പയ്യന്നൂര്‍: ബിജെപി മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറിയും നിലവിലെ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ അരവഞ്ചാലിലെ വ്യാപാരി പനയന്തട്ട തന്പാൻ എന്ന തമ്പാന് തവിടിശേരി (56) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിൽ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കരിച്ചു.
ഇന്നലെ പുലര്‍ച്ചെ നാലോടെ ഒളവറ പാലത്തിനും കൊറ്റി റെയില്‍വേ മേല്പ്പാലത്തിനുമിടയിലാണ് സംഭവം. മംഗലാപുരത്തേക്ക് പോയ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിന്‍ തട്ടി മരിച്ചതായാണ് കരുതുന്നത്. ഇന്നലെ രാവിലെയാണ് റെയില്‍ പാളത്തിനരികില്‍ മൃതദേഹം കണ്ടെത്തിയത്. ഇതുമൂലം പിന്നീടെത്തിയ ട്രെയിനുകളെല്ലാം താമസിച്ചാണ് ഓടിയത്.
ബിജെപി പെരിങ്ങോം മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്നു. ഒരുമാസം മുമ്പാണ് ബിജെപിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമായത്. എന്നാല്‍ ഈ പദവിയേറ്റെടുക്കാന് മടിച്ചിരുന്നതായും സോഷ്യല്‍ മീഡിയകളില്‍ സജീവമായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം എല്ലാ സംഘടനാ ഗ്രൂപ്പുകളില്‍നിന്നും ഒഴിവായതായും പറയുന്നു. ഭാര്യ: ശ്യാമള. മക്കൾ: ശ്വേത, കൃഷ്ണ, മൃദുൽ ലാൽ. മരുമക്കൾ: ബിജേഷ് (പരിയാരം), നവീൻ (ചട്ട്യോൾ). സഹോദരങ്ങൾ: ബാലകൃഷ്ണൻ (ചീമേനി), നിഷ (ചന്തപുര), അനിൽ (ചീമേനി).
Tags : BJP leader Train hit