ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം നവംബർ 10, 11, 12 തീയതികളിൽ നടക്കും. 12നാണ് പ്രസിദ്ധമായ മണ്ണാറശാല ആയില്യം. കാവിലെ പൂജകൾ നവംബർ 4ന് ആരംഭിക്കുമെന്ന് മണ്ണാറശാല കുടുംബാംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
4 മുതൽ എരിങ്ങാടപ്പള്ളി, ആലക്കോട്ട് കാവ്, പാളപ്പെട്ടക്കാവ് എന്നീ കാവുകൾ ഉൾപ്പെടെയുള്ള അനുബന്ധ കാവുകളിൽ പൂജകൾ നടക്കും. പുണർതത്തോടെ ഇവ പൂർത്തിയാകും. രോഹിണി മുതൽ പുണർതം നാൾ വരെ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും മുഴുക്കാപ്പ് ചാർത്തും.
തിരുവാതിര നാളിൽ നാഗരാജ സ്വാമിക്ക് ഏകാദശ രുദ്രാഭിഷേകവും ഇല്ലത്ത് നിലവറയ്ക്കു സമീപം സർപ്പം പാട്ടുതറയിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ കലശാഭിഷേകം നടക്കും. വൈകിട്ട് കളമെഴുത്തും പാട്ടും ഉണ്ടാകും. രാവിലെ 6നും 10നും മധ്യേകലശപൂജയും, അഭിഷേകവും. വൈകിട്ട് 6.30ന് കളമെഴുതി പുള്ളുവൻപാട്ടും നടക്കും. പുണർതം നാളായ 10നാണ് ആയില്യ മഹോത്സവം ആരംഭം. അന്ന് വൈകിട്ട് 5ന് മഹാദീപക്കാഴ്ച നടക്കും.
കുടുംബ കാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരി തിരിതെളിക്കും. വൈകിട്ട് 7.30ന് ചലച്ചിത്രതാരം നവ്യ നായർ അവതരിപ്പിക്കുന്ന നടനാഞ്ജലി.
പൂയം നാളായ 11ന് രാവിലെ എട്ടിന് തിരൂർ പവിത്രനാദത്തിന്റെ ഇടയ്ക്കധ്വനി. 9.30ന് നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി ചതുശ്ശത നിവേദ്യത്തോടെ അമ്മയുടെ കാർമ്മികത്വത്തിൽ ഉച്ചപൂജ, 9ന് ഓട്ടൻതുള്ളൽ, 10.30ന് സംഗീത സമന്വയം. 11ന് ക്ഷേത്രത്തിന്റെ തെക്കേനടയിലെ മണ്ണാറശാല യുപി സ്കൂളിൽ പ്രസാദമൂട്ട്, ഉച്ചയ്ക്ക് 1ന് കഥാപ്രസംഗം. 3ന് സംഗീതക്കച്ചേരി, വൈകിട്ട് 5ന് പെരുവനം പ്രകാശൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം. 6.30ന് ഡോ. മൈസൂർ നാഗരാജ്, ഡോ. മൈസൂർ മഞ്ജുനാഥ് എന്നിവരുടെ വയലിൻ ഡ്യുയറ്റ്. വൈകിട്ട് 5 മുതൽ പൂയം തൊഴൽ, 7ന് പൂയം തൊഴലിന്റെ ഭാഗമായി ഇളമുറയിൽപ്പെട്ട അന്തർജനങ്ങൾക്കൊപ്പം അമ്മയുടെ ആചാരപരമായ ക്ഷേത്രദർശനം, രാത്രി 9.30ന് കഥകളി.
ആയില്യം നാളായ 12ന് പുലർച്ചെ 4ന് നടതുറക്കും. എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകൾ നടക്കും.
രാവിലെ 10 മുതൽ മഹാപ്രസാദമൂട്ട്, 11.30ന് കേരള കാളിദാസ സാംസ്കാരിക വേദിയും, സർഗചൈതന്യ റൈറ്റേഴ്സ് ഫോറവും അവതരിപ്പക്കുന്ന കവിയരങ്ങ്, 2.30ന് പാഠകം, 1.30ന് അക്ഷരശ്ലോക സദസ്, ഉച്ചയ്ക്ക് 2.30ന് ചാക്യാർകൂത്ത്, വൈകിട്ട് 4ന് ഭജൻസ്, 5.30ന് തിരുവാതിര, 6.30ന് ഉണ്ണിമായ മേനോന്റെ മോഹിനിയാട്ടം, 7.30ന് തിരുവാതിര, 8.30ന് നൃത്തനൃത്യങ്ങൾ, 9.30ന് പുരാണ നൃത്തനാടകം നാഗദിഗംബരി എന്നിവ നടക്കും. വാർത്താ സമ്മേളനത്തിൽ എസ്. നാഗദാസ്, എൻ. ജയദേവൻ എന്നിവർ പങ്കെടുത്തു.
Tags : Mannarashala nattuvisesham local news