ത് ഉണ്ടെങ്കില്‍ വയറുവേദ എന്നുപറഞ്ഞ് ചെറുപ്രായത്തില്‍ വീട്ടില്‍ ഇരിക്കുമായിരുന്നുവെന്നാണ് രാജീവ് പരിഹസിച്ചത്.
രാജീവ് പിന്നീട് പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ ആരോഗ്യസംവിധാനങ്ങളെ പുകഴ്ത്തി അദ്ദേഹം പോസ്റ്റിടുകയും ചെയ്തു.
എല്‍ഡിഎഫ് വിശദീകരണ യോഗം പത്തിന്
പത്തനംതിട്ട: ആരോഗ്യമന്ത്രിക്കെതിരേ പ്രതിപക്ഷ സംഘടനകള്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി പത്തിന് പത്തനംതിട്ട ടൗണ്‍ സ്ക്വയറില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തും.
ഇന്നലെ ചേര്‍ന്ന ജില്ലാ എല്‍ഡിഎഫ് യോഗം മന്ത്രിക്കു പൂര്‍ണ പിന്തുണ അറിയിച്ചു. പഞ്ചായത്തുതലങ്ങളിലും വിശദീകരണയോഗങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ബിജെപി മാര്‍ച്ച് ഇന്ന്
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് മാര്‍ച്ച് നടത്തും.
കേരള കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
കല്ലൂപ്പാറ: കോട്ടയം മെഡിക്കല്‍ കോളജില്‍ ബിന്ദു എന്ന പാവപ്പെട്ട വീട്ടമ്മയുടെ ദാരുണ മരണത്തിന് ഉത്തരവാദിയായ ആരോഗ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് കല്ലൂപ്പാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എന്‍ജിനിയറിംഗ് കോളജ് ജംഗ്ഷനിലേക്ക് പ്രകടനവും തുടര്‍ന്ന് പ്രതിഷേധ സംഗമവും നടത്തി.
കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസഫ് എം. പുതുശേരി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. പിആര്‍ വര്‍ക്കുകളിലൂടെ സൃഷ്ടിച്ചെടുത്തിരിക്കുന്ന നമ്പര്‍വണ്‍ എന്ന കൊട്ടിഘോഷത്തിനു വേണ്ടി ദുരന്തം ലഘൂകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ശ്രമമാണ് രക്ഷാപ്രവര്‍ത്തനം താമസിപ്പിച്ചതെന്നും അതുകൊണ്ടുതന്നെ ഇത് പിണറായി സര്‍ക്കാര്‍ നടത്തിയ ദുരഭിമാനക്കൊലയാണെന്നും പുതുശേരി പറഞ്ഞു.
പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ടി.എം.മാത്യു അധ്യക്ഷത വഹിച്ചു. ജയിംസ് കാക്കനാട്ടിൽ, വര്‍ഗീസ് കുട്ടി മാമൂട്ടിൽ, പഞ്ചായത്തംഗം പി. ജ്യോതി, സണ്ണി ഫിലിപ്പ്, ഒ. എം. മാത്യു, സുരേഷ് സ്രാമ്പിക്കല്‍, അജിത വില്ക്കി, എലിസബേത്ത് ആന്റണി, ബാബു നീരുവിലായില്, ഇ.എം. ജോര്‍ജ്, ഉമ്മന്‍ ചാണ്ടപ്പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പത്തനംതിട്ടയിൽ ആടിയുലയുന്ന കപ്പലും കപ്പിത്താനുമായി യൂത്ത് കോൺഗ്രസിന്റെ നഗര പ്രദക്ഷിണം.
2016-21 നിയമസഭയുടെ അവസാനകാലയളവിൽ മുഖ്യമന്ത്രി പിണറായി വിജയനെ കപ്പിത്താനായി പ്രകീർത്തിച്ച് അന്ന് എംഎൽഎയായിരുന്ന വീണാ ജോർജ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ അലയടികൾ ഉയർത്തിയാണ് പ്രതീകാത്മക നഗര പ്രദക്ഷിണം സംഘടിപ്പിച്ചത്.
പത്തനംതിട്ട ഡിസിസിയിൽ നിന്നും ഇന്നലെ വൈകുന്നേരമാണ് പ്രതിഷേധ പരിപാടി ആരംഭിച്ചത് .
കപ്പലിന് ഇരുവശത്തുമായി മുഖ്യമന്ത്രിയുടെയും മന്ത്രി വീണാ ജോർജിന്റെയും മുഖം മൂടി അണിഞ്ഞ രണ്ട് പ്രവർത്തകർ കൈ വീശി നീങ്ങി. നിരവധി പ്രവർത്തകർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.
പ്രവർത്തകർ സെൻട്രൽ ജംഗ്ഷനിൽ റോഡിൽ മുദ്രാവാക്യം വിളികളോടെ കുത്തിയിരുന്നത് പോലീസ് ഇടപെടലിനു കാരണമായി. ഇത് പോലീസുമായുള്ള ഏറ്റുമുട്ടലിനും ബല പ്രയോഗത്തിനും ഇടയാക്കി. വനിതകൾ ഉൾപ്പെടെയുള്ളവരെ പോലീസ് റോഡിൽ വലിച്ചിഴച്ചതായും പരാതി ഉയർന്നു.
പിന്നീട് പ്രവർത്തകരെ അറസ്റ്റു ചെയ്തുനീക്കി. ഇന്നലെ മന്ത്രിയുടെ അങ്ങാടിക്കലിലെ വീട്ടിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചും സംഘർഷത്തിനിടയാക്കി
District News
കോഴഞ്ചേരി: ജില്ലാ ആശുപത്രിയില്‍ 1.90 കോടി രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് നിർമിച്ച ഓക്സിജന്‍ പ്ലാന്റ് ഉപേക്ഷിക്കുന്നു. പ്ലാന്റ് പൊട്ടിത്തെറിച്ചതിനു പിന്നാലെയുള്ള അറ്റകുറ്റപ്പണികൾ വേണ്ടെന്നുവച്ചിരിക്കുകയാണ്. പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതു നഷ്ടമാണെന്നും ഓക്സിജൻ പുറമേനിന്നു വാങ്ങുന്നതാണ് ലാഭമെന്നുമാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.
കോവിഡ് കാലത്ത് 2021-22 ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാ ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചത്. 1.90 കോടി രൂപ ചെലവഴിച്ച് 1,000 ലിറ്റര്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാനുള്ള പ്ലാന്റാണ് നിർമിച്ചതെങ്കിലും 18 മാസം കഴിഞ്ഞപ്പോള്‍ പൊട്ടിത്തെറിച്ചതോടെ ഓക്സിജൻ ഉത്പാദനം നിലച്ചു. നിർമാണ കന്പനിയുടെ വാറണ്ടി നിലനിന്നിരുന്നുവെങ്കിലും ഇതിന്റെ പേരിൽ പുനർനിർമാണം വേണ്ടെന്നുവച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച 1,000 ലിറ്റര്‍ പ്ലാന്റിനു പുറമേ 300 ലിറ്റര്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കാന്‍ ഒരു പ്രവാസി ഗ്രൂപ്പിനും അധികൃതര്‍ അനുമതി നല്‍കിയിരുന്നു. പ്ലാന്റിനുള്ള സ്ഥലം, കെട്ടിടസമുച്ചയം, വൈദ്യുതി ലൈന്‍, ജനറേറ്റര്‍ എന്നിവയുള്‍പ്പെടെ 1.90 കോടി രൂപയാണ് ചെലവഴിച്ചത്.
എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയാണ് പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റ് പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് അഗ്നിശമനസേനയടക്കമുള്ള സംവിധാനങ്ങള്‍ നടത്തിയ പരിശോധനയില്‍ പൊട്ടിത്തെറിക്കുള്ള കാരണം എയര്‍ കംപ്രസറിനുണ്ടായ തകരാറാണെന്നാണ് പറയപ്പെടുന്നത്. സേഫ്റ്റി വാല്‍വിനുണ്ടായ തകരാറും പ്ലാന്റിലേക്കുള്ള ജലത്തിന്റെ പരിശോധനയില്‍ വന്ന അപാകതകളും പൊട്ടിത്തെറിക്കു കാരണമായിട്ടുണ്ടെന്നാണ് നിഗമനം.
തകരാറു വന്ന യന്ത്രഭാഗങ്ങള്‍ നവീകരിക്കുന്നതിനുവേണ്ടി പ്ലാന്റ് സ്ഥാപിച്ച ഏജന്‍സി കൊണ്ടുപോയെങ്കിലും ഇതേവരെയും പണികള്‍ പൂര്‍ത്തീകരിച്ച് സ്ഥാപിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ പലയിടങ്ങളിലായി ഈ ഏജന്‍സി സ്ഥാപിച്ച പ്ലാന്റുകളുടെ നിർമാണം നിര്‍ത്തിവയ്ക്കാനും ആരോഗ്യവകുപ്പ് ഉത്തരവായിട്ടുണ്ട്.
മെഡിക്കൽ കോളജിൽനിന്നു രക്തം വാങ്ങാൻ അനുമതി തേടി
ജില്ലാ ആശുപത്രിയില്‍ രക്തബാങ്കില്ലെങ്കിലും 90 ബാഗ് രക്തം സൂക്ഷിക്കാനുള്ള സൗകര്യമുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. നിതീഷ് ഐസക് ശാമുവേല്‍ പറഞ്ഞു. ജനറല്‍ ആശുപത്രിക്കു പുറമേ കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു രക്തം ലഭിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.
നേത്രവിഭാഗം പ്രവര്‍ത്തിക്കുന്ന പുതിയ കെട്ടിടസമുച്ചയത്തിന്റെ ഭൂരിപക്ഷം പണികളും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും മൂന്നാം നിലയുടെ വൈദ്യുതീകരണം മാത്രമാണ് പൂര്‍ത്തീകരിക്കാനുള്ളതെന്നും സൂപ്രണ്ട് പറഞ്ഞു. ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് എല്ലാ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
പ്ലാന്റ് പ്രവർത്തിക്കാതിരുന്നാൽ രണ്ടു ലക്ഷം ലാഭമെന്ന്
ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തിക്കുമ്പോള്‍ വൈദ്യുതി ചാർജ് ഇനത്തിൽനാലു ലക്ഷം രൂപ പ്രതിമാസം അടയ്ക്കേണ്ടി വന്നിരുന്നു. പുറമേനിന്ന് ഓക്സിജന്‍ വാങ്ങുന്നതിന് പ്രതിമാസം രണ്ടു ലക്ഷം രൂപ മാത്രം മതിയാകും. ഇക്കാരണത്താലാണ് ഓക്സിജന്‍ പ്ലാന്റ് നവീകരിക്കാതെയിരിക്കുന്നതെന്നു പറയപ്പെടുന്നു.
ദീര്‍ഘവീക്ഷണമില്ലാതെയും ശാസ്ത്രീയ പഠനങ്ങളില്ലാതെയും പ്ലാന്റ് നിർമിച്ചതിലൂടെ 1.9 കോടി രൂപ നഷ്ടമാകുകയായിരുന്നു. കോവിഡ് കാലത്ത് ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യതക്കുറവാണ് ആശുപത്രികൾ കേന്ദ്രീകരിച്ചു പ്ലാന്റുകൾ സ്ഥാപിക്കുന്നതിലേക്ക് പദ്ധതികൾ ഉണ്ടായത്. എന്നാല്‍ പ്ലാന്റ് പ്രവർത്തിച്ചു തുടങ്ങിയപ്പോഴേക്കും കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു.
എന്നാല്‍ ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥത മൂലമാണ് ഓക്സിജന്‍ പ്ലാന്റ് നവീകരിക്കാതിരിക്കുന്നതെന്നും ഓക്സിജന്‍ പുറത്തുനിന്നു വാങ്ങുന്നതില്‍ വന്‍ അഴിമതിയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നും കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എം.എസ്. പ്രകാശ്കുമാര് ആവശ്യപ്പെട്ടു.
District News
പത്തനംതിട്ട: ജനറൽ ആശുപത്രി വളപ്പിൽ അപകടാവസ്ഥയിലായ ബി ആൻഡ് സി ബ്ലോക്കിലെ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള ചികിത്സകൾ നിർത്തി. ഇതേ ബ്ലോക്കിലെ എല്ലാ ശസ്ത്രക്രിയാ വിഭാഗങ്ങളും കോന്നി സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയാണ്. ഇതിനൊപ്പം കിടത്തിച്ചികിത്സയും കോന്നിയിലേക്കു മാറ്റപ്പെടും. 414 കിടക്കകളാണ് നിലവിൽ ബി ആൻഡ് സി ബ്ലോക്കിലുണ്ടായിരുന്നത്.
ആശുപത്രിയുടെ പഴയ അത്യാഹിതവിഭാഗം പൊളിച്ചുനീക്കിയതോടെ ഐപി വിഭാഗത്തിലെ കിടക്കകളുടെ എണ്ണം കുറഞ്ഞിരുന്നു. ഈ വാർഡിൽ പ്രവർത്തിച്ചിരുന്ന മൈനർ ഓപ്പറേഷൻ വിഭാഗത്തിലെ ഐപി വിഭാഗം നിലവിൽ ശബരിമല വാർഡിലുണ്ട്. എന്നാൽ ശസ്ത്രക്രിയാ വിഭാഗം ഡോക്ടർമാർ കോന്നിയിലേക്ക് മാറുകയാണെങ്കിൽ രോഗികളെ ഇവിടെ കിടത്തി ചികിത്സിക്കാൻ ബുദ്ധിമുട്ടാകും.
ഫലത്തിൽ ജനറൽ ആശുപത്രിയിൽ ഒപി, അത്യാഹിത വിഭാഗങ്ങൾ മാത്രമായിരിക്കും ഇനി ഉണ്ടാകുക. ശസ്ത്രക്രിയാ വിഭാഗങ്ങളായ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, അസ്ഥിരോഗവിഭാഗം, ജനറൽ സർജറി, ഇഎൻടി എന്നിവ മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനായാണ് തീരുമാനമെടുത്തിരിക്കുന്നത്.
എല്ലാ വിഭാഗം ഒപിയും ജനറൽ ആശുപത്രിയിൽ തുടരും. ഒപിയിലെത്തുന്നവരിൽ കിടത്തി ചികിത്സ വേണ്ടവരെ കോന്നി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാനാണ് തീരുമാനം. അത്യാഹിത വിഭാഗത്തിൽ എത്തുന്നവരെയും ഇനി കോന്നിയിലേക്ക് മാറ്റും.
ഉത്തരവുകൾ വന്നില്ല, അവ്യക്തതകൾ ബാക്കി
ബി ആൻഡ് സി ബ്ലോക്ക് നവീകരിക്കാൻ തീരുമാനമുണ്ടായിട്ടു വർഷങ്ങളായെങ്കിലും ഇതിലെ സംവിധാനങ്ങൾ മാറ്റുന്നതിലെ അവ്യക്തത തുടരുകയാണ്. ഇതേവരെ ഉത്തരവുകൾ വന്നിട്ടില്ലെങ്കിലും ആശുപത്രി അധികൃതർ ഇന്നലെ മുതൽ ബി ആൻഡ് സി ബ്ലോക്കിലെ സംവിധാനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.
2023 ഡിസംബറിൽ പഴയ അത്യാഹിത വിഭാഗം പൊളിച്ച് പണികൾ തുടങ്ങിയതോടെ ബി ആൻഡ് സി ബ്ലോക്കിന്റെ നില കൂടുതൽ പരുങ്ങലിലാകുകയായിരുന്നു. തുടർന്നാണ് അടിയന്തര നടപടിയെന്നോണം അറ്റകുറ്റപ്പണിക്കു തീരുമാനമുണ്ടായത്. എൻഎച്ച്എം മുഖേന 5.5 കോടിരൂപയും ലഭ്യമാക്കി. നേരത്തെ 2.5 കോടി രൂപയ്ക്ക് എസ്റ്റിമേറ്റെടുത്ത ജോലികൾക്കാണ് പൊടുന്നനെ തുക ഉയർന്നതെന്നതും ശ്രദ്ധേയമാണ്.
ആരോഗ്യവകുപ്പിനു കീഴിലുള്ള ജനറൽ ആശുപത്രിയിലെ സംവിധാനങ്ങൾ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കോന്നി മെഡിക്കൽ കോളജിലേക്കു മാറ്റുന്നതും സാങ്കേതിക പ്രശ്നങ്ങൾക്കു കാരണമായിട്ടുണ്ട്.
ഡോക്ടർമാരുടെ സംഘടനകൾ ആശുപത്രി മാറ്റത്തെ അംഗീകരിച്ചിട്ടില്ല. ഡോക്ടർമാരെയും ജീവനക്കാരെയും ഉൾപ്പെടെ മാറ്റണമെങ്കിൽ ഇത് സാങ്കേതിക കുരുക്കുകൾ വർധിപ്പിക്കും. ജനറൽ ആശുപത്രിയിൽ ഒപിയും തുടർചികിത്സ മെഡിക്കൽ കോളജിലുമെന്ന നിർദേശവും പ്രായോഗികമല്ലെന്ന് പറയുന്നു. ഇതിലെല്ലാം ഡോക്ടർമാർ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
17 കിലോമീറ്റർ അകലെ കോന്നി മെഡിക്കൽ കോളജിലേക്ക് തുടർചികിത്സയ്ക്ക് ആളുകളെ എങ്ങനെ എത്തിക്കുമെന്നും വ്യക്തമല്ല. ഒപിയിലെത്തുന്നവരിൽ കിടത്തിച്ചികിത്സ വേണ്ടവരെ മെഡിക്കൽ കോളജിലെത്തിക്കാൻ വാഹനസൗകര്യം ഏർപ്പെടുത്തുമെന്ന നിർദേശം പ്രാവർത്തികമാക്കുന്നതു സംബന്ധിച്ചും തീരുമാനമുണ്ടായിട്ടില്ല. ഒപി ഇവിടെ തുടരുന്ന സാഹചര്യത്തിൽ തുടർചികിത്സ വേണ്ടവരെ പരിശോധിക്കാനും ശസ്ത്രക്രിയകൾക്കും ജനറൽ ആശുപത്രി ഡ്യൂട്ടിയിലുള്ള ഡോക്ടർമാരെയും ജീവനക്കാരെയും മെഡിക്കൽ കോളജിലേക്ക് എത്തിക്കാനും ക്രമീകരണം വേണ്ടിവരും.
സാധനങ്ങൾ താഴെയിറക്കാൻ എൻഎച്ച്എം ഫണ്ട്
ജനറൽ ആശുപത്രി ബി ആൻഡ് സി ബ്ലോക്കിലെ ശസ്ത്രക്രിയാ ഉപകരണങ്ങളടക്കം താഴെ എത്തിക്കുന്നത് എൻഎച്ച്എം ഫണ്ടുപയോഗിച്ച്. ഇതുമായി ബന്ധപ്പെട്ട അനുമതി എൻഎച്ച്എമ്മിൽനിന്നു ലഭിക്കാൻ വൈകിയതോടെയാണ് നടപടിക്രമങ്ങൾ വൈകിയത്. എട്ടു ലക്ഷം രൂപയാണ് എൻഎച്ച്എം ഇതിനായി നൽകുന്നത്.
എച്ച്എംസി യോഗം കൂടി തീരുമാനങ്ങളെടുക്കാനായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട അവ്യക്തതകൾ തുടരുന്നതിനിടെ 21 മുതൽ അറ്റകുറ്റപ്പണികൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് കരാറുകാർ. ഉത്തരവിറങ്ങിക്കഴിഞ്ഞാൽ എച്ച്എംസി കൂടി തീരുമാനമെടുക്കേണ്ടതുണ്ട്.
District News
പത്തനംതിട്ട: നീലിപിലാവ് ഗവ. എൽപി സ്കൂൾ , കട്ടച്ചിറ ഗവ. ട്രൈബൽ ഹൈസ്കൂൾ എന്നിവിടങ്ങളിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ പാമ്പുകളുടെ സാന്നിധ്യ പരിശോധനയും വിദ്യാർഥികൾക്കും അധ്യാപകർക്കും ബോധവത്കരണ ക്ലാസുകളും നടത്തി.
പാമ്പ് കടിയേറ്റാൽ എടുക്കേണ്ട അടിയന്തര നടപടി, ആന്റിവനം ലഭ്യമായ ആശുപത്രികളുടെ വിവരങ്ങൾ തുടങ്ങിയ വിഷയങ്ങൾ ക്ലാസിൽ ഉൾപ്പെടുത്തി. വനം വകുപ്പ് വികസിപ്പിച്ച മൊബൈൽ ആപ്പ് ആയ സർപ്പയുടെ പ്രവർത്തനം വിദ്യാർഥികൾക്കും അധ്യാപകർക്കും പരിചയപ്പെടുത്തി. കേരളത്തിൽ ആന്റിവനം ലഭ്യമായ ആശുപത്രികളുടെ വിവരങ്ങൾ, അംഗീകൃത പാന്പു പിടിത്തക്കാരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എന്നിവ സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർക്ക് കൈമാറി.
പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ ജെ. മുഹമ്മദ് സാബീർ, റാന്നി ആർആർടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി. കൃഷ്ണകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.കെ. കൃഷ്ണകുമാർ, ബീറ്റ്ഫോറസ്റ്റ് ഓഫീസർമാരായ സതീഷ് കുമാർ, സോളമൻ ജോർജ് എന്നിവർ പങ്കെടുത്തു.
പാമ്പ് വിഷബാധയേ തുടർന്ന് ഉണ്ടാകുന്ന ജീവഹാനി പൂർണമായി ഒഴിവാക്കുകയെന്നതാണ് പരിപാടിയുടെ മുഖ്യലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
District News
പത്തനംതിട്ട: ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും സംയുക്ത പരിശോധനയില്‍ ജില്ലയിലെ 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 10 ആരോഗ്യ ബ്ലോക്കുകളിലായി 168 സ്ഥാപനങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരേ ലംഘനത്തിന്റെ ഗൗരവമനുസരിച്ച് ബോധവത്കരണം, അടച്ചുപൂട്ടുന്നത് ഉള്‍പ്പടെയുളള കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാ കുമാരി അറിയിച്ചു.
ഭക്ഷണ ശാലകള്‍, ബേക്കറികള്‍, മറ്റ് ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജീവനക്കാര്‍ വ്യക്തിശുചിത്വവും, പരിസരശുചിത്വവും പാലിക്കണം. അംഗീകാരമുളള ഡോക്ടര്‍ നേരിട്ടുകണ്ട് പരിശോധന നടത്തി നല്കുന്ന ഹെല്‍ത്ത് കാര്‍ഡുകള്‍ മാത്രമേ പരിഗണിക്കുകയുളളൂ.
ചാത്തങ്കരിയില്‍ അടുക്കള വൃത്തിയായി സൂക്ഷിക്കാത്ത സ്ഥാപനം താത്കാലികമായി അടച്ചു. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത 14 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 2800 രൂപ പിഴ ഈടാക്കുകയും ചെയ്തു.
നോട്ടീസ് കാലാവധിക്കുളളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാത്ത പക്ഷം കര്‍ശന നടപടി സ്വീകരിക്കും. ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളുടേയും പരിധിയിലുള്ള കടകളിലും സ്ഥാപനങ്ങളിലും നിയമാനുസൃത പരിശോധന തുടര്‍ച്ചയായി നടത്തുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.