കൊല്ലം: കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ ആഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ നഴ്സിംഗ് ഓഫീസർക്കും പോലീസിനും ഗുരുതര വീഴ്ചയെന്ന് ആശുപത്രി അധികൃതർ.
ആഭരണങ്ങൾ സൂക്ഷിക്കുന്നതിൽ നഴ്സിനും ഇത് ഏറ്റെടുക്കുന്നതിൽ പോലീസിനും വീഴ്ച്ച പറ്റിയെന്നാണ് പുനലൂർ താലൂക്ക് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
കഴിഞ്ഞ മാസം 22നാണ് ഡിഎംകെ വനിതാ വിഭാഗം കൊല്ലം ജില്ലാ സെക്രട്ടറി ശാലിനി കൊല്ലപ്പെടുന്നത്. സ്വർണഭരണങ്ങൾ നഴ്സിംഗ് ഓഫീസർ വച്ചത് കുത്തിവയ്പ്പ് മുറിയിലെ അലമാരയിലാണ്. ആശുപത്രി ഓഫീസിലെ ലോക്കറിലാണ് സ്വർണഭരണങ്ങൾ വയ്ക്കേണ്ടിയിരുന്നത്.
അന്ന് തന്നെ പോലീസിനോട് സ്വർണഭരണങ്ങൾ കൊണ്ട് പോകാൻ ആവശ്യപ്പെട്ടിട്ടും തയാറായില്ല. ഈ മാസം എട്ടിന് പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ആഭരങ്ങൾ കാണിച്ചിരുന്നു. അന്നും പോലീസ് ആഭരങ്ങൾ ഏറ്റുവാങ്ങിയില്ല. പിന്നീട് 11 ന് ശാലിനിയുടെ അമ്മ എത്തിയപ്പോഴാണ് സ്വർണഭരണങ്ങൾ മോഷണം പോയ വിവരം അറിയുന്നത്.
ഈ മാസം എട്ടിനും 11 നും ഇടയിലാണ് മോഷണം നടന്നിരിക്കുന്നത്. ഈ ദിവസങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ടെന്ന് പുനലൂർ താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൽ നഴ്സിംഗ് ഓഫീസർക്ക് ആശുപത്രി സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ആശുപത്രി നഴ്സിംഗ് വിഭാഗത്തിന്റെ പരാതിയിൽ പുനലൂർ പോലീസ് കേസെടുത്തു.
ശാലിനിയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റും മുൻപ് മൃതദേഹത്തിലെ ആഭരണങ്ങൾ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരി അവിടെയുള്ള അലമാരയില്‍ വച്ചു.
ഒരു ജോഡി പാദസരം, കമ്മൽ, രണ്ട് മോതിരം, ഒരു വള എന്നിവ ഉൾപ്പെടെ 20 ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണിവ. സ്വർണം കൈപ്പറ്റാൻ ശാലിനിയുടെ അമ്മ ലീല മൂന്ന് ദിവസം മുൻപ് ആശുപത്രിയിൽ എത്തിയപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയെന്നും പോലീസിൽ പരാതി നൽകിയെന്നും അധികൃതർ അറിയിക്കുന്നത്.
രണ്ടാഴ്ച മുൻപും ആഭരണങ്ങൾ ഏറ്റുവാങ്ങാനായി ലീലാമ്മ ആശുപത്രിയിൽ എത്തിയിരുന്നു. അലമാരയിൽ പൂട്ടി വെച്ചിരിക്കുകയാണെന്നും താക്കോൽ മറ്റൊരാളുടെ കൈയിൽ ആണെന്നുമാണ് നഴ്സുമാർ അന്ന് പറഞ്ഞത്.
ഈ മാസം എട്ടിനും 11നും ഇടയില്‍ മോഷണം നടന്നെന്നാണ് നഴ്സിംഗ് വിഭാഗത്തിലെ ജീവനക്കാരി സ്റ്റേഷനിൽ നല്കിയ പരാതിയിൽ പറയുന്നത്. പുനലൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.