എരമം-കുറ്റൂർ
ഗ്രാമപഞ്ചായത്ത്
എരമം, കുറ്റൂർ, വെള്ളോറ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിന് 75.14 ചതുരശ്രകിലോമീറ്റർ വിസ്തീർണമുണ്ട്. നിലവിൽ 8231 കുടുംബങ്ങളിലായി ആകെ ജനസംഖ്യ 32106 ആണ്.
1955 ഏപ്രിലിൽ നിലവിൽ വന്ന കുറ്റൂർ വില്ലേജ് പഞ്ചായത്തും 1956 ഏപ്രിലിൽ നിലവിൽ വന്ന എരമം വില്ലേജ് പഞ്ചായത്തും സംയോജിപ്പിച്ച് 1962 ജനുവരിയിലാണ് ഇന്നത്തെ എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത് രൂപം കൊള്ളുന്നത്. അന്നുമുതൽ ഇടതിനൊപ്പമാണ് പഞ്ചായത്ത് ഭരണസമിതി നിലകൊള്ളുന്നത്. പുനർവിഭജനത്തിന് ശേഷം വാർഡുകളുടെ എണ്ണം 19 തായി.
നേട്ടങ്ങൾ
ടി. ആർ. രാമചന്ദ്രൻ (പ്രസിഡന്റ്)
രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കാർഷിക മേഖലയിൽ ജലസേചനത്തിനുമായി 12 തടയണകൾ സ്ഥാപിച്ചു. ഇതിന് പുറമേ എട്ടു തടയണകളുടെ ടെൻഡർ നടപടികൾ പൂർത്തിയായി. കൂടാതെ അഞ്ചു തടയണകൾക്ക് തുക വകയിരുത്തിയിട്ടുണ്ട്.
കന്നുകുട്ടി പരിപാലനം, കാലിത്തീറ്റ വിതരണം, ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി, മൃഗാശുപത്രിയിലേക്ക് മരുന്നുവാങ്ങൽ, മുട്ടക്കോഴി വിതരണം, ധാതുലവണ മിശ്രിത വിതരണം എന്നിവയ്ക്കായി 1,33,70,939 രൂപ ക്ഷീരമേഖലയിലും മൃഗസംരക്ഷണ മേഖലയിലും ചെലവഴിച്ച് കർഷകർക്ക് സാമ്പത്തീക നേട്ടംകൈവരിക്കാനും കഴിഞ്ഞു.
ആരോഗ്യമേഖലയിൽ 2,09,63,715 രൂപ വിനിയോഗിച്ച് വിവിധ പദ്ധതികൾ പൂർത്തീകരിച്ചു.
ശുചിത്വ മേഖലയിൽ 95 പുതിയ മിനി എംസിഎഫുകൾ സ്ഥാപിച്ചു. ശുചിത്വ മേഖലയിലെ പ്രവർത്തനങ്ങൾക്ക് 2,45,20,095 രൂപയുടെ പദ്ധതി നടപ്പിലാക്കുവാൻ കഴിഞ്ഞു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ 47 ലക്ഷം രൂപ വിനിയോഗിച്ച് പുതുതായി തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള ലൈൻ വലിച്ചിട്ടുണ്ട്.
ജൽജീവൻ മിഷന്റെ പദ്ധതി പഞ്ചായത്തിൽ നടപ്പിലാക്കി വരുന്നു. ഇതിന്റെ പൂർത്തീകരണത്തോടെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള കഠിനപ്രയത്നത്തിലാണ് പഞ്ചായത്ത് ഭരണസമിതി.
മാതമംഗലത്ത് സ്ത്രി സൗഹൃദ ബസ് കാത്തിരിപ്പ് കേന്ദ്രം ഒരുക്കി.
ജല സംരക്ഷണം ലക്ഷ്യമിട്ട് സമഗ്രമായ ജല ബജറ്റ് തയാറാക്കിയിട്ടുണ്ട്. ഇത് ഭാവിയിൽ ഏറെ പ്രയോജനകരമായിരിക്കും.
കോട്ടങ്ങൾ
ശ്രീധരൻ ആലന്തട്ട
(യുഡിഎഫ് ചെയർമാൻ)
കാർഷിക മേഖലയുടെ നടുവൊടിഞ്ഞു. ലക്ഷങ്ങൾ മുടക്കി വാങ്ങിയ ആധുനിക കാർഷിക മിഷനറികൾ എല്ലാം ഇന്ന് ഉപയോഗശൂന്യമായിരിക്കുകയാണ്.
91 കോടി രൂപ ചെലവഴിച്ച് നടത്തുന്ന കേന്ദ്ര പദ്ധതിയായ ജൽ ജീവ മിഷൻ നടത്തിപ്പിൽ നിരുത്തരവാദപരമായ സമീപനമാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്നു ഉണ്ടാകുന്നത്.
മൃഗാശുപത്രിയിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമല്ല.
ആരോഗ്യരംഗത്ത് പരിതാപകരമായ അവസ്ഥയാണ് കഴിഞ്ഞ കാലങ്ങളിലും ഉണ്ടായത്. പഞ്ചായത്തിലെ കുറ്റൂർ ഹെൽത്ത് സെന്ററിൽ രോഗികളുടെ എണ്ണം കൂടുന്നതല്ലാതെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ഡോക്ടർമാരും ഇല്ലാത്തതും കൃത്യമായി ലാബ് സൗകര്യം ഇല്ലാത്തതും ഏറെ പ്രയാസകരമാണ്.
ശുചിത്വ മേഖലയും കാര്യക്ഷമമല്ല.
അങ്കണവാടികൾ കുടിവെള്ളത്തിന് സ്വകാര്യവ്യക്തികളുടെ കിണറുകളെ ആശ്രയിക്കേണ്ടി വരുന്നു.
തൊഴിലുറപ്പ് പദ്ധതിയിൽ വലിയ ക്രമക്കേടുകൾ സംഭവിച്ചു.
ഗ്രാമീണപഞ്ചായത്ത് റോഡുകൾ തകർന്നു കിടക്കുകയാണ്.
രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ഇടപെടലിലൂടെ ലഭിച്ച പാണപ്പുഴ -കാര്യപ്പള്ളി 10 കിലോമീറ്റർ റോഡ് പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയും നടത്തിപ്പിലെ വീഴ്ചയും മൂലം കാൽനടയാത്ര പോലും ദുഷ്കരമാക്കിയിരിക്കുകയാണ്.
സ്ഥലം എംപി അനുവദിച്ച എരമം, മുതുവാട്ട് കാവ്,കുറ്റൂർ പള്ളിമുക്ക്, മാതമംഗലം ടൗൺ എന്നിവിടങ്ങളിൽ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ രാഷ്ട്രീയ വിരോധം മൂലം ഏറ്റെടുത്തില്ല.
മാതമംഗലത്ത് ബസ്റ്റാൻഡ് ഉദ്ഘാടനം ചെയ്ത് വർഷങ്ങളായെങ്കിലും ബസ് കയറുന്നതിനോ സ്റ്റാൻഡായ് മാറ്റുന്നതിനോ നടപടി എടുക്കാൻ പഞ്ചായത്തിന് സാധിച്ചില്ല.